ad
Deshabhimani

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്; ഇന്ത്യക്ക് നേരിട്ട് ക്വാർട്ടർ ഫൈനൽ, പാകിസ്ഥാനെതിരെ പ്രാഥമികഘട്ട മത്സരങ്ങളില്ല

ASIAN GAMES

2023 ലെ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം

വെബ് ഡെസ്ക്

Published on Jul 25, 2026, 05:56 PM | 2 min read

ടോക്കിയോ: പുരുഷ വനിതാ വിഭാഗങ്ങളില്‍ ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റിലെ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് ഫൈനലിലെത്താന്‍ ഇത്തവണ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പം.


ട്വന്റി 20 റാങ്കിംഗിലെ മുന്‍നിര ഏഷ്യന്‍ ടീമുകളെന്ന നിലയില്‍ ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേഷ്, ശ്രീലങ്ക എന്നീ ടീമുകള്‍ ഗ്രൂപ്പ് ഘട്ടങ്ങള്‍ ഒഴിവാക്കി നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത കൊടുത്തിട്ടുണ്ട്.


അതിനാൽ ടൂര്‍ണമെന്റിന്റെ ആദ്യ ഘട്ടങ്ങളില്‍ കടുത്ത മത്സരങ്ങള്‍ ഒഴിവാക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്. കൂടാതെ നിലവിലെ ഗ്രൂപ്പ് ക്രമീകരണങ്ങള്‍ അനുസരിച്ചു ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടങ്ങള്‍ ടൂര്‍ണമെന്റിന്റെ അവസാന ഘട്ടങ്ങളില്‍ മാത്രം നടക്കത്തക്ക രീതിയിലാണ് മത്സരങ്ങൾ.


വനിതാ വിഭാഗം മത്സരങ്ങൾ


എട്ട് ടീമുകള്‍ മാറ്റുരയ്ക്കുന്ന വനിതാ മത്സരങ്ങൾ സെപ്റ്റംബര്‍ 17 മുതല്‍ 22 വരെ ട്വന്റി 20 ഫോര്‍മാറ്റിലാണ് നടതപെടുന്നത്. ആദ്യ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ആതിഥേയരായ ജപ്പാനെതിരെയാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യന്‍ വനിതാ ടീം കളത്തിലിറങ്ങുന്നത്.


ഈ മത്സരത്തിൽ ജപ്പാനെ തോല്‍പ്പിച്ചാല്‍ സെമിയില്‍ ചൈനയോ,ബംഗ്ലാദേശോ ആയിരിക്കും ഇന്ത്യൻ വനിതാ ടീമിന് എതിരാളികൾ. മറുഭാഗത്ത്, തായ്ലന്‍ഡിനൊപ്പം പാകിസ്ഥാന്‍ എതിര്‍ ഗ്രൂപ്പിലാണ് ഉൾപ്പെട്ടിരിക്കുന്നത്.


മലേഷ്യ ശ്രീലങ്കയെയും നേരിടും. ഈ ക്രമീകരണമായതിനാൽ വനിതാ വിഭാഗത്തില്‍ ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ ആവേശപ്പോരാട്ടം ഉണ്ടായാൽ അത് ഫൈനല്‍ മത്സരത്തില്‍ മാത്രമായിരിക്കും.


ചൈനയിലെ ഹാങ്ചൗൽ 2023 ല്‍ നടന്ന ഏഷ്യന്‍ ഗെയിംസിന്റെ ക്രിക്കറ്റ് ഫൈനലില്‍ ശ്രീലങ്കയെ 19 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ വനിതകള്‍ ചരിത്രത്തിലാദ്യമായി സ്വര്‍ണ മെഡല്‍ നേടിയത്. ഈ ആത്മവിശ്വാസത്തോടെയാണ് ടീം ഇന്ത്യ ഇത്തവണ ഇറങ്ങുന്നത്.


പുരുഷ വിഭാഗം മത്സരങ്ങൾ


പുരുഷ വിഭാഗം മത്സരങ്ങള്‍ സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ 1 വരെയാണ് നടക്കുന്നത്. ട്വന്റി 20 റാങ്കിംഗിലെ മുന്‍നിര ഏഷ്യന്‍ ടീമുകലയ ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേഷ്, ശ്രീലങ്ക എന്നീ ടീമുകള്‍ ഗ്രൂപ്പ് ഘട്ടങ്ങള്‍ ഒഴിവാക്കി നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.


ഗ്രൂപ്പ് എയില്‍ നേപ്പാള്‍, ജപ്പാന്‍,അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകള്‍ കളിക്കും. ഗ്രൂപ്പ് ബിയില്‍ മലേഷ്യ, ഒമാന്‍,ഹോങ്കോംഗ്,ചൈന എന്നീ ടീമുകളും ഏറ്റുമുട്ടും. ഇതില്‍ നിന്ന് കൂടുതൽ വിജയവും നെറ്റ് റൺറേറ്റ്‌മുള്ള രണ്ട് ടീമുകളാണ് നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറുക.


കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയാണ് ഇന്ത്യന്‍ പുരുഷ ടീമും നിലവിലെ ചാമ്പ്യന്മാരായി എത്തിയത്. മഴമൂലം തടസ്സപ്പെട്ട ഫൈനലില്‍ ഇന്ത്യയെ വിജയികളായി പ്രഖ്യാപിച്ചത് ഉയര്‍ന്ന റാങ്കിംഗിന്റെ അടിസ്ഥാനത്തിലാണ് .


ഇരു ഇന്ത്യന്‍ ടീമുകളും മികച്ച പോരാട്ടങ്ങളിലൂടെ മുന്നേറിയാല്‍, സ്വര്‍ണ മെഡലിനായി നടക്കുന്ന പോരാട്ടത്തില്‍ ആരാധകര്‍ക്ക് വനിതാ പുരുഷ വിഭാഗങ്ങളിൽ രണ്ട് ഇന്ത്യ-പാകിസ്ഥാന്‍ ഫൈനൽ മത്സരങ്ങള്‍ കാണാന്‍ കളമൊരുങ്ങിയേക്കാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home