ad
Deshabhimani

‘സരൾ കേരളം’ വിജയിച്ച പദ്ധതിയുടെ വികലമായ അനുകരണം

kerala is inviting

ഇൻവെസ്റ്റ് കേരള ആ​ഗോള ഉച്ചകോടി (ഫയൽചിത്രം)

avatar
ജി രാജേഷ്കുമാർ

Published on Sep 18, 2026, 06:38 PM | 4 min read

തിരുവനന്തപുരം: കേരളത്തിലേക്ക്‌ പുതിയ നിക്ഷേപങ്ങളും ബിസിനസും എളുപ്പത്തില്‍ ആകര്‍ഷിക്കാൻ എന്ന പേരിൽ മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച ‘സരള്‍ കേരളം' എൽഡിഎഫ്‌ സർക്കാരുകൾ നടപ്പാക്കി വിജയിപ്പിച്ച പദ്ധതികളുടെ കോപ്പിയടി മാത്രം. സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ഒന്നും രണ്ടും പിണറായി സർക്കാരുകൾ സ്വീകരിച്ച ഇ‍ൗസ്‌ ഓഫ്‌ ഡൂയിംഗ്‌ ബിസിനസിന്റെ ഭാഗമായി നടപ്പാക്കി വിജയിപ്പിച്ച പരിപാടികളാണ്‌ വീണ്ടും അവതരിപ്പിക്കുന്നത്‌.

മുഖ്യമന്ത്രിയുടെ അവകാശവാദം

‘പുതിയ നിക്ഷേപങ്ങളും ബിസിനസും എളുപ്പത്തില്‍ ആകര്‍ഷിക്കാനായി ‘സരള്‍ കേരളം' ( സിംപ്ലിഫൈഡ്‌ ആന്റ്‌ ആക്‌സിലറേറ്റഡ്‌ റഗുലേറ്ററി അപ്രൂവൽസ്‌ ആന്റ്‌ ലൈസൻസ്‌) നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വ്യവസായ സംരംഭങ്ങള്‍ക്ക് ആവശ്യമായ ലൈസന്‍സുകളും അനുമതികളും വൈകാതെ ലഭ്യമാക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം. എല്ലാ അനുമതികളും ഒരൊറ്റ കേന്ദ്രത്തിലൂടെ നല്‍കാനായി ഒരു ഏകീകൃത അതോറിറ്റിക്ക് രൂപം നല്‍കും. ഇതിന്റെ ഭാഗമായി നിലവിലുള്ള 19 നിയമങ്ങളില്‍ കാതലായ ഭേദഗതികള്‍ വരുത്താനും തീരുമാനിച്ചു’.

​യാഥാർഥ്യം

2016 മുതൽ എൽഡിഎഫ്‌ സർക്കാർ സംസ്ഥാനത്ത് വ്യവസായ നിക്ഷേപം ആകർഷിക്കുന്നതിനായി നിരവധി നടപടികൾ സ്വീകരിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനം വ്യവസായ സ‍ൗഹൃദ സൂചികകളിൽ വളരെ മുന്നിലെത്തി. കേരളത്തിൽ വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ഈസ് ഓഫ്‌ ഡൂയിംഗ് ബിസിനസിന്റെ ഭാഗമായി നിരവധി നിയമനിർമ്മാണങ്ങളും നിയമ ഭേദഗതികളും വരുത്തി. അതിലൂടെ സ്റ്റേറ്റ് ബിസിനസ്സ് റിഫോം ആക്ഷൻ പ്ലാനിൽ (SBRAP) മികച്ച നേട്ടം കൈവരിക്കുവാനും സംസ്ഥാനത്തിന് കൂടുതൽ നിക്ഷേപം ലഭിക്കുന്നതിനും സാധിച്ചു. ആക്ഷൻ പ്ലാൻ നടപ്പാക്കുന്നതിൽ 2016ൽ കേരളത്തിന്റെ സ്‌കോർ 22.8 ശതമാനാമായിരുന്നു. 2022ൽ അത്‌ 91 ശതാമനത്തിലേക്ക്‌ എത്തി. 2024ൽ സ്‌കോർ 99.1 ശതമാനമായി.2024ൽ വ്യവസായ കേന്ദ്രീകൃത നയങ്ങളിൽ രണ്ട്‌ വിഭാഗങ്ങളിൽ കേരളം രാജ്യത്ത്‌ ഒന്നാമതായി. 2025ൽ നാല്‌ വിഭാഗത്തിൽ ഒന്നാമതെത്തുകയും ‘ഫാസ്‌റ്റ്‌ മൂവേഴ്‌സ്‌’ വിഭാഗത്തിലേക്ക്‌ മാറുകയും ചെയ്‌തു.


സംരംഭക പ്രോത്സാഹനത്തിന്‌ പുതിയ നിയമം

സംസ്ഥാനത്ത് വ്യവസായം ആരംഭിക്കുവാൻ മുന്നോട്ട് വരുന്ന സംരംഭകർക്കും നിലവിലുള്ള സംരംഭകർക്കും ഒരുപോലെ പ്രോത്സാഹനം നൽകുന്ന പ്രവർത്തനങ്ങളാണ്‌ ആവിഷ്ക്കരിച്ച്‌ നടപ്പാക്കിയത്‌. പുതിയ സംരംഭങ്ങൾക്ക്‌ സമയബന്ധിതമായി അനുമതികൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ‘ കേരള നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും നിയമം' 2018-ൽ കൊണ്ടുവന്നു. ഇ‍ൗ നിയമപ്രകാരം വ്യാവസായിക അനുമതികളുടെ കാലാവധി അഞ്ച് വർഷമാക്കി ഉയർത്തി. അപേക്ഷ സമർപ്പിച്ച നാൾ മുതൽ 30 ദിവസത്തിനുള്ളിൽ സംസ്ഥാന നിയമങ്ങൾക്ക് കീഴിലുള്ള അനുമതികൾ അതതു വകുപ്പുകൾ ലഭ്യമാക്കണമെന്നത്‌ നിയമപരമായ ബാധ്യതയാക്കി. അല്ലാത്തപക്ഷം അപേക്ഷയ്ക്ക് ഏകജാലക ബോർഡിന്റെ കല്പിത അനുമതി ലഭ്യമാകുന്ന വ്യവസ്ഥ കൊണ്ടുവന്നു.

കെ–സ്വിഫ്റ്റ് ഏകജാലക സംവിധാനം

എല്ലാ അനുമതികളും പരമാവധി 30 ദിവസത്തിനുള്ളിൽ ലഭ്യമാക്കാൻ കെ-–സ്വിഫ്റ്റ് എന്ന ഏകജാലക ഓൺലൈൻ സംവിധാനം നടപ്പിലാക്കി. 22 വിവിധ സർക്കാർ വകുപ്പുകളുടെ 120- ഓളം അനുമതികളും ലൈസൻസുകളും ഈ സംവിധാനം വഴി സംരംഭകന് ലഭ്യമാകുന്നു. പുതിയ സംരംഭങ്ങൾക്ക് അനുമതി നൽകുന്നതോടൊപ്പം നിലവിലുള്ളവയുടെ അനുമതികൾ പുതുക്കിനൽകുന്നതിനും കെ–-സ്വിഫ്റ്റിനെ സജ്ജമാക്കി.


കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ സുഗമമാക്കൽ നിയമത്തിലൂടെ, മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാനദണ്ഡങ്ങൾ പ്രകാരം ചുവന്ന വിഭാഗത്തിൽ പെടാത്ത സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് മൂന്നരവർഷം വരെ സംസ്ഥാന നിയമങ്ങൾക്കുകീഴിലുള്ള ചില ലൈസൻസുകൾ എടുക്കേണ്ടതില്ലെന്ന്‌ വ്യവസ്ഥപ്പെടുത്തി. കെ-–സ്വിഫ്റ്റിലൂടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഓൺലൈൻ സത്യവാങ്‌മൂലം സമർപ്പിച്ചു കൈപ്പറ്റ് സാക്ഷ്യപത്രം കരസ്ഥമാക്കി സംരംഭം ഉടനടി തുടങ്ങാൻ സാധിക്കും. ഇ‍ൗ നിയമത്തിനുകീഴിൽ 2026 ഫെബ്രുവരിവരെ 92,030 സംരംഭങ്ങൾക്ക് തത്വത്തിലുള്ള അംഗീകാര സാക്ഷ്യപത്രങ്ങൾ നൽകി

കെ–സ്വിസ്‌

വ്യവസായ സ്ഥാപനങ്ങളിൽ വിവിധ സർക്കാർ വകുപ്പുകൾ നടത്തുന്ന പരിശോധനകൾ ഒരുമിച്ചു നടത്തുവാനും, അനാവശ്യ പരിശോധനകൾ കെ–സ്വിസ്‌ ഓൺലൈൻ ഏകീകൃത പരിശോധനാ സംവിധാനം നടപ്പിലാക്കി

പരാതി പരിഹാര കമ്മിറ്റികൾ

വിവിധ വകുപ്പുകൾ സംരംഭകർക്ക് ലഭ്യമാക്കേണ്ട അനുമതി അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിലുണ്ടാകുന്ന പരാതികൾ സമയബന്ധിതമായി തീർപ്പാക്കുന്നതിന്‌ നിയമ പിന്തുണയുള്ള പരാതിപരിഹാര കമ്മിറ്റികളും രൂപീകരിച്ചു. 1999-ലെ ‘കേരള വ്യവസായ ഏകജാലക ബോർഡുകളും വ്യവസായ നഗരപ്രദേശ വികസനവും നിയമ’ത്തിൽ ആവശ്യാനുസൃതമായ ഭേദഗതികൾ വരുത്തിക്കൊണ്ടാണ് ജില്ലാതലങ്ങളിലും സംസ്ഥാനതലത്തിലും പരാതി പരിഹാര കമ്മിറ്റികൾ രൂപീകരിച്ചത്‌.

പുതിയ വ്യവസായ നയം

നിലവിലുള്ള സംരംഭങ്ങളുടെയും പുതുതലമുറ മേഖലകളിലെ സംരംഭങ്ങളുടെയും ഉന്നമനം ലക്ഷ്യമിട്ട് പുതിയ വ്യവസായ നയം നടപ്പാക്കി. കേരളത്തിന് ഇണങ്ങുന്ന മേഖലകളിൽ വൻകി‌ട നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കാനും, സാങ്കേതിക വൈദഗ്‌ധ്യമുള്ള മാനവവിഭവശേഷിയെ വിനിയോഗിക്കാൻ കഴിയുന്ന ആധുനിക സ്മാർട്ട് വ്യവസായങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്ന നയമാണ്‌ നടപ്പാക്കിയത്‌. ഇതിലൂടെ ത്വരിതഗതിയിലുള്ള സ്ഥായിയായ വ്യവസായവൽകരണം ലക്ഷ്യമിട്ടു. സ്ഥായിയായ വ്യവസായ വികസനം സാധ്യമാക്കാനാണ്‌ നയം കൊണ്ടുവന്നത്‌. നയത്തിലൂടെ 22 മേഖലകളെ മുൻഗണനാ മേഖലകളാക്കി. അവയിലെ സംരംഭങ്ങൾക്ക് 18 ഇൻസെന്റീവുകൾ പ്രഖ്യാപിച്ചു. പ്രത്യേക മേഖലകളുടെ വികസനം ലക്ഷ്യംവച്ചുകൊണ്ട് കേരള ലോജിസ്റ്റിക്സ് പോളിസി, ഇഎസ്‌ജി പോളിസി, കേരള എക്സ്പോർട്ട് പ്രമോഷൻ പോളിസി, കേരള ഹൈടെക്ക് മാനുഫാക്‌ചറിംഗ് ഫ്രെയിംവർക്ക്, കേരള ഗ്രഫിൻ പോളിസി എന്നിവയും നടപ്പാക്കി.

പുതിയ ഭൂമി അനുവദിക്കൽ ചട്ടം

വ്യവസായ വാണിജ്യ ഡയറക്ടറേറ്റിനുകീഴിലെ വ്യവസായ പാർക്കുകൾക്കായി പുതിയ ലാൻഡ് അലോട്ട്മെന്റ് റൂൾ നിലവിൽ വന്നു. ഇതിലൂടെ സംരംഭകർ വ്യവസായ പാർക്കുകളുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമായി. സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾക്ക്‌ 3 കോടി രൂപവരെ സബ്സിഡി നൽകുന്ന പുതിയ പദ്ധതി കൊണ്ടുവവന്നു. 40നുമുകളിൽ എസ്‌റ്റേറ്റുകൾക്ക്‌ വികസനാനുമതി (ഡെവലപ്മെന്റ് പെർമിറ്റ്) നൽകി. കോളേജ്‌ ക്യാമ്പസുകളിൽ നിലവിലുള്ള അധിക ഭൂമി വ്യവസായ ഉപയോഗിക്കുന്നതിനായി ആവശ്യങ്ങൾക്കായി ക്യാമ്പസ് വ്യവസായ പാർക്കുകൾ തുടങ്ങാനുള്ള നയവും ആവിഷ്കരിച്ചു നടപ്പിലാക്കി.

നേട്ടങ്ങൾ ഒട്ടേറെ

കേരളം സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്‌ മുഖേന 449 സ്ഥാപനങ്ങളിൽനിന്നായി 1,80,000 കോടി രൂപയിലധികം മൂല്യമുള്ള നിക്ഷേപ താൽപര്യപത്രങ്ങളാണ്‌ ലഭിച്ചത്‌. വൻകിട നിക്ഷേപകരുടെ വലിയ നിര കേരളത്തിലേക്ക്‌ എത്തി.


ടിസിഎസ്‌ ലിമിറ്റഡ്‌ കാക്കനാട്ടെ ഇലക്‌ട്രോണിക്‌സ്‌ മാനുഫാക്ടറിങ്‌ ക്ലസ്‌റ്ററിൽ ഇന്നവേഷൻ പാർക്ക്‌ സ്ഥാപിക്കുന്നു. 700 കോടി നിക്ഷേപത്തിൽ 10,000 ജീവനക്കാർ പ്രവർത്തിക്കുന്ന ക്യാന്പസാണ്‌ ഒരുക്കുന്നത്‌.


കഴക്കൂട്ടഴത്ത കിൻഫ്ര ഫിലീം ആൻഡ്‌ വീഡിയോ പാർക്ക്‌ പ്രത്യേക സാന്പത്തിക മേഖലയിൽ അത്യാധുനിക ഐടി കെട്ടിടം ടാറ്റാ എൽക്‌സി ഏറ്റെടുത്തു. ഉടൻ സ്ഥാപനം പ്രവർത്തനം ആരംഭിക്കുകയാണ്‌.


പാലക്കാട്‌ കഞ്ചിക്കോട്ട്‌ കിൻഫ്ര ഇൻഡസ്‌ട്രിയൽ ആൻഡ്‌ ടെക്‌സൈ്‌റ്റയിൽ പാർക്കിൽ ഹെയിൽസ്‌റ്റോൺ ഇന്നവേഷൻ പ്രൈവറ്റ്‌ ലിമിറ്റഡിന്‌ യന്ത്രനിർമ്മാണവും എൻജിനിയറിങ്‌, പ്രൊക്യുർമെന്റ്‌, കണസ്‌ട്രക്ഷൻ സേവനങ്ങൾക്കുമായി സ്ഥലം ലഭ്യമാക്കി.


കിൻഫ്ര ഇന്റഗ്രേറ്റഡ് ഇൻഡസ്ട്രിയൽ ആൻഡ് ടെക്സ്സ്റ്റൈൽ പാർക്കിന്റെ രണ്ടാംഘട്ടത്തിൽ 74 ഏക്കർ ഭൂമി ബിപിസിഎല്ലിന്‌ പെട്രോളിയം, ഓയിൽസ്, ആൻഡ് ലൂബ്രിക്കന്റ്സ് ടെർമിനൽ സ്ഥാപിക്കാൻ അനുവദിച്ചു. ഇതിൽ പൈപ്പ്‌ലൈനുകളുടെ ഇൻസ്റ്റലേഷൻ, നിലവിലെ എൽപിജി ടാങ്കറുകൾക്കുള്ള പാർക്കിങ് എന്നിവ ഉണ്ടായിരിക്കും.


പെരുന്പാവൂരിലെ കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിൽ 28 ഏക്കർ ഭൂമി കൺസ്യൂമർ ഇലക്ട്രോണിക്, ഇ-–കൊമേഴ്സ് ലോജിസ്റ്റിക്സ്. ആയുർവേദ, ഫുഡ് പ്രോസസിങ്, റോബോട്ടിക്സ് ബ്ലോക്ക്, ആർ ആൻഡ് ഡി സെന്റർ, എസ്ഡിഎഫ് ബ്ലോക്ക്, റീട്ടെയിൽ, എംഎസ്എംഇ, ഇൻക്യുബെഷൻ ബ്ലോക്ക്, പ്ലഗ് ആൻഡ് പ്ലേ എന്നിവയ്ക്കായി കെയ്‌ൻസ്‌ ടെക്‌നോളജിസിന്‌ നൽകി. 350 കോടി രൂപയുടെ നിക്ഷേപവും 100 തൊഴിലവസരങ്ങളും ഇവിടെ ഉണ്ടാകും.


വി–ഗാർഡ്‌, അഗാപ്പൈ ഡയഗ്‌നോസ്‌റ്റിക്‌സ്‌, ഡിസ്‌പെയിസ്‌, വെൻഷുവർ, സിസ്‌ട്രോം ടെക്‌നോളജീസ്‌, കല്യാൺ ജ്വലേഴ്‌സ്‌, ട്രാൻസ്‌–ഏഷ്യൻ ഷിപ്പിങ്‌ കന്പനി തുടങ്ങിയ സ്ഥാപനങ്ങൾക്കെല്ലാം കേരളത്തിൽ തുടർ പ്രവർത്തനങ്ങൾക്കും സംരംഭങ്ങൾക്കും ഭൂമി ലഭ്യമാക്കി.


ഇനി വേണ്ടത്‌


നിക്ഷേപ നടപടികളുടെ ലളിതവത്‌കരണം, സമയബന്ധിത അനുമതികൾ, നയസ്ഥിരത, ഏകജാലക സംവിധാനങ്ങൾ, ഇൻവെസ്‌റ്റ്‌മെന്റ്‌ ഫെസിലിറ്റേഷൻ സംവിധാനങ്ങളുടെ ശക്തീകരണം എന്നിവ ചേർത്തപിടിച്ച്‌ കേരളത്തെ വിശ്വാസയോഗ്യവും നിക്ഷേപ സ‍ൗഹൃദവുമായ സംസ്ഥാനമാക്കി മാറ്റിട്ടിയിട്ടുണ്ട്‌. ഇതിനെത്തുടർന്ന്‌ ആഭ്യന്തരവും വിദേശവുമായ നിക്ഷേപങ്ങൾ സംസ്ഥാനത്തേയ്‌ക്ക്‌ ആകർഷിക്കപ്പെടുന്ന സാഹചര്യം സൃഷ്ടിച്ചു. അതിനെ സംരക്ഷിച്ച്‌ മുന്നോട്ടുകൊണ്ടുപോകേണ്ടതിന്‌ പകരം നയം മാറ്റത്തിന്‌ ശ്രമിക്കുന്നത്‌ വിപരീത ഫലം സൃഷ്ടിക്കുമെന്ന ആശങ്കയിലാണ്‌ വ്യവസായ, വാണിജ്യ മേഖല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home