'ഒരു ഹെയർകട്ട്, 22,000 കോടി രൂപയ്ക്ക് മുകളിൽ സ്വാഹാ'; ഈ കട്ട് വേറെയെന്ന് ജോൺ ബ്രിട്ടാസ്

ന്യൂഡൽഹി: ബിജെപി നേതാവും മാധ്യമഭീമനുമായ സുഭാഷ് ചന്ദ്ര, മോദി സർക്കാരിന്റെയും ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിന്റെയും (എൻസിഎൽടി) സംരക്ഷണയിൽ 22,006.57 കോടി രൂപയുടെ വായ്‌പാ കൊള്ള നടത്തിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി ജോൺ ബ്രിട്ടാസ് എംപി. ഫെയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ജോൺബ്രിട്ടാസ് മോദി സർക്കാരിന്റെ കാലത്ത് വായ്പയെടുത്ത് മുങ്ങിയ വൻകിട തട്ടിപ്പുകാരെ തുറന്നു കാട്ടിയത്.
'ഹെയർ കട്ട് എന്ന് പറഞ്ഞാൽ മുടി വെട്ടലാണ്; എന്നാൽ ഈ മോദി ഭരണകാലത്ത് ഹെയർ കട്ടിന്റെ അർത്ഥം വേറെയാണ്. കോടാനുകോടി രൂപ സ്വകാര്യ കമ്പനികൾ വായ്പയായി എടുത്തിട്ട് ഒത്തുതീർപ്പിന്റെ ഭാഗമായി ഹെയർ കട്ട് നടത്തി ചെറിയൊരു തുക അടയ്ക്കുക. ഇതാണ് ഇന്ന് ഇന്ത്യയിൽ അർഥമാക്കേണ്ടത്. ഈ ഹെയർ കട്ട് ഇപ്പോൾ 17.5 ലക്ഷം കോടി രൂപയ്ക്ക് മുകളിലായിക്കഴിഞ്ഞു. ഇപ്പോൾ ഈ കഴിഞ്ഞ ദിവസം മുൻ ബിജെപി എംപിയും പ്രധാനമന്ത്രിയുടെ അടുപ്പക്കാരനുമായ സുഭാഷ് ചന്ദ്രയ്ക്ക് 99.97 ശതമാനമാണ് ഹെയർ കട്ട് നടത്തിക്കൊടുത്തത്. ഏകദേശം 22,000 കോടി രൂപയ്ക്ക് മുകളിൽ സ്വാഹാ. നീരവ് മോദി, മെഹുൽ ചോക്‌സി, വിജയ് മല്യ തുടങ്ങി 15 ഓളം പേരുടെ കടബാധ്യതമാത്രം അറുപതിനായിരം കോടി വരും. ഇപ്പോൾ ഇവരെയൊക്കെ നാണം കെടുത്തുന്ന ഹെയർ കട്ടാണ് നടന്നത്'- ബ്രിട്ടാസ് പറഞ്ഞു.









0 comments