ad
Deshabhimani

മോദി സർക്കാർ അഴിമതിയിൽ മുങ്ങി; വിദ്യാഭ്യാസകാര്യത്തിൽ ശ്രദ്ധയില്ല: മുരളി മനോഹർ ജോഷി

MURALI MANOHAR JOSH
വെബ് ഡെസ്ക്

Published on Aug 30, 2026, 09:22 AM | 1 min read

ന്യൂഡൽഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പാർടി സ്ഥാപകനേതാക്കളിൽ ഒരാളായ മുരളി മനോഹർ ജോഷി. സർക്കാർ അഴിമതികളിൽ മുങ്ങിനിൽക്കുകയാണെന്നും വിദ്യാഭ്യാസകാര്യത്തിൽ സർക്കാരിന് ശ്രദ്ധയില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയിൽ മുങ്ങിയ സർക്കാരിന് ചോദ്യപ്പേപ്പർ ചോർച്ച അടക്കമുള്ള പ്രതിസന്ധികളെ എങ്ങനെയാണ് അഭിമുഖീകരിക്കാനാവുകയെന്നും പാവപ്പെട്ട വിദ്യാർഥികളെ എന്തിനാണ് കുറ്റപ്പെടുത്തുന്നതെന്നും മുരളി മനോഹർ ജോഷി ചോദിച്ചു.


വിദ്യാഭ്യാസ മേഖല കേന്ദ്ര സർക്കാരിന്റെ പ്രഥമ പരിഗണനയിൽ ഇല്ല. അടിസ്ഥാന വികസനം എന്നാൽ റോഡുകൾ നിർമിക്കുന്നത് മാത്രമല്ല. റോഡുണ്ടാക്കിയാൽ മാത്രം പോരാ, അതിന് യോഗ്യരായ എഞ്ചിനീയർമാരെ വാർത്തെടുക്കാനുള്ള സ്ഥാപനങ്ങളും വേണം. വിദ്യാഭ്യാസ മേഖലയ്ക്ക് വ്യക്തമായ ദീര്‍ഘകാല ലക്ഷ്യമില്ല. ഉന്നതവിദ്യാഭ്യാസവും തൊഴിലവസരങ്ങളും തമ്മിലുള്ള അന്തരം ഭയാനകമായ അവസ്ഥയിലാണ്. വിദ്യാഭ്യാസത്തെ തൊഴിലുമായി ബന്ധിപ്പിക്കുകയും സാമ്പത്തികമായി ഉല്‍പ്പാദനക്ഷമമാക്കുകയും വേണം.


ബിരുദാനന്തര ബിരുദധാരികളും പിഎച്ച്ഡി നേടിയവരും മുൻസിപ്പൽ ഓഫീസുകളിൽ നിസ്സാര ജോലികൾ ചെയ്യുന്നു. പുതിയ കോളേജുകൾ സ്ഥാപിക്കുന്നതിനപ്പുറം വിദ്യാർഥികൾക്ക് ഗുണനിലവാരമുള്ള ജോലികൾ ലഭ്യമാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


നേരത്തെ വിദ്യാർഥി– യുവജന പ്രക്ഷോഭത്തെ പിന്തുണച്ചും മുരളി മനോഹർ ജോഷി രം​ഗത്തെത്തിയിരുന്നു. പരീക്ഷാനടത്തിപ്പിനെ കുറിച്ചുള്ള വിദ്യാർഥികളുടെ ആശങ്കകൾ ആത്മാർഥമാണെന്നും പ്രശ്‌നത്തെ അടിച്ചമർത്തുന്നതിന്‌ പകരം അനുതാപത്തോടെ സമീപിക്കുകയാണ്‌ വേണ്ടതെന്നും മുരളി മനോഹർ ജോഷി പറഞ്ഞിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home