ഏഷ്യൻ ഗെയിംസിന് ചുഴലിക്കാറ്റ് ഭീഷണി; താരങ്ങളെ ഒഴിപ്പിച്ചേക്കുമെന്ന് മുന്നറിയിപ്പ്

നഗോയ: ഏഷ്യൻ ഗെയിംസിനു മുന്നോടിയായി നഗോയയിൽ കനത്ത പ്രകൃതിക്ഷുഭിത ഭീഷണി. ഐചി-നഗോയ തീരത്തേക്ക് ശക്തമായ ചുഴലിക്കാറ്റ് വീശിയടിക്കാൻ സാധ്യതയുള്ളതിനാൽ അത്യാവശ്യ ഘട്ടങ്ങളിൽ കായികതാരങ്ങളെ താൽക്കാലികമായി ഒഴിപ്പിച്ചേക്കുമെന്ന് ജാപ്പനീസ് അധികൃതർ അറിയിച്ചു.
താമസസൗകര്യങ്ങളുമായി ബന്ധപ്പെട്ട വലിയ വിവാദങ്ങൾക്കും പ്രതിസന്ധികൾക്കും പിന്നാലെയാണ് ഗെയിംസിന് പുതിയ തിരിച്ചടി നേരിട്ടിരിക്കുന്നത്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ തീരദേശ നഗരത്തിൽ കാറ്റ് വീശിയടിച്ചാൽ കായികതാരങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുമെന്നാണ് മുന്നറിയിപ്പ്.
ശനിയാഴ്ച ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കാനിരിക്കെ, സെപ്തംബർ 21-ഓടെ 'ദുജുൻ' ഉഷ്ണമേഖലാ കൊടുങ്കാറ്റ് മധ്യ ജപ്പാനിലേക്ക് അടുക്കുമെന്നാണ് പ്രവചനം. മണിക്കൂറിൽ 90 കിലോമീറ്ററിലധികം വേഗതയിലുള്ള കാറ്റിനാണ് സാധ്യത.
സാധാരണ മഴയാണെങ്കിൽ ഗെയിംസ് തടസ്സമില്ലാതെ തുടരുമെന്നും, എന്നാൽ കനത്ത മഴയെത്തുടർന്ന് അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയാണെങ്കിൽ താരങ്ങളെ ഒഴിപ്പിക്കുമെന്നും ഗെയിംസ് ഡെപ്യൂട്ടി പ്രസിഡന്റും നഗോയ മേയറുമായ ഇചിറോ ഹിരോസാവ വ്യക്തമാക്കി.
ആഡംബര കപ്പലിനും പ്രത്യേക സുരക്ഷാ പദ്ധതി
ആയിരക്കണക്കിന് താരങ്ങൾക്കും ഉദ്യോഗസ്ഥർക്കും താമസത്തിനായി സജ്ജീകരിച്ചിരിക്കുന്ന 'കോസ്റ്റ സെലീന' എന്ന ഇറ്റാലിയൻ ആഡംബര കപ്പലിനും പ്രത്യേക സുരക്ഷാ പദ്ധതിയുണ്ട്. കൊടുങ്കാറ്റ് ശക്തമായാൽ കപ്പൽ നങ്കൂരമിട്ടിരിക്കുന്ന സ്ഥലത്തുനിന്ന് മാറ്റി സുരക്ഷിത തീരത്തേക്ക് കൊണ്ടുപോകുമെന്ന് അധികൃതർ അറിയിച്ചു.
കോസ്റ്റ സെലീന
കഴിഞ്ഞ ദിവസം നഗോയയിലുണ്ടായ കനത്ത മഴയെത്തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും, നൂറുകണക്കിന് താരങ്ങളെ താൽക്കാലികമായി ഒഴിപ്പിക്കേണ്ടി വരികയും ചെയ്തിരുന്നു. 17,000-ത്തോളം പേർ പങ്കെടുക്കുന്ന ഗെയിംസിൽ, പരമ്പരാഗത വില്ലേജിന് പകരം ഹോട്ടലുകളും കണ്ടെയ്നർ മാതൃകയിലുള്ള ഷെഡുകളും കപ്പലുമാണ് താമസത്തിനായി ഒരുക്കിയിരിക്കുന്നത്.

ഇതിനെതിരെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും എല്ലാ താരങ്ങൾക്കും മത്സരിക്കാനുള്ള സാഹചര്യം ഒരുക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.









0 comments