print edition സിഡ്‌നി ത്രില്ലർ ; ആഷസ് അവസാന ടെസ്റ്റിൽ ഇംഗ്ലണ്ടിന് 119 റൺ ലീഡ്

ഓസീസിനെതിരെ ഇംഗ്ലണ്ടിനായി സെഞ്ചുറി നേടിയ ജേക്കബ് ബെതെൽ ക്രീസിൽ വീണപ്പോൾ
സിഡ്‌നി
ആഷസ് ക്രിക്കറ്റ് പരന്പരയിലെ അവസാന ദിനമായ ഇന്ന് ആവേശകരമാകും. ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ടെസ്‌റ്റിൽ ഇംഗ്ലണ്ടിന് 119 റൺ ലീഡുണ്ട്. രണ്ടാം ഇന്നിങ്സിൽ രണ്ട് വിക്കറ്റ് ശേഷിക്കെ 302 റണ്ണെടുത്തു. തകർപ്പൻ സെഞ്ചുറി നേടിയ ജേക്കബ് ബെതെൽ 142 റണ്ണുമായി ക്രീസിലുണ്ട്. ഇംഗ്ലണ്ടിന്റെ ലീഡ് പരമാവധി ചുരുക്കി ജയിക്കാനുള്ള റൺ അടിച്ചെടുക്കാനാകും ഓസ്‌ട്രേലിയയുടെ ശ്രമം. അതിനാൽ സിഡ്‌നി ഗ്രൗണ്ടിലെത്തുന്ന ആരാധകർക്ക് റണ്ണും വിക്കറ്റും വിരുന്നൊരുക്കും.
സ്‌കോർ: ഓസ്‌ട്രേലിയ 567, ഇംഗ്ലണ്ട് 384, 302/8
നാലാം ദിവസം 518/7 എന്ന സ്‌കോറിൽ ഒന്നാം ഇന്നിങ്സ് പുനരാരംഭിച്ച ഓസീസ് 567 റണ്ണിന് പുറത്തായി. കൂട്ടിച്ചേർത്തത് 49 റൺ. ക്യാപ്‌റ്റൻ സ്‌റ്റീവൻ സ്‌മിത്തും (138) ഓപ്പണർ ട്രാവിസ് ഹെഡും(163) നേടിയ സെഞ്ചുറികളാണ് കരുത്തായത്. ബ്യു വെബ്‌സ്‌റ്റർ 71 റണ്ണുമായി പുറത്താകാതെനിന്നു. ഇംഗ്ലണ്ടിനായി ജോഷ് ടങും ബ്രൈഡൻ കാർസിയും മൂന്ന് വിക്കറ്റ്‌വീതം നേടി. ക്യാപ്‌റ്റൻ ബെൻ സ്‌റ്റോക്‌സിന് രണ്ട് വിക്കറ്റുണ്ട്.
ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സ് തുടങ്ങിയത് 183 റൺ പിറകിലായിട്ടാണ്. ക്ഷമയോടെ ബാറ്റ്‌ചെയ്‌ത ജേക്കബ് ബെതെലിന്റെ ഇന്നിങ്സ് ലീഡ് സമ്മാനിച്ചു. ഇതുവരെ 232 പന്തുകൾ നേരിട്ടു. അതിൽ നേടിയത് 15 ഫോർ. 42 റൺ വീതം നേടിയ ബെൻ ഡക്കറ്റും ഹാരി ബ്രൂക്കും മാത്രമാണ് പിന്തുണച്ചത്. ജോ റൂട്ട്(6), സാക് ക്രോളി(1), ബെൻ സ്‌റ്റോക്‌സ്(1), വിൽ ജാക്‌സ്(0) എന്നിവർക്കൊന്നും പിടച്ചുനിൽക്കാനായില്ല. അവസാന അഞ്ച് വിക്കറ്റുകൾ 78 റണ്ണിന് വീണു. ഓസീസിനായി വെബ്‌സ്‌റ്റർ മൂന്ന് വിക്കറ്റെടുത്തു. സ്‌കോട്ട് ബോളണ്ടിന് രണ്ട് വിക്കറ്റുണ്ട്.
അഞ്ച് മത്സര പരന്പരയിൽ ഓസീസ് 3–1ന് മുന്നിലാണ്.










0 comments