ad
Deshabhimani

ബുംറയ്ക്കും ബോൾട്ടിനും എന്തുപറ്റി? വിക്കറ്റില്ലാതെ വലഞ്ഞ് മുംബൈയുടെ കുന്തമുനകൾ

BUHMRAH AND BOULT

Photo Credit |PTI

വെബ് ഡെസ്ക്

Published on Apr 12, 2026, 11:45 AM | 1 min read

മുംബൈ: ഐപിഎല്ലിൽ തുടർച്ചയായ തോൽവികൾക്ക് പിന്നാലെ മുംബൈ ഇന്ത്യൻസിനെ ബൗളിങ്ങ് പ്രതിസന്ധി രൂക്ഷമായി വേട്ടയാടുന്നു. ടീമിലെ മുൻനിര പേസർമാരായ ജസ്പ്രീത് ബുംറയ്ക്കും ട്രെന്റ് ബോൾട്ടിനും ഈ സീസണിൽ ഇതുവരെ ഒരു വിക്കറ്റ് പോലും വീഴ്ത്താൻ സാധിച്ചിട്ടില്ല എന്നത് ആരാധകരെയും മാനേജ്‌മെന്റിനെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നു.


നിലവിൽ പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മുംബൈയ്ക്ക്, വിക്കറ്റ് വീഴ്ത്താൻ കഴിയാത്ത പ്രമുഖ ബൗളർമാരുടെ പ്രകടനം വലിയ തിരിച്ചടിയാണ് നൽകുന്നത്.


പുതിയ പന്തിൽ വിക്കറ്റുകൾ വീഴ്ത്തുന്നതിൽ പേരെടുത്ത ട്രെന്റ് ബോൾട്ട് ഈ സീസണിൽ തീർത്തും മങ്ങിയ പ്രകടനമാണ് കാഴ്ചവെക്കുന്നത്. 2026-ൽ ഇതുവരെ കളിച്ച ഒമ്പത് ടി20 മത്സരങ്ങളിൽ നിന്നായി പവർപ്ലേ ഓവറുകളിൽ വെറും രണ്ട് വിക്കറ്റുകൾ മാത്രമാണ് ബോൾട്ടിന് നേടാനായത്.


കൃത്യതയും വേഗതയും കണ്ടെത്താൻ താരം ബുദ്ധിമുട്ടുന്നതാണ് മുംബൈയുടെ തുടക്കത്തിലെ പ്ലാനുകൾ പാളാൻ കാരണമാകുന്നത്. സഹ ബൗളർമാരായ ദീപക് ചാഹറും ഷാർദുൽ താക്കൂറും നിരവധി റൺസ് വിട്ടുകൊടുക്കുന്നതിനാൽ ബുമ്രയ്ക്ക് മേലുള്ള സമ്മർദ്ദം വർധിക്കുന്നു.


ബുംറയുടെ വിക്കറ്റില്ലായ്മയെക്കുറിച്ച് ബാറ്റിങ്ങ് പരിശീലകൻ കീറോൺ പൊള്ളാർഡ് ശനിയാഴ്ച പ്രതികരിക്കുകയുണ്ടായി. ബുംറ ഒരു ലോകോത്തര ബൗളറാണെന്നും വിക്കറ്റുകൾ ലഭിക്കുന്നില്ലെങ്കിലും അദ്ദേഹം റൺസ് നിയന്ത്രിക്കുന്നതിൽ വിജയിക്കുന്നുണ്ടെന്നും പൊള്ളാർഡ് പറഞ്ഞു.


ആധുനിക ടി20 ക്രിക്കറ്റിൽ സ്കോറുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രതിരോധവും ഒരു തന്ത്രമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബുംറയുടെ ബൗളിങ്ങ് വേഗതയിൽ നേരിയ കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും താരം പൂർണ്ണ കായികക്ഷമതയിലാണെന്നും ഉടൻ തന്നെ ഫോമിലേക്ക് തിരിച്ചെത്തുമെന്നും ടീം മാനേജ്‌മെന്റ് വിശ്വസിക്കുന്നു.


ഇന്ന് വാംഖഡെ സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ ഇറങ്ങുമ്പോൾ മുംബൈ ബൗളർമാർക്ക് കാര്യങ്ങൾ അത്ര എളുപ്പമാകില്ല. കരുത്തുറ്റ ബാറ്റിംഗ് നിരയുള്ള ആർസിബിക്കെതിരെ ബുംറയുടെ റെക്കോർഡുകൾ മികച്ചതാണെങ്കിലും കഴിഞ്ഞ വർഷം ഇതേ മൈതാനത്ത് അവർ 221 റൺസ് അടിച്ചുകൂട്ടിയത് മുംബൈ മറന്നിട്ടുണ്ടാകില്ല. വിക്കറ്റുകൾ വീഴ്ത്തുന്നതിനൊപ്പം ഇക്കോണമി റേറ്റ് കുറയ്ക്കാനും സാധിച്ചാൽ മാത്രമേ മുംബൈയ്ക്ക് വിജയവഴിയിലേക്ക് തിരിച്ചെത്താൻ സാധിക്കൂ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home