ഏഷ്യൻ ഗെയിംസ്: ഇന്ത്യൻ സംഘത്തിന്റെ ഡെപ്യൂട്ടി ഷെഫ് ഡി മിഷനായി മലയാളി ഒളിമ്പ്യൻ ലിജോ ഡേവിഡ് തോട്ടൻ

ലിജോ ഡേവിഡ് തോട്ടൻ
ന്യൂഡൽഹി: ഒളിമ്പ്യനും മുൻ ഇന്ത്യൻ അത്‌ലറ്റുമായ ലിജോ ഡേവിഡ് തോട്ടനെ 2026 ഐച്ചി–നഗോയ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിന്റെ ഡെപ്യൂട്ടി ഷെഫ് ഡി മിഷനായി തെരഞ്ഞെടുത്തു. തൃശൂർ സ്വദേശിയാണ്.
ഇന്ത്യൻ അത്‌ലറ്റിക്സിന് ദീർഘകാലം നൽകിയ സംഭാവനകൾക്കും കായികരംഗത്തെ മറ്റു പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമാണ് മലയാളി താരത്തിന് ലഭിച്ച പുതിയ ഉത്തരവാദിത്വം. രാജ്യത്തെ പ്രതിനിധീകരിച്ച് നേടിയ അനുഭവസമ്പത്തുമായാണ് ലിജോ ഇന്ത്യൻ സംഘത്തിന്റെ നിർണായക നേതൃത്വ ചുമതലയിലേക്ക് എത്തുന്നത്.
1974 ജൂൺ ഒന്നിന് തൃശ്ശൂരിൽ ജനിച്ച ലിജോ ഡേവിഡ് തോട്ടൻ 400 മീറ്ററിലും 4x400 മീറ്റർ റിലേയിലുമാണ് ഇന്ത്യക്കായി ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചത്. ഏഷ്യൻ ഗെയിംസ്, ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ്, ദക്ഷിണേഷ്യൻ ഗെയിംസ്, ദക്ഷിണേഷ്യൻ ചാമ്പ്യൻഷിപ്പ് എന്നിവയിലായി മൂന്ന് വെള്ളിയും രണ്ട് വെങ്കലവും ഉൾപ്പെടെ അഞ്ച് അന്താരാഷ്ട്ര മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട്.
1998ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ 4x400 മീറ്റർ റിലേ ടീമിനൊപ്പം 3 മിനിറ്റ് 02.62 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെള്ളിമെഡൽ നേടിയതാണ് അദ്ദേഹത്തിന്റെ പ്രധാന അന്താരാഷ്ട്ര നേട്ടങ്ങളിലൊന്ന്. 2000 ലെ ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും 4x400 മീറ്റർ റിലേയിൽ ഇന്ത്യക്കായി വെള്ളി നേടി.
1999 ലെ ദക്ഷിണേഷ്യൻ ഗെയിംസിൽ രണ്ട് മെഡലുകളാണ് ലിജോ നേടിയത്. 4x400 മീറ്റർ റിലേയിൽ 3:05.71 സമയത്തോടെ വെള്ളിയും 400 മീറ്ററിൽ 46.86 സെക്കൻഡോടെ വെങ്കലവും സ്വന്തമാക്കി.
1997 ലെ ദക്ഷിണേഷ്യൻ ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിൽ 48.17 സെക്കൻഡോടെ വെങ്കലവും നേടി. ദേശീയതലത്തിലും ലിജോ ശ്രദ്ധേയ പ്രകടനം നടത്തിയിട്ടുണ്ട്. 1997ലെ ദേശീയ ഗെയിംസിൽ 400 മീറ്ററിൽ 47.73 സെക്കൻഡ് കുറിച്ച് വെങ്കലമെഡൽ നേടി.









0 comments