വായില്‍ ചാണകം തിരുകി; മഹാരാഷ്ട്രയിൽ ദളിത് യുവാവിനെ ക്രൂരമായി മര്‍ദിച്ച് ബജ്റംഗ്ദൾ

പ്രതീകാത്മക ചിത്രം
മുംബൈ : മഹാരാഷ്ട്രയിൽ ദളിത് യുവാവിന് നേരെ 'ഗോസംരക്ഷക' ഗുണ്ടാസംഘത്തിന്റെ ആക്രമണം. 'ഗോസംരക്ഷകരെന്ന് സ്വയം അവകാശപ്പെടുന്ന ബജ്റംഗ്ദൾ പ്രവർത്തകർ യുവാവിനെ ക്രൂരമായി മർദിക്കുകയും ബലമായി ചാണകം തീറ്റിപ്പിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ ജൽനയിലാണ് ക്രൂരസംഭവം നടന്നത്. ഗോസംരക്ഷണമെന്ന പേരിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി 'ഗോസംരക്ഷക' ഗുണ്ടകൾ ദളിതരെയും മുസ്ലീംങ്ങളെയും ആക്രമിക്കുകയാണ്. പശുക്കടത്ത് ആരോപിച്ച് നിരവധി പേരെയാണ് കൊലചെയ്തത്.
സംഭവത്തിൽ കണ്ടാലറിയാവുന്ന ആറ് പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരമേശ്വർ സുഹാസ് ഹിവാലെ എന്ന യുവാവാണ് അക്രമത്തിനിരയായത്. കഴിഞ്ഞ മെയ് 23 നാണ് കേസിനാസ്പദമായ സംഭവം. ദൂൾഗാവ് രാജയിലെ കന്നുകാലി ചന്തയിൽ നിന്ന് കാളയുമായി വരികയായിരുന്ന പരമേശ്വറിനെ കൺഹയ്യ പ്രദേശത്ത് വെച്ച് ബജ്റംഗ്ദൾ പ്രവർത്തകരെന്ന് അവകാശപ്പെടുന്ന ഒരു സംഘം തടയുകയായിരുന്നു. തങ്ങൾ ഗോസംരക്ഷകരാണെെന്നും പരമേശ്വർ കാളയെ മുസ്ലീം ഇറച്ചിവ്യാപാരികൾക്ക് വിൽക്കാനാണ് പോവുകയാണെന്ന് പറഞ്ഞ് ആക്രമിക്കുകയുമായിരുന്നു. സംഭവസമയത്ത് തന്റെ പതിനൊന്ന് വയസുള്ള മകനും പരമേശ്വറിനൊപ്പമുണ്ടായിരുന്നു.
നിയമാനുസൃതമായാണ് കാളയെ വാങ്ങിയതെന്നും അതിന്റെ രേഖകൾ കൈവശമുണ്ടെന്ന് പറഞ്ഞിട്ടും സംഘം തന്നെയും മകനെയും ആക്രമിക്കുകയായിരുന്നുവെന്ന് പരമേശ്വർ പൊലീസിനോട് പറഞ്ഞു. ക്രൂരമായി മർദിച്ച ശേഷം ബലംപ്രയോഗിച്ച് വായിലേക്ക് ചാണകം തിരുകുകയും ജാതിയും പേരും ചോദിച്ചറിഞ്ഞ് ജാതി അധിക്ഷേപം നടത്തുകയും ചെയ്തുവെന്ന് യുവാവ് പറഞ്ഞു. തന്‍റെ പ്രായപൂർത്തിയാകാത്ത മകന്റെ വായിലേക്കും ചാണകം തിരുകിക്കയറ്റിയെന്ന് പരമേശ്വർ പൊലീസിനോട് പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുവെന്ന് അറിഞ്ഞതോടെയാണ് യുവാവ് ജൽന തഹസിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.









0 comments