ad
Deshabhimani

ഏഷ്യാ കപ്പ്‌ 
വാങ്ങാതെ ഇന്ത്യ , പരാതിയുമായി 
ബിസിസിഐ

കളമൊഴിയാതെ വിവാദങ്ങൾ ; സാങ്കൽപ്പിക കപ്പുയർത്തി ഇന്ത്യ

Asia Cup Cricket trophy

സാങ്കൽപ്പികമായി കപ്പുയർത്തി ഏഷ്യാ കപ്പിലെ വിജയം ആഘോഷിക്കുന്ന ഇന്ത്യൻ ടീം

avatar
Sports Desk

Published on Sep 30, 2025, 12:11 AM | 2 min read


ദുബായ്‌

ഇന്ത്യയുടെ അഞ്ച്‌ വിക്കറ്റ്‌ ജയത്തോടെ കളി കഴിഞ്ഞിട്ടും ഏഷ്യാ കപ്പ്‌ ക്രിക്കറ്റിൽ വിവാദങ്ങൾ കളംവിടുന്നില്ല. ഏഷ്യൻ ക്രിക്കറ്റ്‌ ക‍ൗൺസിൽ (എസിസി) ചെയർമാനും പാകിസ്ഥാൻ മന്ത്രിയുമായ മൊഹ്‌സിൻ നഖ്‌വിയുടെ കൈയിൽനിന്ന്‌ ട്രോഫി ഏറ്റുവാങ്ങാൻ ഇന്ത്യൻ ടീം തയ്യാറായിരുന്നില്ല. പാക്‌ ക്രിക്കറ്റ്‌ ബോർഡ്‌ തലവൻകൂടിയായ നഖ്‌വി ട്രോഫി തിരിച്ചുകൊണ്ടുപോയത്‌ അംഗീകരിക്കാനാകില്ലെന്ന്‌ ബിസിസിഐ സെക്രട്ടറി ദേവജിത്‌ സയ്‌കിയ പറഞ്ഞു. നവംബറിൽ നടക്കുന്ന രാജ്യാന്തര ക്രിക്കറ്റ്‌ ക‍ൗൺസിൽ (ഐസിസി) യോഗത്തിൽ പ്രതിഷേധം അറിയിക്കും.


ഫൈനലിൽ ടോസ്‌ സമയത്ത്‌ ഇരുടീമിലെയും ക്യാപ്‌റ്റൻമാർ ഓരോ കമന്റേറ്റർമാരോടാണ്‌ പ്രതികരിച്ചത്‌. സൂര്യകുമാർ യാദവ്‌ രവി ശാസ്‌ത്രിയോടും സൽമാൻ ആഗ വഖാർ യൂനിസിനോടും. ഒന്നേകാൽ മണിക്കൂർ വൈകിയാണ്‌ സമ്മാനദാന ചടങ്ങ്‌ തുടങ്ങിയത്‌. വ്യക്തിഗത പുരസ്‌കാരങ്ങൾ തിലക്‌ വർമ, അഭിഷേക്‌ ശർമ, കുൽദീപ്‌ യാദവ്‌ എന്നിവർ നഖ്‌വി ഒഴികെയുള്ള വിശിഷ്‌ടാതിഥികളിൽനിന്ന്‌ ഏറ്റുവാങ്ങി. പ്രതിഷേധമെന്നോണം പാക്‌ ക്യാപ്‌റ്റൻ ആഗ റണ്ണറപ്പിനുള്ള ചെക്കിന്റെ മാതൃക വാങ്ങിയശേഷം വിശിഷ്‌ടാതിഥികൾക്കുമുന്നിൽ വലിച്ചെറിഞ്ഞു. പിന്നാലെ ഇന്ത്യൻ ടീം അവരുടെ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങില്ലെന്ന്‌ പരിപാടിയുടെ അവതാരകനായ സൈമൺ ഡുൾ അറിയിച്ചു. ഇതോടെ സമ്മാനദാന ചടങ്ങും അവസാനിച്ചു. അതിനിടെ, ട്രോഫി സംഘാടകർ എടുത്തുകൊണ്ടുപോയി.


എല്ലാം കഴിഞ്ഞശേഷം ഇന്ത്യൻ താരങ്ങൾ മൈതാനത്ത്‌ സാങ്കൽപ്പികമായി കപ്പുയർത്തി. വിജയമാഘോഷിച്ചു.


അനാദരവ്‌: 
സൽമാൻ ആഗ

ഏഷ്യാ കപ്പിൽ ഇന്ത്യൻ ക്യാപ്‌റ്റൻ സൂര്യകുമാർ യാദവിന്റെ പ്രവൃത്തികൾ ക്രിക്കറ്റിനോട്‌ അനാരദവ്‌ കാട്ടുന്നതാണെന്ന്‌ പാകിസ്ഥാൻ ക്യാപ്‌റ്റൻ സൽമാൻ ആഗ. ‘ടൂർണമെന്റിന്റെ തുടക്കത്തിൽ സ്വകാര്യമായി എനിക്ക്‌ ഹസ്‌തദാനം നൽകിയ സൂര്യകുമാർ റഫറി മീറ്റിങ്ങിലും അതാവർത്തിച്ചു. നിർദേശങ്ങൾക്കനുസരിച്ചായിരിക്കും അദ്ദേഹത്തിന്റെ നിലപാടുകൾ എന്ന്‌ എനിക്കുറപ്പാണ്‌’– ആഗ പറഞ്ഞു.



പ്രതീക്ഷയോടെ നവനിര

ഇന്ത്യൻ ക്രിക്കറ്റ്‌ ചരിത്രത്തിൽ എക്കാലത്തേക്കുമുള്ള മുദ്ര പതിപ്പിച്ചാണ്‌ തിലക്‌ വർമയെന്ന ഇരുപത്തിരണ്ടുകാരൻ ദുബായ്‌ ക്രിക്കറ്റ്‌ സ്‌റ്റഡിയത്തിൽനിന്ന്‌ തിരിച്ചുകയറിയത്‌. ഏഷ്യാ കപ്പ്‌ ക്രിക്കറ്റ്‌ ഫൈനലിൽ പാകിസ്ഥാനെതിരെ തിലക്‌ (69 റൺ) ജയമൊരുക്കിയപ്പോൾ ഇന്ത്യൻ ക്രിക്കറ്റിൽ ഒരു സൂപ്പർ താരം പിറവികൊണ്ടു. സമ്മർദഘട്ടത്തെ അതിജീവിച്ചാണ്‌ നേട്ടം.


പാകിസ്ഥാൻ ഉയർത്തിയ 147 റൺ ലക്ഷ്യം ഒരുഘട്ടത്തിൽ ഇന്ത്യക്ക്‌ വെല്ലുവിളിയായിരുന്നു. പ്രകോപനത്തിലോ സമ്മർദത്തിലോ വീഴാതെയാണ്‌ തിലക്‌ ബാറ്റ്‌ വീശിയത്‌. അവസാന ഓവറിൽ പത്ത്‌ റൺ വേണ്ടിയിരിക്കെ പാക്‌ പേസർ ഹാരിസ്‌ റ‍ൗഫിന്റെ രണ്ടാം പന്തിനെ സിക്‌സർ പായിച്ച ധൈര്യം മതി തിലകിന്‌ രാജ്യാന്തര ക്രിക്കറ്റിൽ മുന്നോട്ട്‌ കുതിക്കാനുള്ള ഉ‍ൗർജംപകരാൻ.


രോഹിത്‌ ശർമയും വിരാട്‌ കോഹ്‌ലിയും കളമൊഴിഞ്ഞ ഇന്ത്യൻ ക്രിക്കറ്റിലാണ്‌ തിലകും അഭിഷേക്‌ ശർമയുമെല്ലാം ചുവടുറപ്പിക്കുന്നത്‌. ഏഷ്യയിൽ ഇന്ത്യക്ക്‌ എതിരാളികളില്ലെന്ന്‌ വ്യക്തമാക്കുന്നതായിരുന്നു പാകിസ്ഥാനെതിരെയുള്ള മൂന്ന്‌ ജയവും. അടുത്തവർഷം നടക്കുന്ന ലോകകപ്പാണ്‌ ഇ‍ൗ നിരയുടെ യഥാർഥ പരീക്ഷണം.


ബാറ്റിങ്‌ നിരയിൽ അഭിഷേകും (314 റൺ) തിലകുമാണ്‌ (213) തിളങ്ങിയത്‌. കിട്ടിയ അവസരങ്ങൾ പാഴാക്കാതെ മലയാളിതാരം സഞ്‌ജു സാംസണും (132) ഇ‍ൗ ഏഷ്യാ കപ്പ്‌ നേട്ടമുള്ളതാക്കി. നാല്‌ ഇന്നിങ്‌സിലാണ്‌ കളിക്കാനായത്‌. ഒരു അർധസെഞ്ചുറി കുറിച്ചു. ഫൈനലിൽ ഇന്ത്യ നാലോവറിൽ മൂന്നിന്‌ 20 റണ്ണെന്ന നിലയിൽ തകർന്നപ്പോൾ തിലകുമായി 57 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി. 21 പന്തിൽ 24 റണ്ണുമായി പുറത്തായെങ്കിലും ആ പ്രകടനം നിർണായകമായി. ശിവം ദുബെയും (22 പന്തിൽ 33) ഒന്നാന്തരമായി കളിച്ചു. സൂര്യകുമാർ യാദവിന്റെയും ശുഭ്‌മാൻ ഗില്ലിന്റെയും പ്രകടനങ്ങൾ ആശങ്കയാണ്‌. ബ‍ൗളർമാരിൽ 17 വിക്കറ്റുമായി കുൽദീപ്‌ യാദവ്‌ മിന്നി.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home