ad
Deshabhimani

അമ്പയർ ഗേജ് പിടിച്ചത് തലതിരിച്ച്; സ്റ്റേഡിയത്തിൽ ചിരി പടർത്തി ആയുഷ് മാത്രെയുടെ ബാറ്റ് പരിശോധന

ayush ipl
വെബ് ഡെസ്ക്

Published on Apr 04, 2026, 12:55 PM | 1 min read

ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സും പഞ്ചാബ് കിങ്‌സും തമ്മിലുള്ള പോരാട്ടത്തിനിടെ നാടകീയ രംഗങ്ങൾ. ചെന്നൈയുടെ യുവതാരം ആയുഷ് മാത്രെയുടെ ബാറ്റ് പരിശോധനയുമായി ബന്ധപ്പെട്ട അമ്പയറുടെ പിഴവാണ് സ്റ്റേഡിയത്തിലും കമന്ററി ബോക്സിലും ചിരി പടർത്തിയത്. സഞ്ജു സാംസൺ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ആയുഷ് മാത്രെയുടെ ബാറ്റ്, വീതി അളക്കുന്ന 'ബാറ്റ് ഗേജ്' പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. അമ്പയർ പരിശോധിച്ചപ്പോൾ ആദ്യ രണ്ട് ബാറ്റുകളും ഗേജിലൂടെ കടന്നുപോയില്ല. ഇതോടെ താരം കടുത്ത ആശയക്കുഴപ്പത്തിലായെങ്കിലും അമ്പയർ ബാറ്റ് ഗേജ് പിടിച്ചിരുന്നത് തലതിരിച്ചാണെന്ന് വൈകാതെ വ്യക്തമായി. പിഴവ് തിരുത്തി പരിശോധിച്ചതോടെ താരം ആദ്യം ഉപയോഗിച്ച ബാറ്റ് തന്നെ കൃത്യമാണെന്ന് തെളിഞ്ഞു.


ഈ നാടകീയതയ്ക്ക് ശേഷം ബാറ്റിംഗിൽ തകർത്തടിച്ച ആയുഷ് മാത്രെ പഞ്ചാബ് ബൗളർമാരെ നിലംപരിശാക്കി. 43 പന്തിൽ 6 ഫോറുകളും 5 സിക്സറുകളും അടക്കം 73 റൺസ് നേടിയ താരം ചെന്നൈയുടെ ടോപ്പ് സ്കോററായി മാറി. ഈ ഇന്നിംഗ്‌സോടെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഐപിഎൽ അർദ്ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും (18 വയസ്സും 261 ദിവസവും) മാത്രെ സ്വന്തമാക്കി. കൂടാതെ 19 വയസിനുള്ളിൽ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ 50+ സ്കോർ നേടുന്ന താരങ്ങളുടെ പട്ടികയിൽ പൃഥ്വി ഷാ, വൈഭവ് സൂര്യവംശി എന്നിവർക്കൊപ്പം എത്താനും താരത്തിന് കഴിഞ്ഞു.


ഇന്ത്യൻ അണ്ടർ 19 ടീം ക്യാപ്റ്റൻ കൂടിയായ ആയുഷ് മാത്രെ കഴിഞ്ഞ സീസണിൽ നായകൻ റുതുരാജ് ഗെയ്‌ക്‌വാദിന് പരിക്കേറ്റപ്പോഴാണ് പകരക്കാരനായി ചെന്നൈ ടീമിലെത്തിയത്. ഇതുവരെ ചെന്നൈക്കായി കളിച്ച 9 ഇന്നിംഗ്‌സുകളിൽ നിന്ന് 183 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റിൽ 313 റൺസ് താരം അടിച്ചുകൂട്ടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ആർസിബിക്കെതിരെ നേടിയ 94 റൺസാണ് ചെന്നൈ ജേഴ്സിയിൽ താരത്തിന്റെ ഉയർന്ന സ്കോർ. സഞ്ജു സാംസണും രോഹിത് ശർമ്മയും ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന സാഹചര്യത്തിൽ മാത്രെയുടെ ഈ പ്രകടനം ചെന്നൈ ക്യാമ്പിന് വലിയ ആശ്വാസമാണ് നൽകുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home