വ്യാജന്റെ 'ഐപിഎസ് അഭ്യാസം' സ്‌റ്റേഷനുകളിലും; കേസുകളിൽ ഇടപെട്ടു

പൊലീസ് ജീപ്പിനു മുന്നിൽ നിന്ന് ആദിത്യൻ എടുത്ത ഫോട്ടോ (ഇടത്), ആദിത്യനെ കോട്ടയം വെസ്‌റ്റ് പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചപ്പോൾ (വലത്)
സ്വന്തം ലേഖകൻ
Published on Aug 30, 2026, 08:45 AM | 1 min read
കോട്ടയം: പോക്‌സോ കേസിൽ അറസ്‌റ്റിലായ ആദിത്യന്റെ 'ഐപിഎസ് അഭ്യാസം' പൊലീസിന് മുന്നിലും. ഐപിഎസ് ഉദ്യോഗസ്ഥനാണെന്ന് ധരിപ്പിച്ച് ഇയാൾ പല പൊലീസ് സ്‌റ്റേഷനുകളിലുമെത്തി. ചില കേസുകളിലും ഇടപെട്ടു. ചിലയിടത്ത് പൊലീസിന്റെ ജീപ്പ് ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. പീഡനത്തിനിരയായ പെൺകുട്ടിയടക്കം എല്ലാവരോടും ഐപിഎസുകാരനാണെന്നാണ് പറഞ്ഞിരുന്നത്. ഇൻസ്‌റ്റഗ്രാം വഴിയാണ് ഇയാൾ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്‌തിരുന്ന പെൺകുട്ടിയെ പരിചയപ്പെട്ടത്.
ചേർത്തല സ്വദേശികളായ ദമ്പതികൾ ഇസ്രയേൽ വിസ കിട്ടാനായി എറണാകുളത്തെ ഏജൻസിയിൽ നാലു ലക്ഷം രൂപ കൊടുത്തിരുന്നു. എന്നാൽ വിസ കിട്ടിയില്ല. ഏജൻസി പണവും പാസ്‌പോർട്ടും മടക്കി നൽകിയില്ല. ഇൗ സമയത്താണ് ആദിത്യൻ ദമ്പതികളെ സമീപിച്ചത്. പിഎസുകാരനായ താൻ പറഞ്ഞാൽ ഏജൻസിക്കാർ കേൾക്കുമെന്ന് പറഞ്ഞ് 20,000 രൂപയും ആദിത്യൻ വാങ്ങി. ദമ്പതികളെ കൂട്ടി ഇയാൾ ഏജൻസിയിലെത്തി. ഒരു ലക്ഷം രൂപ ഏജൻസിയുടമ തിരികെ കൊടുത്തു. ബാക്കി തരാൻ സമയമാവശ്യപ്പെട്ടു. എന്നാൽ ഏജൻസിയുടമയുടെ കാർ ബലമായി പിടിച്ചെടുത്താണ് ആദിത്യൻ മടങ്ങിയത്. തരാനുള്ള ബാക്കി മൂന്ന് ലക്ഷം തരുമ്പോൾ കാർ തിരികെ ഏൽപിക്കാമെന്നായിരുന്നു ആദിത്യൻ പറഞ്ഞത്. ഒരുമാസം ഇൗ കാറിൽ കറങ്ങി നടന്നു. പെൺകുട്ടിയെ കൂട്ടി കുമരകമടക്കമുള്ള സ്ഥലങ്ങളിൽ കയറങ്ങിയത് ഇൗ കാറിലാണ്.
പിന്നീട് ആദിത്യനെക്കുറിച്ച് വിവരമൊന്നും കിട്ടാതിരുന്ന ദമ്പതികൾക്ക് സംശയം തോന്നി. കോട്ടയം എഎസ്‌പി ആണെന്നാണ് പറഞ്ഞിരുന്നത്. ഇവർ കോട്ടയത്ത് അന്വേഷിച്ചപ്പോൾ ഇങ്ങനെയൊരു ഉദ്യോഗസ്ഥനില്ലെന്ന് മനസിലായി. കോട്ടയം ഡിവൈഎസ്‌പിയാണ് അന്വേഷണത്തിന് നിർദേശം നൽകിയത്. പൊലീസുകാർ ഇടുന്ന തവിട്ട് നിറത്തിലുള്ള ഷൂ ഇയാളുടെ വീട്ടിലുണ്ടായിരുന്നു. പൊലീസ് വാഹനത്തിനു മുന്നിൽ നിന്ന് എടുത്ത ഫോട്ടോകൾ കാണിച്ചാണ് മറ്റുള്ളവരെ വിശ്വസിപ്പിച്ചിരുന്നത്. പ്രതി നടത്തിയ കൂടുതൽ തട്ടിപ്പുകൾ സംബന്ധിച്ച അന്വേഷിച്ചുവരികയാണെന്ന് കോട്ടയം വെസ്‌റ്റ് എസ്‌എച്ച്‌ഒ അനൂപ് ജോസ് പറഞ്ഞു.









0 comments