ad
Deshabhimani

വേൾഡ് റോബോട്ട് ഒളിമ്പ്യാഡ്‌: ഇന്ത്യയെ പ്രതിനിധീകരിക്കാൻ മലയാളി വിദ്യാർഥിനികൾ

World Robot Olympiad.jpg

നവികയും കാത്‌ലിനും

വെബ് ഡെസ്ക്

Published on Aug 30, 2026, 10:13 AM | 1 min read

തിരുവനന്തപുരം: നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോല ഗ്രന്ഥങ്ങൾ സംരക്ഷിക്കാനും ഡിജിറ്റൈസ് ചെയ്യാനും അത്യാധുനിക റോബോട്ടിക് സംവിധാനമൊരുക്കി ദേശീയശ്രദ്ധ നേടി മലയാളി പെൺകുട്ടികൾ. ഹൈദരാബാദിൽ നടന്ന വേൾഡ് റോബോട്ട് ഒളിമ്പ്യാഡ് (ഡബ്ല്യുആർഒ) ഇന്ത്യ നാഷണൽസിൽ ഒന്നാംസ്ഥാനം നേടിയാണ് 14 വയസ്സുകാരായ കാത്‌ലിൻ മേരി ജീസൻ, നവിക ഡി നായർ എന്നിവർ അന്താരാഷ്ട്ര മത്സരത്തിന് യോഗ്യത നേടിയത്. ഫ്യൂച്ചർ ഇന്നൊവേറ്റേഴ്‌സ് -സീനിയർ വിഭാഗത്തിലാണ് ഇവരുടെ ടീം ദേശീയ ചാമ്പ്യന്മാരായത്. ഡിസംബറിൽ പ്യൂർട്ടോറിക്കയിൽ നടക്കുന്ന ഡബ്ല്യുആർഒ ഇന്റർനാഷണൽസിൽ ഇവർ ഇന്ത്യയെ പ്രതിനിധീകരിക്കും.


‘പ്രാചീന വിജ്ഞാനം ഭാവി സാങ്കേതികവിദ്യയെ കണ്ടുമുട്ടുമ്പോൾ' എന്ന വിഷയത്തിലാണ് ടീം മത്സരിച്ചത്. മാസങ്ങൾ വേണ്ടിവരുന്ന അതിസൂക്ഷ്മമായ പ്രവൃത്തിയാണ് താളിയോല സംരക്ഷണം. ഈ പ്രതിസന്ധിക്ക് റോബോട്ടിക്സിന്റെയും നിർമിതബുദ്ധിയുടെയും സാധ്യതകളിലൂടെ പരിഹാരം കണ്ടെത്തുകയാണ് ഇവർ. ഇവർ വികസിപ്പിച്ച ‘സ്മൃതി 1.0' എന്ന ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ മിനിറ്റുകൾക്കുള്ളിൽ സുരക്ഷിതമായി താളിയോല സംരക്ഷണം പൂർത്തിയാക്കാൻ സാധിക്കും.


താളിയോലകൾക്ക് കേടുപാട് വരാത്തവിധം പ്രത്യേക കൺവെയർ സംവിധാനത്തിലൂടെ പൊടിയും അഴുക്കും നീക്കി ദീർഘകാല സംരക്ഷണത്തിനായുള്ള ലേപനങ്ങൾ പുരട്ടും. ഹൈ റസല്യൂഷൻ കാമറകളും സെൻസറുകളും ഉപയോഗിച്ച് താളിയോലകളുടെ സൂക്ഷ്മവശങ്ങൾ ഡിജിറ്റലായി ഒപ്പിയെടുക്കുന്നുണ്ട്. പ്രാചീന ലിപികളെ വായിച്ചെടുത്ത് എഡിറ്റ് ചെയ്യാവുന്ന കംപ്യൂട്ടർ ടെക്സ്റ്റ് ഫയലാക്കി മാറ്റാൻ ഇതിലെ എഐ എൻജിന്‌ സാധിക്കും. മാള ഹോളി ഗ്രേയ്‌സ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്‌ കാത്‌ലിൻ. കൊച്ചി നൈപുണ്യ പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ്‌ വിദ്യാർഥിനിയാണ്‌ നവിക.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home