ആഷസ് 4–1ന് ജയിച്ചു
print edition സിഡ്‌നിയും കീഴടക്കി ഓസീസ്

സിഡ്‌നി
ആഷസ് ടെസ്‌റ്റ് ക്രിക്കറ്റ് പരന്പര 4–1ന് ഓസ്‌ട്രേലിയ സ്വന്തമാക്കി. അഞ്ചാമത്തെയും അവസാനത്തെയും ടെസ്‌റ്റിൽ അഞ്ച് വിക്കറ്റിനാണ് ജയം. 160 റൺ ലക്ഷ്യവുമായി ഇറങ്ങിയ ഓസീസ് അവസാന ദിവസം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ജയം കണ്ടു. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സ് 342നാണ് അവസാനിച്ചത്.
സ്‌കോർ: ഇംഗ്ലണ്ട് 384, 342; ഓസ്‌ട്രേലിയ 567, 161/5
പരന്പരയിലെ ഒരു കളി മാത്രമാണ് ഇംഗ്ലണ്ടിന് ജയിക്കാനായത്.
ആദ്യ ഇന്നിങ്‌സിൽ സെഞ്ചുറി നേടിയ ഓസീസ് ഓപ്പണർ ട്രാവിസ് ഹെഡ് മാൻ ഓഫ് ദി മാച്ചായി. പരന്പരയിലാകെ 31 വിക്കറ്റും 156 റണ്ണും നേടിയ ഓസീസ് പേസർ മിച്ചെൽ സ്‌റ്റാർക്കാണ് മാൻ ഓഫ് ദി സീരീസ്. ഉസ്‌മാൻ ഖവാജയുടെ അവസാന മത്സരമായിരുന്നു ഇത്.
സിഡ്‌നിയിൽ അഞ്ചാംദിനം ബാറ്റിങ് ദുഷ്‌കരമായിരുന്നെങ്കിലും ഓസീസ് വലിയ വെല്ലുവിളിയില്ലാതെ ലക്ഷ്യം മറികടന്നു. ഓപ്പണർമാരായ ജെയ്‌ക് വെതറാൾഡും (34) ട്രാവിസ് ഹെഡും (29) ഭേദപ്പെട്ട തുടക്കം നൽകി. എന്നാൽ ഇരുവരെയും പുറത്താക്കി ജോഷ് ടങ് ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകി. ക്യാപ്‌റ്റൻ സ്‌റ്റീവൻ സ്‌മിത്തും (12) അവസാന ഇന്നിങ്‌സ് കളിക്കാനെത്തിയ ഖവാജയും (6) വേഗത്തിൽ മടങ്ങിയപ്പോൾ നാലിന് 119 റണ്ണെന്ന നിലയിലായി ഓസീസ്. മാർണസ് ലബുഷെയ്‌ൻ (37) പൊരുതി. ജയത്തിന് 39 റണ്ണകലെവച്ചാണ് പുറത്തായത്. അലെക്‌സ് കാരിയും (16) കാമറൂൺ ഗ്രീനും (22) ചേർന്ന് ജയം പൂർത്തിയാക്കി.
ഇംഗ്ലണ്ടിനായി ടങ് മൂന്ന് വിക്കറ്റെടുത്തു. 31.2 ഓവറിലാണ് ഓസീസ് ജയം നേടിയത്.
അഞ്ചാംദിനം എട്ടിന് 302 റണ്ണെന്ന നിലയിലാണ് ഇംഗ്ലണ്ട് ആരംഭിച്ചത്. സെഞ്ചുറിക്കാരൻ ജേക്കബ് ബെതൽ (154) തലേദിനത്തെ സ്‌കോറിനോട് 12 റൺ കൂട്ടിച്ചേർത്ത് മടങ്ങി. 18 റണ്ണുമായി മാത്യു പോട്‌സ് പുറത്താകാതെനിന്നു. ബെതലിനെയും ടങ്ങിനെയും (6) പുറത്താക്കി സ്‌റ്റാർക് ആണ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്.










0 comments