ad
Deshabhimani

നേപ്പാൾ പ്രളയം: അണുബാധ സാധ്യത; അവകാശികളില്ലാത്ത മൃതദേഹങ്ങൾ സംസ്കരിക്കുമെന്ന് സർക്കാർ

Nepal.jpg
വെബ് ഡെസ്ക്

Published on Aug 30, 2026, 09:10 AM | 1 min read

കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരിൽ തിരിച്ചറിയാൻ സാധിക്കാത്തതും അവകാശികളില്ലാത്തതുമായ മൃതദേഹങ്ങൾ സംസ്കരിക്കാൻ തുടങ്ങുമെന്ന് നേപ്പാൾ സർക്കാർ. അണുബാധയ്ക്കും രോഗങ്ങൾ പടരുന്നതിനുമുള്ള സാധ്യത കണക്കിലെടുത്താണ് ഉടൻ തന്നെ സംസ്കരിക്കാനുള്ള നീക്കങ്ങൾ നടത്തുന്നത്.


മൃതദേഹങ്ങളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിനാൽ ഇവയെല്ലാം അവകാശികളെത്തുന്നതുവരെ സൂക്ഷിക്കുന്നത് അണുബാധയുണ്ടാക്കുന്നതിനു കാരണമാകും. ഇതുവരെ 682 മൃതദേഹങ്ങളാണ് ലഭിച്ചിട്ടുള്ളത്. ശരീരാവശിഷ്ടങ്ങൾ കൂടി ചേർത്താണ് മരിച്ചവരുടെ എണ്ണം കണക്കാക്കിയിരിക്കുന്നത്.


ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന തെക്കൻ ജില്ലയായ ചിത്വാനിലാണ് ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ (233 എണ്ണം) കണ്ടെത്തിയത്. ആശുപത്രികളിൽ മതിയായ സംവിധാനങ്ങളോ സജ്ജീകരണങ്ങളോ ഇല്ലാത്തതിനാൽ മൃതദേഹങ്ങൾ അഴുകുന്നത് തടയാനാകാത്ത അവസ്ഥയാണുള്ളത്.


ആശുപത്രികളിലെ സ്ഥലപരിമിതി കണക്കിലെടുത്ത് മറ്റൊരു വീട്ടിലേക്ക് മൃതദേഹങ്ങൾ മാറ്റുകയായിരുന്നു. എന്നാൽ അവിടെയും സ്ഥലം തികയാതെ വന്നതിനെത്തുടർന്നാണ് സംസ്കരിച്ച് തുടങ്ങാൻ തീരുമാനിച്ചത്. മൃതദേഹങ്ങൾ എളുപ്പത്തിൽ പുറത്തെടുക്കാൻ പാകത്തിൽ 1.5 മീറ്റർ ആഴത്തിലുള്ള കുഴികൾ തയ്യാറാക്കിയാണ് മൃതദേഹങ്ങൾ സംസ്കരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.


തിരിച്ചറിയൽ നമ്പറോടുകൂടിയ ബാഗുകളിലാണ് മൃതദേഹങ്ങൾ വയ്ക്കുന്നത്. കാണാതായവരെ തിരയുന്നവർ രാജ്യത്തുടനീളമുള്ള വിവിധ ആശുപത്രികളിൽ ഡിഎൻഎ സാമ്പിളുകൾ നൽകേണ്ടതാണെന്നും മൃതദേഹങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ഉപയോഗിച്ച് ഇവരെ തിരിച്ചറിയാൻ ശ്രമിക്കുമെന്നും അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home