print edition ഓസീസ് പിങ്ക് ; രണ്ടാം ടെസ്‌റ്റിൽ ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിന് തോൽപ്പിച്ചു

ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്--റ്റോക്--സിനെ പുറത്താക്കിയ ഓസ്ട്രേലിയൻ പേസർ മിച്ചെൽ നെസെറിനെ സഹതാരങ്ങൾ അഭിനന്ദിക്കുന്നു
ബ്രിസ്‌ബേയ്‌ൻ
പിങ്ക് പന്തിൽ ഇംഗ്ലണ്ടിനെ പിഴുത് ഓസ്‌ട്രേലിയ. ആഷസ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റിൽ എട്ട് വിക്കറ്റിനാണ് ഓസീസ് ജയം. പരന്പരയിൽ 2–0ന് മുന്നിലെത്തുകയും ചെയ്‌തു. പകൽ രാത്രി ടെസ്‌റ്റിന്റെ നാലാംദിനവും ഇംഗ്ലണ്ടിന്റെ ദൈന്യതയ്‌ക്ക് മാറ്റമുണ്ടായില്ല. നേരിയ ചെറുത്തുനിൽപ്പിന് ശ്രമിച്ചെങ്കിലും ഓസീസിന്റെ ഓൾ റൗണ്ട് പ്രകടനത്തിന് മുന്നിൽ അതെല്ലാം ആവിയായി. രണ്ടാം ഇന്നിങ്‌സിൽ 241ന് പുറത്തായ ബെൻ സ്‌റ്റോക്‌സിന്റെ സംഘത്തിന് 65 റൺ വിജയലക്ഷ്യം നൽകാനേ സാധിച്ചുള്ളു. പത്തോവറിൽ ഓസീസ് അത് അടിച്ചെടുത്തു. 77 റണ്ണും രണ്ട് ഇന്നിങ്‌സിലുമായി എട്ട് വിക്കറ്റും നേടിയ പേസർ മിച്ചെൽ സ്‌റ്റാർക് ആണ് മാൻ ഓഫ് ദി മാച്ച്.
സ്‌കോർ: ഇംഗ്ലണ്ട് 334, 241; ഓസ്‌ട്രേലിയ 511, 69/2
നാലാംദിനം ആറിന് 134 റണ്ണെന്ന നിലയിലാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് ആരംഭിച്ചത്. ഇന്നിങ്‌സ് തോൽവി ഒഴിവാക്കാൻ 43 റൺ കൂടി വേണമായിരുന്നു അവർക്ക്. അതിവേഗ റണ്ണടിയെന്ന പതിവ് മറക്കുന്ന ഇംഗ്ലണ്ടായിരുന്നു ക്രീസിൽ. ക്യാപ്‌റ്റൻ സ്‌റ്റോക്‌സും വിൽ ജാക്‌സും സാധ്യമാകുന്ന രീതിയിലെല്ലാം പ്രതിരോധിച്ചു. ഏഴാം വിക്കറ്റിൽ 96 റണ്ണാണ് കൂട്ടിച്ചേർത്തത്. 37 ഓവറാണ് നേരിട്ടത്. 222 പന്തുകൾ. പക്ഷേ, ഓസീസ് വിട്ടുകൊടുത്തില്ല.
ബാറ്റിലും പന്തിലും മാത്രമല്ല, ഫീൽഡിലും സ്‌മിത്തും കൂട്ടരും മിന്നി. പന്തേറുകാരിൽ മിച്ചെൽ നെസെർ മുന്നിട്ടുനിന്നു. അഞ്ച് വിക്കറ്റാണ് പേസർ നേടിയത്. പരിചയ സന്പന്നനായ ഓഫ് സ്‌പിന്നർ നതാൻ ല്യോണിനെ മറികടന്ന് നെസെറിനെ കളിപ്പിച്ചതിൽ അസ്വാരസ്യങ്ങളുയർന്നിരുന്നു. എന്നാൽ വിമർശകർക്കുള്ള മറുപടി മുപ്പത്തഞ്ചുകാരൻ പന്ത് കൊണ്ട് നൽകി. ജാക്‌സിനെ (92 പന്തിൽ 41) മടക്കി ഇംഗ്ലീഷുകാരുടെ ചെറുത്തുനിൽപ്പ് അവസാനിപ്പിച്ചത് നെസെറാണ്. സ്ലിപ്പിൽ സ്‌മിത്തിന്റെ ഒന്നാന്തരം ക്യാച്ചിലായിരുന്നു പുറത്താകൽ. സ്‌റ്റോക്‌സും (152 പന്തിൽ 50) പിന്നാലെ മടങ്ങി. വിക്കറ്റിന് പിന്നിൽ അലെക്‌സ് കാരിയുടെ തകർപ്പൻ ക്യാച്ചാണ് സ്‌റ്റോക്‌സിനെ വീഴ്‌ത്തിയത്. അവസാന നാല് വിക്കറ്റ് 17 റണ്ണെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന് നഷ്ടമായി.
അതിവേഗത്തിലായിരുന്നു ഓസീസിന്റെ മറുപടി. ട്രാവിസ് ഹെഡും (22 പന്തിൽ 22) മാർണസ് ലബുഷെയ്‌നും (3) പെട്ടെന്ന് പുറത്തായെങ്കിലും ജെയ്‌ക് വെതറാൾഡും (23 പന്തിൽ 17) സ്‌മിത്തും (9 പന്തിൽ 23) ചേർന്ന് ജയമൊരുക്കി. രണ്ട് വീതം സിക്‌സറും ഫോറുമായിരുന്നു സ്‌മിത്തിന്റെ ഇന്നിങ്‌സിൽ. ഗസ് അറ്റ്‌കിൻസണെ സിക്‌സർ പറത്തിയായിരുന്നു ക്യാപ്‌റ്റന്റെ വിജയാഘോഷം. പകരക്കാരൻ നായകനായി 11 കളിയിൽ എട്ടാം ജയമാണ് സ്‌മിത്തിന്. മൂന്ന് സമനില. ഒറ്റക്കളിയും തോറ്റില്ല. 17ന് അഡ്‌ലെയ്‌ഡിലാണ് മൂന്നാം ടെസ്‌റ്റ്. ആകെ അഞ്ച് മത്സരങ്ങളാണ് പരന്പരയിൽ.










0 comments