print edition നൂറിൽ നൂറ്

ട്രാവിസ് ഹെഡ്
സിഡ്‌നി
ക്യാപ്‌റ്റൻ സ്‌റ്റീവൻ സ്‌മിത്തിന്റെയും ട്രാവിസ് ഹെഡിന്റെയും സെഞ്ചുറിക്കരുത്തിൽ അഞ്ചാം ആഷസ് ക്രിക്കറ്റ് ടെസ്‌റ്റിൽ ഓസ്‌ട്രേലിയ പിടിമുറുക്കി. മൂന്നാംദിനം ഏഴിന് 518 റണ്ണെന്ന നിലയിലാണ് ഓസീസ്. 134 റണ്ണിന്റെ ലീഡായി. 129 റണ്ണുമായി സ്‌മിത്തും 42 റണ്ണോടെ ബ്യു വെബ്‌സ്‌റ്ററുമാണ് ക്രീസിൽ. ഓപ്പണർ ഹെഡ് 166 പന്തിൽ 163 റണ്ണടിച്ച് പുറത്തായി.
സ്‌കോർ: ഇംഗ്ലണ്ട് 384; ഓസീസ് 518/7
മൂന്നാംദിനം 91 റണ്ണുമായി ഇറങ്ങിയ ഹെഡാണ് ഇംഗ്ലീഷ് ബൗളർമാരുടെ ആത്മവിശ്വാസം തകർത്തത്. പരന്പരയിലെ മൂന്നാം സെഞ്ചുറി കുറിച്ച ഇടംകൈയൻ ഒരു സിക്‌സറും 24 ഫോറും പറത്തി. രാത്രി കാവൽക്കാരനായെത്തിയ മിച്ചെൽ നെസെർ (24) പിന്തുണ നൽകി. ഇംഗ്ലീഷ് ഫീൽഡർമാരുടെ പ്രകടനവും മോശമായി. ഹെഡിനെയും സ്‌മിത്തിനെയും -ഫീൽഡർമാർ വിട്ടുകളഞ്ഞതിന് വലിയ വിലകൊടുക്കേണ്ടിവന്നു. പരന്പരയിലാകെ 17 അവസരങ്ങളാണ് ഇംഗ്ലീഷുകാർ പാഴാക്കിയത്.
ഹെഡിന്റെ കടന്നാക്രമണത്തിനുശേഷം സ്‌മിത്ത് ഇംഗ്ലീഷ് ബൗളർമാരെ കൈകാര്യം ചെയ്‌തു. ടെസ്‌റ്റിൽ 37–ാം സെഞ്ചുറിയും മുപ്പത്താറുകാരൻ പൂർത്തിയാക്കി. ഒരു സിക്‌സറും 15 ഫോറുമാണ് ഇന്നിങ്‌സിൽ.
അവസാന ടെസ്‌റ്റ് കളിക്കുന്ന ഉസ്‌മാൻ ഖവാജയ്‌ക്ക് തിളങ്ങാനായില്ല. 17 റണ്ണെടുത്ത ഖവാജയെ ബ്രൈഡൻ കാർസ് വിക്കറ്റിന് മുന്നിൽ കുരുക്കി. അലെക്‌സ് കാരിയും (16) പെട്ടെന്ന് പുറത്തായി. കാമറൂൺ ഗ്രീനും (37) വെബ്‌സ്‌റ്ററുമാണ് സ്‌മിത്തിന് പിന്തുണ നൽകിയത്.
സ്‌മിത്ത്–വെബ്‌സ്‌റ്റർ സഖ്യം എട്ടാം വിക്കറ്റിൽ ഇതിനകം 81 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി.
ഇംഗ്ലണ്ടിനായി കാർസ് മൂന്ന് വിക്കറ്റെടുത്തു. ആദ്യ മൂന്ന് കളിയും ജയിച്ച് അഞ്ച് മത്സര പരന്പര ഓസീസ് സ്വന്തമാക്കിയിരുന്നു. ഇംഗ്ലാണ്ടാകട്ടെ നാലാം ടെസ്റ്റ് ജയിച്ചു. നിലവിൽ 3–1 എന്ന നിലയിലാണ്.










0 comments