ലിവർപൂൾ താരം ഗാക്‌പോയ്ക്കായി വമ്പൻ കരാറുമായി മാഞ്ചസ്റ്റർ സിറ്റി

കോഡി ഗാക്‌പോ
മാഞ്ചസ്റ്റർ: ലിവർപൂൾ താരം കോഡി ഗാക്‌പോയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി നീക്കം ശക്തമാക്കുന്നു. ഗാക്‌പോയുടെ പ്രതിനിധികളുമായി വ്യക്തിഗത കരാറിൽ ധാരണയിലെത്തിയ സിറ്റി, താരത്തിനായി 85 ദശലക്ഷം പൗണ്ടിന്റെ (1097 കോടി രൂപയിലധികം) ഓഫർ ലിവർപൂളിന് സമർപ്പിക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.
ഈ തുകയ്ക്ക് ഗാക്‌പോ സിറ്റിയിലെത്തിയാൽ അത് ഏറ്റവും വിലയേറിയ ഡച്ച് ട്രാൻസ്ഫറായി മാറും. നിലവിലെ റെക്കോർഡ് ഫ്രെങ്കി ഡി യോങ്ങിനാണ്. 2019 ൽ അയാക്‌സിൽ നിന്ന് ബാഴ്‌സലോണയിലേക്ക് മാറിയപ്പോൾ 75 ദശലക്ഷം യൂറോയും (828 കോടി രൂപയിലധികം) ബോണസായി 11 ദശലക്ഷം യൂറോ (121കോടി രൂപയിലധികം) വരെയുമായിരുന്നു കരാർ.
എന്നാൽ, പകരക്കാരനെ കണ്ടെത്താതെ ഗാക്‌പോയെ വിട്ടുനൽകാൻ ലിവർപൂൾ തയ്യാറല്ല. പിഎസ്ജിയിൽ നിന്ന് ബ്രാഡ്ലി ബാർകോളയെ സ്വന്തമാക്കാനുള്ള നീക്കത്തിന് പിന്നാലെ മറ്റൊരു വിങ്ങറെയും ടീമിലെത്തിക്കാനാണ് ലിവർപൂളിന്റെ പദ്ധതി.
ക്രിസ്റ്റൽ പാലസിന്റെ ഇസ്മായില സാറിനായി ഏകദേശം 50 ദശലക്ഷം പൗണ്ടിന്റെ ഓഫർ നൽകിയതായും റിപ്പോർട്ടുണ്ട്.
ഗാക്‌പോയുടെ ബഹുമുഖ കഴിവുകളാണ് സിറ്റിയെ ആകർഷിക്കുന്നത്. 27 കാരനായ നെതർലാൻഡ്സ് താരത്തിന് ഇരുവശങ്ങളിലെയും വിങ്ങറായും സെന്റർ ഫോർവേഡായും കളിക്കാൻ കഴിയും. മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മാറാനാണ് ഗാക്‌പോയ്ക്കും താൽപര്യമെന്നാണ് റിപ്പോർട്ട്.









0 comments