ad
Deshabhimani

ഏഷ്യാകപ്പ്‌ വനിതാ ട്വന്റി20 : ഇന്ത്യക്ക്‌ 94 റൺ ജയം

saoman
വെബ് ഡെസ്ക്

Published on Aug 31, 2026, 12:25 AM | 1 min read

ദുബായ്‌
ദുർബലരായ തായ്‌ലൻഡിനെ 94 റണ്ണിന്‌ തോൽപ്പിച്ച്‌ ഏഷ്യാകപ്പ്‌ വനിതാ ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യ അരങ്ങേറി. അർധസെഞ്ചുറി നേടിയ ഓപ്പണർ ഷഫാലി വർമയുടെ മികവിലാണ്‌ ജയം. സ്‌പിൻ ബ‍ൗളർമാരുടെ പ്രകടനവും നിർണായകമായി. സ്‌കോർ: ഇന്ത്യ 159/9, തായ്‌ലൻഡ്‌ 65 (16.1).ഷഫാലി 36 പന്തിൽ എട്ട്‌ ഫോറും മൂന്ന്‌ സിക്‌സറുമടക്കം 64 റണ്ണടിച്ചു. ടോസ്‌ നഷ്‌ടപ്പെട്ട്‌ ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യക്ക്‌ ഓപ്പണർമാർ മികച്ച തുടക്കം നൽകിയെങ്കിലും മധ്യനിര തകർന്നടിഞ്ഞു.

ഷഫാലിയും സ്‌മൃതി മന്ദാനയും (19) ചേർന്ന്‌ 38 റണ്ണെടുത്തു. നാല്‌ ഫോറടിച്ച്‌ ഫോമിലായിരുന്ന സ്‌മൃതി റണ്ണ‍ൗട്ടായി. ഷഫാലി 26 പന്തിൽ 19–ാം അർധസെഞ്ചുറി നേടി. അരങ്ങേറ്റത്തിൽ പ്രതിക റാവൽ 22 റണ്ണുമായി മടങ്ങി. ആദ്യ 10 ഓവറിൽ 100 റൺ പിന്നിട്ട ബാറ്റർമാർ അടുത്ത 10 ഓവറിൽ തപ്പിത്തടഞ്ഞു. സ്‌പിന്നർമാരെ കളത്തിലിറക്കിയായിരുന്നു തായ്‌ലൻഡിന്റെ ആക്രമണം. സുലീപോൺ ലവോമി മൂന്ന്‌ വിക്കറ്റുമായി തിളങ്ങി. 29 റണ്ണിന്‌ ഏഴ്‌ വിക്കറ്റ്‌ നഷ്‌ടമായ ഇന്ത്യയെ അവസാന വിക്കറ്റിൽ ക്രാന്തി ഗ‍ൗഡും (15) ശ്രീചരണിയും (6) ചേർന്നാണ്‌ 150 കടത്തിയത്‌. ക്യാപ്‌റ്റൻ ഹർമൻ പ്രീത്‌ ക‍ൗർ(5), ഭാരതി ഫുൽമാലി (13), റിച്ചാഘോഷ്‌(0) ദീപ്‌തി ശർമ(5), പ്രേമാ റാവത്ത്‌ (6) എന്നിവർ വേഗം മടങ്ങി.


മറുപടിയിൽ തായ്‌ലൻഡ്‌ ബാറ്റർമാർക്ക്‌ ഇന്ത്യൻ സ്‌പിന്നർമാരെ നേരിടാനായില്ല. 41 റണ്ണെടുത്ത വിക്കറ്റ്‌കീപ്പർ നന്നാപത്‌ മാത്രമാണ്‌ ചെറുത്തുനിന്നത്‌. സ്‌പിന്നർ ദീപ്‌തി ശർമ 1.1 ഓവറിൽ റൺ വഴങ്ങാതെ മൂന്ന്‌ വിക്കറ്റെടുത്തു. പേസർ നന്ദിനി ശർമയ്‌ക്കും മൂന്ന്‌ വിക്കറ്റുണ്ട്‌. സ്‌പിന്നർ ശ്രീചരണി രണ്ടെണ്ണം നേടി.

തായ്‌ലൻഡ്‌ നാളെ പാകിസ്ഥാനെയും ഇന്ത്യ വ്യാഴാഴ്‌ച ഹോങ്കോങ്ങിനെയും നേരിടും. ബംഗ്ലാദേശും ഇന്തോനേഷ്യയും തമ്മിലാണ്‌ ഇന്ന്‌ രാത്രി കളി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home