ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി; യുവജനങ്ങളുടെ പോരാട്ടവീര്യത്തെ പ്രശംസിച്ച് ദിനേശ് കാര്‍ത്തിക്

ചെന്നൈ: യുവജന പ്രക്ഷോഭങ്ങളെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെച്ചതിനു പിന്നാലെ യുവതലമുറയുടെ പോരാട്ടവീര്യത്തെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തിക്.
നിലവിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെക്കുറിച്ചോ,രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ചോ നേരിട്ട് പരാമര്‍ശങ്ങൾ നടത്തിയില്ലെങ്കിലും യുവ ജനങ്ങളുടെ, വിട്ടുവീഴ്ചയില്ലാത്ത മനോഭാവം വ്യക്തത,കൂട്ടായ്മ എന്നിവയെ കാര്‍ത്തിക് പ്രശംസിച്ചു.
ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് രാജ്യത്തെ യുവതലമുറയ്ക്ക് ആത്മവിശ്വാസം പകരുന്ന സന്ദേശവുമായി രംഗത്തെത്തിയത്.
നിരന്തരമായ യുവജന പ്രക്ഷോഭങ്ങളെ തുടർന്ന് മന്ത്രിയുടെ രാജിയെന്ന വലിയ വിജയത്തിലേക്ക് യുവജനങ്ങളുടെ പ്രതിഷേധം എത്തിയ ദിവസമാണ് കാര്‍ത്തിക് തന്റെ പ്രതികരണം എക്‌സിലൂടെ അറിയിച്ചത്. പ്രക്ഷോഭങ്ങള്‍ക്കിടെ പ്രതികരിച്ച ചുരുക്കം ചില പ്രമുഖ കായിക താരങ്ങളില്‍ ഒരാളാണ് അദ്ദേഹം.
രാജ്യത്തെ യുവാക്കളുടെ നിശ്ചയദാര്‍ഢ്യത്തെ അദ്ദേഹം വാനോളം പുകഴ്ത്തി. ''നമ്മളെല്ലാം പ്രവര്‍ത്തിക്കുന്നത് മികച്ചൊരു ഇന്ത്യയ്ക്ക് വേണ്ടിയാണ്. ഇന്നത്തെ യുവതലമുറയുടെ വ്യക്തതയും കൂട്ടായ്മയും വിട്ടുവീഴ്ചയില്ലാത്ത മനോഭാവവും എന്നെ അതിശയിപ്പിക്കുന്നു. ഭാവി ശോഭനമാണ്, വരും തലമുറ നമ്മെ പുതിയ ഉയരങ്ങളില്‍ എത്തിക്കും. ജയ് ഹിന്ദ്.'' കാര്‍ത്തിക് കുറിച്ചു.
നേരത്തെ, ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും യുവരാജ് സിംഗും വിദ്യാര്‍ത്ഥികളെ പിന്തുണച്ചും സമാധാനം പാലിക്കാന്‍ അഭ്യര്‍ത്ഥിച്ചും സന്ദേശങ്ങള്‍ പങ്കുവെച്ചിരുന്നു.









0 comments