print edition കുടിയേറ്റക്കാർക്കും സാധാരണക്കാർക്കും ആശ്വാസം; ബെർലിനിൽ ‘ഡീ ലിങ്കെ' പ്രത്യാശ

എലിഫ് എറാൾപ് ഡീ ലിങ്കെ പ്രവർത്തകരോട് സംസാരിക്കുന്നു
ബെർലിൻ: ജർമനിയിലെ പാശ്ചാത്യ മുതലാളിത്ത നയങ്ങൾക്കും തീവ്ര വലതുപക്ഷ വംശീയ ശക്തികൾക്കുമെതിരെ ബെർലിനിൽ ഇടതുപക്ഷം നേടിയ ചരിത്രവിജയത്തിൽ കുടിയേറ്റ തൊഴിലാളികളും സാധാരണക്കാരും പ്രതീക്ഷയിൽ.
തുർക്കിഷ് വംശജയായ എലിഫ് എറാൾപിന്റെ നേതൃത്വത്തിൽ ഡീ ലിങ്കെ പാർടിയുടെ മുന്നേറ്റം, കിഴക്കൻ മേഖലയിൽ തീവ്ര വലതുപക്ഷ കക്ഷിയായ എഎഫ്ഡി നടത്തുന്ന കടന്നുകയറ്റങ്ങൾക്കെതിരായ ജനകീയ പ്രതിരോധമായി. ബെർലിന്റെ ചരിത്രത്തിലാദ്യമായാണ് കുടിയേറ്റ പശ്ചാത്തലമുള്ളയാളോ ഇടതുപക്ഷ നേതാവോ മേയർപദവിയിലേക്ക് എത്തുന്നത്.
നവലിബറൽ നയങ്ങൾ സൃഷ്ടിച്ച വിലക്കയറ്റത്തിലും വാടകവർധനയിലും വലയുന്ന യുവജനങ്ങളും കുടിയേറ്റത്തൊഴിലാളികളുമാണ് ഡീ ലിങ്കെയുടെ വിജയത്തിന് പ്രധാന ശക്തിയായത്. വൻകിട ഭൂവുടമകളിൽനിന്നു വീടുകൾ പൊതുമേഖലയിലേക്ക് മാറ്റുമെന്നും വാടകയ്ക്ക് പരിധി നിശ്ചയിക്കുമെന്നും പ്രഖ്യാപിച്ചാണ് പാർടി ജനവിശ്വാസം നേടിയത്.
ഭവനരഹിതർക്കായി ക്ഷേമപദ്ധതികൾ വർധിപ്പിക്കുക, തദ്ദേശീയ തെരഞ്ഞെടുപ്പിൽ കുടിയേറ്റ തൊഴിലാളികൾക്ക് വോട്ടവകാശം ഉറപ്പാക്കുക തുടങ്ങിയ ബദൽനയങ്ങളും മുന്നോട്ടുവച്ചു. 25.70 ശതമാനം വോട്ട് നേടി ഡീ ലിങ്കെ ഒന്നാമതെത്തിയപ്പോൾ, എറാൾപിന്റെ വ്യക്തിഗത ജനപ്രീതി 36 ശതമാനമായി ഉയർന്നതായി സർവേകൾ വ്യക്തമാക്കുന്നു.
ബെർലിനിലെ 36 ലക്ഷം ജനങ്ങളിൽ പകുതിയോളവും തുർക്കി, അറബ് പശ്ചാത്തലമുള്ള കുടിയേറ്റക്കാരാണ്. യൂറോപ്പിലെ ഏറ്റവും വലിയ പലസ്തീൻ പ്രവാസ സമൂഹമുള്ള നഗരവുമാണ്. ജർമൻ സർക്കാരിന്റെ ഇസ്രയേലി അനുകൂല നിലപാടുകൾ കാരണം പലസ്തീൻ ഐക്യദാർഢ്യ ശബ്ദങ്ങളെ തീവ്രവാദമായി മുദ്രകുത്തി അടിച്ചമർത്തുന്ന സാഹചര്യത്തിലാണ് ഇടതുപക്ഷ മുന്നേറ്റം.
ഈവർഷം മൂന്ന് പലസ്തീൻ അനുകൂല പുസ്തകശാലകളുടെ ദേശീയ പുരസ്കാരങ്ങൾ ജർമനി റദ്ദാക്കി. ഭരണത്തിൽ മേധാവിത്വം ഉറപ്പാക്കാൻ സോഷ്യൽ ഡെമോക്രാറ്റുകളുടെയും (എസ്‌പിഡി) യാഥാസ്ഥിതിക കക്ഷിയായ സിഡിയുവിന്റെയും പിന്തുണ ഡീ ലിങ്കെയ്ക്ക് ആവശ്യമാണ്. ഭൂമി കണ്ടുകെട്ടുന്ന ഇടതുപക്ഷ നയങ്ങളെ എതിർക്കുന്ന ഈ കക്ഷികളുമായി ധാരണയിലെത്താൻ ദീർഘമായ ചർച്ചകൾ വേണ്ടിവരും.










0 comments