ad
Deshabhimani

print edition ത്രില്ലറിൽ കാലിക്കറ്റ്‌

kcl
വെബ് ഡെസ്ക്

Published on Sep 04, 2026, 01:30 AM | 1 min read

തിരുവനന്തപുരം : ആവേശപ്പോരിൽ ട്രിവാൻഡ്രം റോയൽസിനെ ഏഴ്‌ റണ്ണിന്‌ തോൽപ്പിച്ച്‌ കാലിക്കറ്റ്‌ ഗ്ലോബ്‌സ്‌റ്റാർസ്‌ കേരള ക്രിക്കറ്റ്‌ ലീഗിന്റെ സെമിയിൽ കടന്നു. ഇതോടെ സെമി ലൈനപ്പ്‌ പ‍ൂർത്തിയായി. ട്രിവാൻഡ്രം, തൃശൂർ ടൈറ്റൻസ്‌, ആലപ്പി റിപ്പിൾസ്‌ ടീമുകൾ സെമി ഉറപ്പാക്കിയിരുന്നു. കാലിക്കറ്റ്‌ നാലാം സ്ഥാനക്കാരായി മുന്നേറിയതോടെ എരീസ്‌ കൊല്ലം സെയ്‌ലേഴ്സ്‌ പുറത്തായി. കൊച്ചി ബ്ലൂ ടൈഗേഴ്‌സ്‌ അവസാന സ്ഥാനക്കാരായി മടങ്ങി.


സ്‌കോർ: കാലിക്കറ്റ്‌ 184/6; ട്രിവാൻഡ്രം 177 (19.3). സെമിയിൽ കടക്കാൻ ജയം അനിവാര്യമായിരുന്ന കാലിക്കറ്റ്‌ അവസാന ഓവറിലാണ്‌ ജയം പിടിച്ചത്‌. അവസാന ഓവറിൽ ഒരു വിക്കറ്റ്‌ ശേഷിക്കെ ഒന്പത്‌ റണ്ണായിരുന്നു ട്രിവാൻഡ്രത്തിന്‌ വേണ്ടിയിരുന്നത്‌. എന്നാൽ മൂന്നാം പന്തിൽ വി അജിതിനെ ഇബ്‌നുൽ അഫ്‌താബ്‌ പുറത്താക്കിയതോടെ മത്സരം കാലിക്കറ്റ്‌ സ്വന്തം പേരിലാക്കി. കാലിക്കറ്റ്‌ ഉയർത്തിയ 185 റൺ ലക്ഷ്യംപിന്തുടർന്ന ട്രിവാൻഡ്രത്തിനായി 62 പന്തിൽ 118 റണ്ണെടുത്ത വിഷ്‌ണു വിനോദ്‌ മാത്രം പൊരുതി. അഞ്ച്‌ വിക്കറ്റെടുത്ത കാലിക്കറ്റ്‌ സ്‌പിന്നർ വിഘ്‌നേഷ്‌ പുത്തൂരാണ്‌ മാൻ ഓഫ്‌ ദി മാച്ച്‌. രണ്ടോവർ ശേഷിക്കെ 20 റണ്ണായിരുന്നു ട്രിവാൻഡ്രത്തിന്‌ വേണ്ടിയിരുന്നത്‌. 19–ാം ഓവറിൽ അഖിൽ സ്‌കറിയ വിഷ്‌ണുവിനെ പുറത്താക്കിയതോടെ കളിയുടെ ഗതി മാറി. എട്ട്‌ സിക്‌സറും പത്ത്‌ ഫോറും പറത്തിയ വിഷ്‌ണു മടങ്ങിയത്‌ ട്രിവാൻഡ്രത്തിന്റെ താളം തെറ്റിച്ചു. നാലോവറിൽ 13 റൺ മാത്രം വഴങ്ങിയാണ്‌ വിഘ്‌നേഷ്‌ അഞ്ച്‌ വിക്കറ്റെടുത്തത്‌.


ആദ്യം ബാറ്റ്‌ ചെയ്‌ത കാലിക്കറ്റിനായി 20 പന്തിൽ 35 റണ്ണെടുത്ത ക്യാപ്‌റ്റൻ രോഹൻ കുന്നുമ്മൽ ടോപ്‌ സ്‌കോററായി. സൽമാൻ നിസാർ 25 പന്തിൽ 31 റണ്ണുമായി പുറത്താകാതെനിന്നു. ജോസ്‌ പേരയിൽ 15 പന്തിൽ 31 റണ്ണടിച്ചു. അവസാന മത്സരത്തിൽ തൃശൂർ ടെെറ്റൻസിനെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ച് ആലപ്പി റിപ്പിൾസ് ഒന്നാം സ്ഥാനക്കാരായി. തൃശൂർ ഉയർത്തിയ 141 റൺ ലക്ഷ്യം ഏഴ് പന്ത് ശേഷിക്കെ ആലപ്പി മറികടന്നു. സ്-കോർ: തൃശൂർ 140 (19.5); ആലപ്പി 142/7 (18.5).



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home