സീസൺ കഴിഞ്ഞാലും ആവശ്യക്കാർ; ലഡാക്ക് ആപ്രിക്കോട്ടിന് പ്രിയമേറുന്നു

ലഡാക്കിലെ ഉണക്കിയ ആപ്രിക്കോട്ട് വിൽക്കുന്ന കട | Photo Credit: Imran Nissar / via The Hindu
ന്യൂഡൽഹി : ആഗോളതലത്തിൽ പഴവിപണിയിൽ ഇടം നേടാനുള്ള ഒരുക്കത്തിലാണ് ലഡാക്കിൽ നിന്നുള്ള ആപ്രിക്കോട്ട്. ഈ സീസണിൽ 1000 മെട്രിക് ടൺ ആപ്രിക്കോട്ടാണ് ലഡാക്കിൽ നിന്ന് കയറ്റുമതി ചെയ്തത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ വെറും 1500 കിലോ കയറ്റുമതി ചെയ്തിരുന്ന സ്ഥാനത്തു നിന്നാണ് ഈ വലിയ കുതിപ്പ്. സീസണിൽ ആദ്യമായി കയറ്റുമതി ചെയ്യുന്നത് യുഎഇയിലേക്കാണ്. അഞ്ച് മെട്രിക് ടൺ ഓർഗാനിക് ആപ്രിക്കോട്ട് ആണ് കയറ്റി അയച്ചത്. ലുലു ഗ്രൂപ്പുമായി ഒപ്പുവെച്ച് കരാർ പ്രകാരമാണ് കയറ്റുമതി.
ഖാന്തെ, എൻഗാർമോ, റാക്റ്റ്സി കാർപോ, ന്യാർമോ, ഹാൽമാൻ എന്നിങ്ങനെയുള്ള ഇനങ്ങൾ ഉൾപ്പടെ 80 തനതായ ആപ്രിക്കോട്ട് ഇനങ്ങൾ ലഡാക്കിലുണ്ട്. ഷാം ബെൽറ്റ്, നുബ്ര വാലി, കാർഗിൽ തുടങ്ങിയ പ്രദേശങ്ങളിലായി 2,000 ഹെക്ടറിലധികം വിസ്തൃതിയിൽ 15, 789 ടൺ ആപ്രിക്കോട്ട് ഉൽപാദിപ്പിക്കുന്നുണ്ട്. 10,656 മെട്രിക് ടൺ ഉൽപാദിപ്പിക്കുന്ന കാർഗിലാണ് പട്ടികയിൽ ഒന്നാമത്.
ജൂൺ അവസാനം മുതൽ ജൂലൈ ആദ്യം വരെയും ഓഗസ്റ്റ് വരെയുമാണ് ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള ആപ്രിക്കോട്ടുകൾ വിളവെടുക്കുന്നത്. ലഡാക്ക് ആപ്രിക്കോട്ടുകൾ ജൂലൈ പകുതിയിലും സെപ്റ്റംബർ ആദ്യത്തിലുമാണ് പാകമാകുന്നത്. അതിനാൽ ലഡാക്കിലെ ആപ്രിക്കോട്ടുകൾക്ക് നേട്ടം കൂടുതലാണ്. കാരണം സാധാരണരീതിൽ ആപ്രിക്കോട്ട് സീസൺ അവസാനിക്കുമ്പോഴാണ് ലഡാക്ക് ആപ്രിക്കോട്ടുകൾ വിപണിയിലെത്തുന്നത്.
ലഡാക്ക് ആപ്രിക്കോട്ടുകളുടെ പ്രധാന പോരായ്മകൾ പരിമിതമായ സീസണും കുറഞ്ഞ ഷെൽഫ് ലൈഫുമാണ്. ഈ പോരായ്മകളാണ് ആപ്രിക്കോട്ട് ഉണക്കി വിപണിയിലെത്തിക്കാൻ ലഡാക്കിലേയും കശ്മീരിലേയും കർഷകരെ നിർബന്ധിതരാക്കിയത്. ലഡാക്കിലെയും കശ്മീരിലെയും കല്യാണങ്ങളിലെ പ്രധാന വിഭവമാണ് ഉണക്കിയ ആപ്രിക്കോട്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ ആപ്രിക്കോട്ട് ഉൽപാദക പ്രദേശമാണ് കാർഗിൽ, എന്നിട്ടും ഹെൽമാന ആപ്രിക്കോട്ടിന് ഇതുവരെ ജിഐ ടാഗ് നൽകിയിട്ടില്ല. പ്രധാന ഉൽപാദക മേഖലയായ കാർഗിലിൽ സ്ഥാപിക്കുന്നതിനു പകരം ലേയിലാണ് ആപ്രിക്കോട്ട് സെന്റർ ഫോർ എക്സലൻസ് സ്ഥാപിക്കാൻ കേന്ദ്രം ഒരുങ്ങുന്നത്.









0 comments