print edition അഞ്ചാം ആഷസ് ക്രിക്കറ്റ് ടെസ്റ്റ് ; പരിക്കേൽക്കാതെ ഇംഗ്ലണ്ട്

ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ട് ബാറ്റർ ഹാരി ബ്രൂക് സിക്--സർ നേടുന്നു
സിഡ്‌നി
ആഷസ് അവസാന ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യ ദിനം ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയിൽ. മഴയും വെളിച്ചക്കുറവും കാരണം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 211 റണ്ണെടുത്തു. 57 റണ്ണെടുക്കുന്നതിനിടെ മൂന്ന് ബാറ്റർമാരെ നഷ്ടമായ സന്ദർശകരെ ഹാരി ബ്രൂക്കും (78*) ജോ റൂട്ടുമാണ് (72*) പരിക്കേൽക്കാതെ രക്ഷപ്പെടുത്തിയത്. നാലാം വിക്കറ്റിൽ ഇരുവരും 154 റൺ ചേർത്തിട്ടുണ്ട്. ഓസീസിനായി മിച്ചെൽ സ്റ്റാർക്, മിച്ചെൽ നെസെർ, സ്‌കോട്ട് ബോളണ്ട് എന്നിവർ ഓരോ വിക്കറ്റ് നേടി. അഞ്ച് മത്സര പരമ്പര 3–1ന് കംഗാരുപ്പട നേടിയതാണ്.
സിഡ്‌നിയിൽ ടോസ് നേടിയ ഇംഗ്ലീഷ് ക്യാപ്‌റ്റൻ ബെൻ സ്‌റ്റോക്‌സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ നായകന്റെ തീരുമാനത്തോട് നീതിപുലർത്തുന്നതായിരുന്നില്ല മുൻനിര ബാറ്റർമാരുടെ പ്രകടനം. സാക് ക്രോളി (16), ബെൻ ഡെക്കറ്റ് (27), ജേക്കബ് ബെതെൽ (10) എന്നിവർ 13 ഓവറിനുള്ളിൽ പുറത്തായി. മൂന്ന് വിക്കറ്റും പേസർമാർക്കായിരുന്നു. സാഹചര്യങ്ങളെ മനസ്സിലാക്കിയായിരുന്നു ബ്രൂക്കും റൂട്ടും ബാറ്റ് വീശിയത്. ടൂർണമെന്റിൽ ഫോം കണ്ടെത്താൻ വിഷമിച്ച വൈസ്‌ക്യാപ്‌റ്റൻ കൂടിയായ ബ്രൂക് മികച്ച പ്രകടനം നടത്തി. 92 പന്തിൽ ഒരു സിക്‌സറും ആറ് ഫോറും പായിച്ചു. മറുവശം റൂട്ട് പരിചയസമ്പത്ത് മുതലാക്കി കളിച്ചു. എട്ട് ബൗണ്ടറി ഇതിനോടകം നേടികഴിഞ്ഞു.
പ്രതികൂലമായ കാലാവസ്ഥ കാരണം 45 ഓവർ മാത്രമാണ് ആദ്യ ദിനം കളി നടന്നത്.










0 comments