എം ജിനദേവന്റെ ഓര്‍മപുതുക്കി

എം ജിനദേവൻ അനുസ്‍മരണം തൊടുപുഴയിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം എം മണി ഉദ്ഘാടനംചെയ്യുന്നു
തൊടുപുഴ
സിപിഐ എം മുൻ സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ സെക്രട്ടറിയും ഉടുന്പൻചോല എംഎൽഎയും സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന എം ജിനദേവന്റ 32–ാം ചരമവാര്‍ഷികം സമുചിതമായി ആചരിച്ചു. സിപിഐ എമ്മും ജിനദേവൻ സ്‌മാര ട്രസ്‌റ്റും ചേർന്ന് തൊടുപുഴ അർബൻ ബാങ്ക് ഹാളിൽ നടത്തിയ പരിപാടി സംസ്ഥാന കമ്മിറ്റിയംഗം എം എം മണി ഉദ്‌ഘാടനംചെയ്‌തു. രാഷ്‌ട്രീയ എതിരാളികളോടുപോലും സൗഹൃദം നിലനിർത്തിയിരുന്ന ജിനദേവന്റെ സമീപനം ഇളം തലമുറയ്ക്ക് മാതൃകയാക്കാമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ മാറ്റവും തിരിച്ചടികളിൽനിന്ന് ഉൗർജവും ഉൾക്കൊണ്ട് മുന്നേറുന്ന പാർടിയാണ് സിപിഐ എമ്മെന്നും എം എം മണി പറഞ്ഞു. തൊഴിലാളി വർഗം അജയ്യമായതിനാൽ തിരിച്ചടികളിൽനിന്ന് അതിവേഗം തിരിച്ചുവരുമെന്ന് ജില്ലാ സെക്രട്ടറി സി വി വർഗീസ് പറഞ്ഞു. 1957ലെ ഇ എം എസ് സർക്കാരിനെതിരെ ഇന്ത്യയിലെ എല്ലാ പിന്തിരിപ്പൻ ശക്തികളും ഒന്നിച്ചു. ആ സർക്കാരാണ് ജന്മിത്വം ഇല്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനമാക്കി കേരളത്തെ മാറ്റിയത്. പുതിയ കാലഘട്ടം ആവശ്യപ്പെടുന്നത് മുൻഗാമികൾ തുറന്നിട്ട പാതയിലൂടെ മുന്നേറാനാണ്. താൽക്കാലിക തോൽവിയിൽ നിരാശരാകാതെ കരുത്തോടെ മുന്നേറണമെന്നും വർഗീസ് പറഞ്ഞു. ജിനദേവൻ സ്‌മാരക ട്രസ്‌റ്റ് ഏർപ്പെടുത്തിയ വിദ്യാഭ്യാസ സ്‌കോളർഷിപ്പും വിതരണംചെയ്‌തു. സിപിഐ എം തൊടുപുഴ വെസ്റ്റ് ഏരിയ സെക്രട്ടറി ടി ആർ സോമൻ അധ്യക്ഷനായി. പാർടി സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറിയറ്റംഗം എം ജെ മാത്യു, ജില്ലാ കമ്മിറ്റിയംഗങ്ങളായ വി വി മത്തായി, കെ എൽ ജോസഫ്, മൂലമറ്റം, തൊടുപുഴ ഈസ്റ്റ് ഏരിയ സെക്രട്ടറിമാരായ ടി കെ ശിവൻ നായർ, ലിനു ജോസ്, ട്രസ്‌റ്റ് ചെയർമാൻ വി വി ഷാജി, സി കെ ലതീഷ് എന്നിവർ സംസാരിച്ചു.
എം ജിനദേവൻ അനുസ്മരണത്തോടനുബന്ധിച്ച് സിപിഐ എം തൊടുപുഴ വെസ്റ്റ് ഏരിയ കമ്മിറ്റി ഓഫീസിന് മുന്നില്‍ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ഏരിയ സെക്രട്ടറി ടി ആർ സോമൻ തുടങ്ങിയവർ സംസാരിച്ചു.
മലനാട് പ്ലാന്റേഷന്‍ എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) പുളിയന്‍മലയില്‍ എം ജിനദേവന്‍ അനുസ്മരണം നടത്തി. കര്‍ഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി മാത്യു ജോര്‍ജ് ഉദ്ഘാടനംചെയ്തു. കെ എ മണി അനുസ്മരണ പ്രഭാഷണം നടത്തി. എസ് എസ് പാല്‍രാജ്, സിബി എബ്രഹാം, സി കണ്ണന്‍, എന്‍ രാജേന്ദ്രന്‍, ബിജു വര്‍ക്കി, സി കുമാര്‍, പി കെ ദീപു എന്നിവര്‍ സംസാരിച്ചു.










0 comments