ad
Deshabhimani

തകര്‍ന്നുവീഴാറായ സർക്കാർ സ്കൂളുകള്‍; രാജസ്ഥാനില്‍ എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രക്ഷോഭം

sfi
വെബ് ഡെസ്ക്

Published on Aug 30, 2026, 11:12 AM | 2 min read

ജയ്പൂർ : രാജസ്ഥാനിലെ സർക്കാർ സ്കൂളുകളുടെ ശോച്യാവസ്ഥയ്ക്കെതിരെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. തേഡി ഗ്രാമത്തില്‍ 1957 ൽ സ്ഥാപിതമായ സർക്കാർ സ്കൂളിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. എസ്‌എഫ്ഐ ദേശീയ വൈസ് പ്രസിഡന്റ് സുഭാഷ് ജാഖർ, സിക്കാര്‍ എംപി അമ്രാറാം എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർഥികൾ കലക്ടറേറ്റിൽ എത്തി നിവേദനം സമർപ്പിച്ചു.


രാജസ്ഥാനിലെ ജീർണിച്ച സ്കൂൾ കെട്ടിടങ്ങളെക്കുറിച്ചും അടിസ്ഥാനസൗകര്യങ്ങളുടെ ലഭ്യതക്കുറവിനെക്കുറിച്ചും നിരവധി റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നു. തേഡി ഗ്രാമത്തിലെ സർക്കാർ സ്കൂളിന്റെ അവസ്ഥയും സമാനമാണ്. 1957 ൽ സ്ഥാപിച്ച കെട്ടിടം ഇതുവരെയും പുതുക്കിപ്പണിയുകയോ നവീകരണപ്രവർത്തനങ്ങൾ നടത്തുകയോ ചെയ്തിട്ടില്ല. ഏത് നിമിഷവും തകർന്നുവീഴാറായ നിലയിലാണ് സ്കൂൾ കെട്ടിടമുള്ളത്. ചെറിയ മഴ പെയ്താൽ പോലും പ്രിൻസിപ്പൽ കുട്ടികളെ വീട്ടിലേക്ക് അയക്കുകയാണ് പതിവ്.

ആവശ്യത്തിന് ക്ലാസ്മുറികളില്ലാത്തതും അധ്യാപകരുടെ കുറവും വിദ്യാർഥികൾ ചൂണ്ടിക്കാണിച്ചു. അനുവദിച്ച 15 തസ്തികകളിൽ എട്ട് അധ്യാപകരെ മാത്രമാണ് നിയമിച്ചിട്ടുള്ളത്. ഏകദേശം 50 ശതമാനത്തോളം ഒഴിവുകൾ ഇനിയും നികത്താനുണ്ട്. 11, 12 ക്ലാസുകൾക്ക് ഒരേയൊരു പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ മാത്രമാണുള്ളത്. ഭൂമിശാസ്ത്രം, ഹിന്ദി സാഹിത്യം, സംസ്കൃതം എന്നീ വിഷയങ്ങൾക്ക് അധ്യാപകരുമില്ല. കുട്ടികൾക്കായി കളിസ്ഥലമോ, ലബോറട്ടറികളോ, ലൈബ്രറിറിയോ സ്കൂളില്ല. ആവശ്യത്തിന് ശുചിമുറികളും കുടിവെള്ളം പോലുമില്ലെന്ന് നിവേദനത്തിൽ വിദ്യാർഥികൾ വ്യക്തമാക്കി.


രാജസ്ഥാൻ സർക്കാർ അഭിമാന പദ്ധതിയായി കൊണ്ടുവന്ന പുതിയ ഗേൾസ് സൈനിക് സ്കൂളിൽ ഫീസ് നൽകിയിട്ടും അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനെതിരെ രക്ഷിതാക്കൾ പ്രതിഷേധിച്ചിരുന്നു. ഒന്നര ലക്ഷം രൂപ ട്യൂഷൻ ഫീസും 40,000 രൂപ മെസ് ചാർജും ഈടാക്കുന്നുണ്ടെങ്കിലും യൂണിഫോമുകളോ പാഠപുസ്തകങ്ങളോ സ്പോർട്സ് ഉപകരണങ്ങളോ നൽകിയിട്ടില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു.ഹോസ്റ്റലിൽ കൃത്യമായി വൈദ്യുതി ലഭിക്കുന്നില്ലെന്നും ഭക്ഷണവും കുടിവെള്ളവും കൃത്യമായി ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. ആഗസ്റ്റ് 23-ന് പ്രതിഷേധം നടന്ന് മൂന്ന് ദിവസത്തിന് ശേഷം സ്കൂൾ വികസനത്തിനായി സർക്കാർ 65 കോടി രൂപ അനുവദിച്ചെങ്കിലും തുക ഇതുവരെ ലഭ്യമായിട്ടില്ല.


രാജസ്ഥാനിലെ ഭൂരിഭാ​ഗം സർക്കാർ സ്കൂളുകളുടെയും അവസ്ഥ ഭയാനകമാണ്. അപകടാവസ്ഥയിലായ കെട്ടിടങ്ങൾക്ക് ബദൽ സംവിധാനമൊരുക്കാത്തതിനെ തുടർന്ന് പശുത്തൊഴുത്തിലിരുന്ന് പഠിക്കാൻ പോലും വിദ്യാർഥികൾ നിർബന്ധിതരാകുന്നു. സംസ്ഥാനത്തെ 63,018 സ്കൂളുകളിൽ 5,667 സ്കൂൾ കെട്ടിടങ്ങൾ തകർച്ച ഭീഷണി നേരിടുന്നതായി വിദ്യാഭ്യാസ വകുപ്പിന്റെ സമീപകാല സർവേയിൽ വ്യക്തമാക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home