ഫിലിപ്പീൻസിൽ സ്കൂളിൽ വെടിവെപ്പ്; രണ്ട് സഹപാഠികളെ കൊല്ലപ്പെടുത്തി വിദ്യാർഥി ജീവനൊടുക്കി

Image Credit : REUTERS
മനില : ഫിലിപ്പീൻസിൽ സ്കൂളിലുണ്ടായ വെടിവെപ്പിൽ മൂന്ന് വിദ്യാർഥികൾ കൊല്ലപ്പെട്ടു. സഹപാഠികൾക്ക് നേരെ വെടിയുതിർത്ത ശേഷം വിദ്യാർഥി സ്വയം വെടിവെച്ചു മരിച്ചു. സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെല്ലാം വിദ്യാർഥികളാണ്. സ്കൂളിന്റെ കോമ്പൗണ്ടിനകത്താണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. തോക്കുമായി സ്കൂളിലെത്തിയ വിദ്യാർഥി സഹപാഠികൾക്കെതിരെ അപ്രതീക്ഷിതമായി വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ രണ്ട് വിദ്യാർഥികളെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മറ്റു വിദ്യാർഥികളുടെ നിലവിലെ ആരോഗ്യനിലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അധികൃതിർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രതി സഹപാഠികളെ ആക്രമിച്ചതിന് പിന്നാലെ ഇതേ തോക്കുപയോഗിച്ച് ജീവനൊടുക്കുകയായിരുന്നു.
വിദ്യാർഥിയെ ഇത്തരമൊരു കുറ്റം ചെയ്യാൻ പ്രകോപിപ്പിച്ച കാരണമെന്തെന്നോ, ആയുധം എവിടെ നിന്നാണ് ലഭിച്ചതെന്നോ വ്യക്തമല്ല. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫിലിപ്പീൻസിൽ ഇത്തരം സംഭവങ്ങൾ നിരന്തരമായി തുടരുകയാണ്. കഴിഞ്ഞ മാസം സാംബോവങ്കയിലെ ഒരു ക്ലാസ് മുറിയിൽ വിദ്യാർഥി മറ്റൊരു വിദ്യാർത്ഥിയെ വെടിവച്ചു കൊന്ന ശേഷം ലൈവ് സ്ട്രീം ചെയ്ത് ആത്മഹത്യ ചെയ്തിരുന്നു. ജൂണിൽ ടാക്ലോബാനിലെ ഒരു പബ്ലിക് ഹൈസ്കൂളിൽ നടന്ന വെടിവെപ്പിൽ മൂന്ന് വിദ്യാർഥികൾ കൊല്ലപ്പെടുകയും ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പ്രായപൂർത്തിയാകാത്തവരുടെ കൈയ്യെത്തും ദൂരത്ത് തോക്കുകൾ സൂക്ഷിക്കണമെന്ന് സൗത്ത് കൊട്ടബാറ്റോ ഗവർണർ റെയ്‌നാൽഡോ തമായോ മാതാപിതാക്കളോട് അഭ്യർഥിച്ചു. തോക്കുകൾ സൂക്ഷിക്കുന്നതിൽ ഉത്തരവാദിത്തമുള്ളവരായിരിക്കണമെന്നും പ്രായപൂർത്തിയാകാത്തവർക്ക് അവ ലഭ്യമാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മേയർ കൂട്ടിച്ചേർത്തു. വിദ്യാർഥികളെ നിരീക്ഷിക്കാൻ സുരക്ഷ ഉദ്യോഗസ്ഥർക്ക് കഴിയില്ല. ഈ വിഷയത്തിൽ രക്ഷിതാക്കൾ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.









0 comments