മഗ്രാത്തിനെയും പിന്നിലാക്കി ബുമ്ര; ചരിത്ര നേട്ടവുമായി ഇന്ത്യൻ പേസർ

പ്രതീകാത്മക ചിത്രം
മുംബൈ : ട്വന്റി 20 ലോകകപ്പ് ഫൈനലിന് മുന്നോടിയായി പുതിയ ചരിത്രം കുറിച്ച് ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര. അന്താരാഷ്ട്ര ക്രിക്കറ്റിൽ 21ൽ താഴെ ശരാശരിയോടെ 500 വിക്കറ്റ് നേടുന്ന ആദ്യ ബൗളറെന്ന നേട്ടമാണ് സ്വന്തമാക്കിയത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ–ഇംഗ്ലണ്ട് രണ്ടാം സെമിഫൈനലിലാണ് ഈ സുവർണ്ണ നേട്ടം പിറന്നത്.
മത്സരത്തിലെ ആദ്യ ഓവറിലെ ആദ്യ പന്തിൽ തന്നെ ഇംഗ്ലണ്ട് നായകൻ ഹാരി ബ്രൂക്കിനെ പുറത്താക്കിയാണ് ബുമ്ര 500-ാം വിക്കറ്റ് ക്ലബ്ബിൽ ഇടംപിടിച്ചത്. 20.62 എന്ന തകർപ്പൻ ശരാശരിയിലാണ് ബുമ്ര നേട്ടം കൈവരിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇതുവരെ 42 ബൗളർമാർ 500 വിക്കറ്റ് കടന്നിട്ടുണ്ടെങ്കിലും 21ൽ താഴെ ശരാശരി ഉള്ള ഏക താരം ബുമ്രയാണ്. 21.76 ശരാശരിയോടെ 949 വിക്കറ്റുകൾ നേടിയ ഓസ്‌ട്രേലിയൻ ഇതിഹാസം ഗ്ലെൻ മഗ്രാത്തിന്റെ റെക്കോർഡാണ് 500 വിക്കറ്റ് തികച്ചതോടെ ബുമ്ര മറികടന്നത്.
ഇന്ത്യയ്ക്കായി കളിച്ച 235 മത്സരങ്ങളിൽ നിന്ന് ബുമ്ര 500 വിക്കറ്റുകൾ നേടി. ടെസ്റ്റിൽ 234, ഏകദിനത്തിൽ 149, ടി20യിൽ 117 എന്നിങ്ങനെയാണ് വിക്കറ്റ് നേട്ടം. ട്വന്റി20 ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറെന്ന ബഹുമതിയും ബുമ്രയ്ക്കാണ്. ഈ ലോകകപ്പിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഫൈനലിലും ബുമ്രയുടെ മിന്നും പ്രകടനത്തിലാണ് ഇന്ത്യയുടെ കിരീട പ്രതീക്ഷകൾ.
2016-ൽ ഓസ്‌ട്രേലിയക്കെതിരായ ഏകദിന മത്സരത്തിലൂടെയാണ് ബുമ്ര അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് എത്തുന്നത്. മുംബൈ ഇന്ത്യൻസിന് വേണ്ടി ഐപിഎല്ലിൽ നടത്തിയ മികച്ച പ്രകടനമാണ് താരത്തിനെ ഇന്ത്യൻ ടീമിൽ എത്തിച്ചത്. വ്യത്യസ്തമായ 'ഹൈ-ആം ആക്ഷനും' കൃത്യതയാർന്ന യോർക്കറുകളും ബുമ്രയെ ലോകത്തിലെ ഏറ്റവും മികച്ച ഡെത്ത് ഓവർ ബൗളറാക്കി മാറ്റി. ഐസിസി റാങ്കിംഗിൽ ടെസ്റ്റ്, ഏകദിനം, ടി20 എന്നീ മൂന്ന് ഫോർമാറ്റുകളിലും ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യൻ പേസർ എന്ന റെക്കോർഡും ബുമ്രയുടെ പേരിലുണ്ട്.










0 comments