"ആരാണ് ഇവിടെ കളി വെച്ചത്? അൽപമെങ്കിലും നാണമുണ്ടോ?"; ബിസിസിഐക്ക് രൂക്ഷവിമർശനം

മാസ്ക് ധരിച്ച് പരിശീലനത്തിന് എത്തിയ ഹാർദിക് പാണ്ഡ്യ (ഇടത്), മഞ്ഞിൽ മൂടിയ ലഖ്നൗ സ്റ്റേഡിയം (വലത്)
മുംബൈ: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നാലാം ട്വന്റി20 ക്രിക്കറ്റ് മത്സരം ഒഴിവാക്കിയതിന് കായികപ്രേമികളെ നിരാശരാക്കിയിരിക്കുകയാണ്. ലഖ്നൗ സ്റ്റേഡിയത്തിൽ വായു മലിനീകരണവും മോശം കാഴ്ചപരിധിയും കാരണം ടോസ് പോലും ഇടാൻ കഴിയാതെയാണ് മത്സരം വേണ്ടെന്ന് വെച്ചത്. പലതവണ പിച്ച് പരിശോധിച്ച അമ്പയർമാർക്ക് കളി തുടങ്ങാനുള്ള സാഹചര്യം ഇല്ലെന്ന് വ്യക്തമായി. മലയാളിയായ കെ എൻ അനന്തപത്മനാഭനും രോഹൻ പണ്ഡിറ്റുമായിരുന്നു അമ്പയർമാർ.
മത്സരം ഉപേക്ഷിച്ചതിന് പിന്നാലെ ബിസിസിഐക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനമാണ് ഉയരുന്നത്. മത്സരനടത്തിപ്പിൽ ബിസിസിഐ വരുത്തിയ അനാസ്ഥയാണ് കളി മുടങ്ങാൻ കാരണമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. കടുത്ത മഞ്ഞുകാലത്ത് ഉത്തരേന്ത്യൻ നഗരങ്ങളിൽ മത്സരങ്ങൾ ക്രമീകരിച്ച ബിസിസിഐയുടെ തീരുമാനം അബദ്ധമായി. ന്യൂ ചണ്ഡീഗഡ്, ധർമശാല, ലഖ്നൗ, റാഞ്ചി, റായ്പൂർ, വിശാഖപട്ടണം, കട്ടക്ക്, അഹമ്മദാബാദ്, ഗുവാഹത്തി, കൊൽക്കത്ത എന്നീ നഗരങ്ങളിലായിരുന്നു നവംബർ മുതൽ ഡിസംബർ വരെയായി ദക്ഷിണാഫ്രിക്കൻ പര്യടനം ഷെഡ്യൂൾ ചെയ്തത്.
ലഖ്നൗവിലെ മഞ്ഞുമൂടിയ സ്റ്റേഡിയത്തിൽ സൂര്യകുമാർ യാദവ് (വലത്ത്)
ലഖ്‌നൗവിലെ വായു ഗുണനിലവാര സൂചിക 400ന് മുകളിലായിരുന്നു. ഹാർദിക് പാണ്ഡ്യ മാസ്ക് ധരിച്ചാണ് പരിശീലനത്തിന് എത്തിയത്. നേരത്തെ ധർമ്മശാലയിലെ തണുപ്പിനെക്കുറിച്ച് വരുൺ ചക്രവർത്തിയും ആശങ്ക പ്രകടിപ്പിച്ചിരുന്നു. മൂടൽമഞ്ഞ് ബാധിക്കാത്ത തിരുവനനന്തപുരം ഉൾപ്പെടെയുള്ള മറ്റ് വേദികളിലേക്ക് മത്സരം ബിസിസിഐക്ക് ക്രമീകരിക്കാമായിരുന്നുവെന്ന് ക്രിക്കറ്റ് പ്രേമികൾ ചൂണ്ടിക്കാട്ടുന്നു.
"മലിനീകരണം ഇത്രയും രൂക്ഷമായ സമയത്ത് ലഖ്‌നൗവിൽ മത്സരം വെച്ചത് എന്തിനാണ്?", "ആരാണ് ഇവിടെ മത്സരംവെച്ചത്, ബിസിസിഐക്ക് അൽപമെങ്കിലും നാണമുണ്ടോ?", "ദക്ഷിണേന്ത്യയിലെ സ്റ്റേഡിയങ്ങളെ ഒഴിവാക്കിയത് എന്തിന്?" -ഇങ്ങനെ പോകുന്നു സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾ .
നാലാം മത്സരത്തിൽ ടോസ് ഇടേണ്ട സമയം വൈകീട്ട് ആറരയായിരുന്നു. കളി ഏഴ് മണിക്കുമാണ് നിശ്‌ചയിച്ചിരുന്നത്. ആറ് തവണ പരിശോധന നടത്തിയശേഷം രാത്രി 9.30ന് കളി ഉപേക്ഷിച്ചു. ലഖ്‌നൗ സ്‌റ്റേഡിയത്തിലെത്തിയ കാണികൾ നിരാശരായി മടങ്ങി. കാലിന് പരിക്കേറ്റ ശുഭ്‌മാൻ ഗില്ലിന് പകരം സഞ്‌ജു സാംസൺ കളിക്കുമെന്ന് സൂചനയുണ്ടായിരുന്നു.
അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയിൽ ഇന്ത്യ നിലവിൽ 2-1 എന്ന നിലയിൽ മുന്നിലാണ്. ഇനി നിർണ്ണായകമായ അഞ്ചാമത്തെയും അവസാനത്തെയും മത്സരം വെള്ളിയാഴ്ച അഹമ്മദാബാദിൽ നടക്കും.










0 comments