ശ്രീലങ്കൻ പര്യടനത്തിന് പിന്നാലെ ഫിറ്റ്നസ് ടെസ്റ്റ്; ബംഗളൂരുവിൽ വൻ താരനിര

ബംഗളൂരു: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര പൂർത്തിയാക്കി 48 മണിക്കൂറിനുള്ളിൽ ഇന്ത്യയുടെ കേന്ദ്ര കരാറുള്ള പ്രധാന താരങ്ങൾ ബംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസിൽ ഫിറ്റ്നസ് പരിശോധനയ്ക്കായി എത്തി. പുതിയ സീസണിന് മുന്നോടിയായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ബിസിസിഐ പരിശോധന നടത്തിയത്.
രവീന്ദ്ര ജഡേജ, റിഷഭ് പന്ത്, യശസ്വി ജയ്സ്വാൾ, ശ്രേയസ് അയ്യർ, റിങ്കു സിങ്, സഞ്ജു സാംസൺ, റുതുരാജ് ഗെയ്ക്‌വാദ് തുടങ്ങിയ താരങ്ങൾ പരിശോധനയിൽ പങ്കെടുത്തു. ബ്രോങ്കോ ടെസ്റ്റ്, 2 കിലോമീറ്റർ ഓട്ടം, യോ-യോ ടെസ്റ്റ്, ഉൾപ്പെടെയുള്ള ക്രിക്കറ്റ് സ്പെസിഫിക് ഡ്രില്ലുകളാണ് നടത്തിയത്.
ബ്രോങ്കോ ടെസ്റ്റിൽ അഞ്ച് സെറ്റുകളിലായി 1200 മീറ്റർ ഓട്ടം അഞ്ച് മിനിറ്റും 30 സെക്കൻഡും കൊണ്ട് പൂർത്തിയാക്കണം. യോ-യോ ടെസ്റ്റിന്റെ നിലവിലെ മാനദണ്ഡം 16.5 ആണ്. 2 കിലോമീറ്റർ ഓട്ടം 10 മിനിറ്റിനുള്ളിലും പൂർത്തിയാക്കണം.
പുനരധിവാസത്തിലിരിക്കുന്ന ജസ്പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ പൂർണ ഫിറ്റ്നസ് നേടിയ ശേഷമായിരിക്കും പരിശോധനയിൽ പങ്കെടുക്കുക.
ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റുകളിൽ തുടർച്ചയായി പന്തെറിഞ്ഞ മുഹമ്മദ് സിറാജിനും പ്രസിദ്ധ് കൃഷ്ണയ്ക്കും തൽക്കാലം ഇളവ് നൽകിയിട്ടുണ്ട്. ഇംഗ്ലണ്ട് പര്യടനത്തിനിടെ ഹാംസ്ട്രിങ് പ്രശ്നം നേരിട്ട പ്രിൻസ് യാദവ് ഫിറ്റായി തിരിച്ചെത്തിയതായും റിപ്പോർട്ടുണ്ട്.
സെപ്തംബറിൽ അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സര ട്വന്റി 20 പരമ്പരയോടെയാണ് ഇന്ത്യയുടെ പുതിയ സീസണിന് തുടക്കമാകുന്നത്. തുടർന്ന് ഏഷ്യൻ ഗെയിംസ്, വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പര, ഇന്ത്യ എ–ഓസ്ട്രേലിയ എ പരമ്പര എന്നിവയും നടക്കും.










0 comments