ad
Deshabhimani

ബംഗ്ലാദേശിനെ വീഴ്ത്തി കിവികൾ; ആദ്യ ഏകദിനത്തിൽ ന്യൂസിലാൻഡിന് 26 റൺസ് വിജയം

nz vs ban

Photo Credit|AP

വെബ് ഡെസ്ക്

Published on Apr 17, 2026, 09:23 PM | 1 min read

മിർപൂർ: ഷേർ ബംഗ്ല നാഷണൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ആദ്യ ഏകദിനത്തിൽ ബംഗ്ലാദേശിനെ 26 റൺസിന് പരാജയപ്പെടുത്തി ന്യൂസിലാൻഡ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ മുന്നിലെത്തി. പേസർമാരുടെ തകർപ്പൻ പ്രകടനമാണ് കുറഞ്ഞ സ്കോറിലും കിവികൾക്ക് വിജയം സമ്മാനിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലാൻഡ് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 247 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 48.3 ഓവറിൽ 221 റൺസിന് പുറത്തായി.


തുടക്കത്തിൽ പതറിയ ന്യൂസിലാൻഡിനെ ഹെൻറി നിക്കോളാസും (68) വിൽ യങ്ങും (30) ചേർന്നാണ് കരകയറ്റിയത്. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 73 റൺസ് കൂട്ടിച്ചേർത്തു. തുടർന്നെത്തിയ ഡീൻ ഫോക്സ്‌ക്രോഫ്റ്റിന്റെ (59) തകർപ്പൻ അർദ്ധ സെഞ്ച്വറിയാണ് കിവികളുടെ സ്കോർ 200 കടത്തിയത്. ബംഗ്ലാദേശിനായി പത്തോവർ സ്പെല്ലിൽ വെറും 27 റൺസ് മാത്രം വഴങ്ങി ഷൊരീഫുൾ ഇസ്ലാം രണ്ട് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു.


മറുപടി ബാറ്റിംഗിൽ നഥാൻ സ്മിത്തിന്റെ ഇരട്ട പ്രഹരത്തോടെയാണ് ബംഗ്ലാദേശ് തുടങ്ങിയത്. എന്നാൽ മൂന്നാം വിക്കറ്റിൽ സൈഫ് ഹസനും (57) ലിറ്റൺ ദാസും (46) ചേർന്ന് 93 റൺസ് പടുത്തുയർത്തിയതോടെ ആതിഥേയർ വിജയത്തിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ചു. പിന്നീട് തൗഹീദ് ഹൃദോയ് (55), അഫീഫ് ഹുസൈൻ (27) എന്നിവർ ചേർന്ന് അഞ്ചാം വിക്കറ്റിൽ 52 റൺസ് കൂടി ചേർത്തതോടെ ബംഗ്ലാദേശ് ശക്തമായ നിലയിലായി.


എന്നാൽ അവസാന ഓവറുകളിൽ ബംഗ്ലാദേശ് അവിശ്വസനീയമായ ബാറ്റിംഗ് തകർച്ച നേരിട്ടു. 184/4 എന്ന നിലയിൽ നിന്നും 214/9 എന്ന നിലയിലേക്ക് അവർ കൂപ്പുകുത്തി. 40 റൺസിന് 4 വിക്കറ്റ് വീഴ്ത്തിയ ബ്ലെയർ ടിക്നറാണ് ബംഗ്ലാദേശ് നിരയെ തകർത്തത്. അവസാന നിമിഷം അർദ്ധ സെഞ്ച്വറി നേടിയ ഹൃദോയിയെ പുറത്താക്കി ന്യൂസിലാൻഡ് വിജയം ഉറപ്പിക്കുകയായിരുന്നു. മൂന്ന് വിക്കറ്റുമായി നഥാൻ സ്മിത്തും കിവി വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home