ad
Deshabhimani

ഓസ്‌ട്രേലിയ x ഇംഗ്ലണ്ട്‌ നാലാം ടെസ്റ്റ് ആദ്യദിനം75.1 ഓവറിൽ 20 വിക്കറ്റുകൾ

print edition നൂറ്റാണ്ടിന്റെ വീഴ്‌ച

Ashes Cricket Test 2025

ആഷസ് നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് താരം ഗസ് അറ്റ്കിൻസൺ ഓസീസ് പേസർ കാമറൂൺ ഗ്രീനിന്റെ പന്തിൽ ബൗൾഡാകുന്നു

വെബ് ഡെസ്ക്

Published on Dec 27, 2025, 04:00 AM | 2 min read

മെൽബൺ

മെൽബൺ ക്രിക്കറ്റ്‌ ഗ്ര‍ൗണ്ടിലെ പിച്ച്‌ ഒരു നിമിഷം വേഗട്രാക്കായി മാറി. പന്തുകൾ തീയുണ്ടകളായി. ബാറ്റർമാരുടെ സർവ പ്രതിരോധത്തെയും അവ സംഹരിച്ചപ്പോൾ ആഷസ്‌ ക്രിക്കറ്റ്‌ ടെസ്‌റ്റിലെ സമാനതകളില്ലാത്ത കാഴ്‌ചകൾക്കാണ്‌ മെൽബൺ സ്‌റ്റേഡിയം സാക്ഷിയായത്‌. ആദ്യദിനം ഇരുപത്‌ വിക്കറ്റുകളാണ്‌ കടപുഴകിയത്‌. ആഷസിൽ അവസാനമായി ഇരുപതോ അതിലധികമോ വിക്കറ്റ്‌ ഒരു ദിവസം വീഴുന്നത്‌ 1901–02ലാണ്‌. അന്നും മെൽബണിലായിരുന്നു കളി. 25 വിക്കറ്റാണ്‌ ആദ്യദിനം തെറിച്ചത്‌.


ആഷസ്‌ പരന്പരയിലെ നാലാം ക്രിക്കറ്റ്‌ ടെസ്‌റ്റിന്റെ ആദ്യദിനം അവസാനിക്കുന്പോൾ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ആദ്യ ഇന്നിങ്‌സുകളിൽ തകർന്നടിഞ്ഞുകിടപ്പാണ്‌. 45.2 ഓവറിൽ 152 റണ്ണിന്‌ കൂടാരം കയറിയിട്ടും ഓസീസിന്‌ 42 റൺ ലീഡ്‌ കിട്ടി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ്‌ 29.5 ഓവറിൽ അവസാനിച്ചത്‌ 110 റണ്ണിന്‌. രണ്ടാം ഇന്നിങ്‌സിൽ ഓസീസ്‌ വിക്കറ്റ്‌ നഷ്ടമില്ലാതെ നാല്‌ റണ്ണെടുത്തു. ആകെ 46 റൺ ലീഡ്‌.


സ്‌കോർ: ഓസ്‌ട്രേലിയ 152, 4/0; ഇംഗ്ലണ്ട്‌ 110


ആദ്യ മ‍‍ൂന്ന്‌ ടെസ്‌റ്റും തോറ്റ്‌ പരന്പര നഷ്ടമായ ഇംഗ്ലണ്ട്‌ ജയമെന്ന ഒറ്റ ലക്ഷ്യവുമായാണ്‌ മെൽബണിൽ ഇറങ്ങിയത്‌. ടോസ്‌ കിട്ടിയ ക്യാപ്‌റ്റൻ ബെൻ സ്‌റ്റോക്‌സ്‌ ഓസീസിനെ ബാറ്റിങ്ങിന്‌ അയക്കുകയും ചെയ്‌തു. കൊതിച്ച തുടക്കമായിരുന്നു ഇംഗ്ലണ്ടിന്‌ കിട്ടിയത്‌.


51 റണ്ണെടുക്കുന്നതിനിടെ ഓസീസ്‌ ബാറ്റിങ്‌ നിരയിലെ നാല്‌ മുൻനിര താരങ്ങൾ പുറത്ത്‌. പേസർ ജോഷ്‌ ടങ്ങിന്റെ ബ‍ൗളിങ് മികവിലായിരുന്നു ഇംഗ്ലീഷ്‌ ആക്രമണം. ട്രാവിസ്‌ ഹെഡും (12) പകരക്കാരൻ ക്യാപ്‌റ്റനായി തിരിച്ചെത്തിയ സ്‌റ്റീവൻ സ്‌മിത്തും (9) അതിൽ ഉൾപ്പെട്ടു. ഉസ്‌മാൻ ഖവാജ (29), അലെക്‌സ്‌ കാരി (20), പേസർ മിച്ചെൽ നെസെർ (35) എന്നിവർ ചേർന്ന്‌ 150 കടത്തുകയായിരുന്നു. ടങ്‌ അഞ്ച്‌ വിക്കറ്റെടുത്തു. ഗസ്‌ അറ്റ്‌കിൻസൺ രണ്ടും. ജോഫ്ര ആർച്ചെർ ഇംഗ്ലീഷ്‌ നിരയിലുണ്ടായിരുന്നില്ല.


മറുപടിക്കെത്തിയ ഇംഗ്ലണ്ടിനെ നെസെർ തകർത്തു. നാല്‌ വിക്കറ്റുമായി നിറഞ്ഞാടിയ നെസെറിന്‌ മുന്നിൽ ഇംഗ്ലീഷ്‌ ബാറ്റിങ്‌ നിര ആടിയുലഞ്ഞു. പ്രധാന ബാറ്റർ ജോ റൂട്ട്‌ (0) ഉൾപ്പെടെ പരാജയപ്പെട്ടതോടെ ഒരു ഘട്ടത്തിൽ നാലിന്‌ 16 റണ്ണെന്ന നിലയിലായി. ഹാരി ബ്രൂക്കിന്റെ (34 പന്തിൽ 41) ഒറ്റയാൾ പ്രകടനമാണ്‌ 100 കടത്തിയത്‌. ക്യാപ്‌റ്റൻ സ്‌റ്റോക്‌സ്‌ (16), അറ്റ്‌കിൻസൺ (28) എന്നിവരാണ്‌ രണ്ടക്കം കണ്ട മറ്റുള്ളവർ.


ഓസീസ്‌ നിരയിൽ മൂന്ന്‌ വിക്കറ്റുമായി സ്‌കോട്‌ ബോളണ്ടും രണ്ട്‌ വിക്കറ്റോടെ മിച്ചെൽ സ്‌റ്റാർകും നെസെറിന്‌ പിന്തുണ നൽകി. രണ്ടാം ഇന്നിങ്‌സിൽ ഓസീസ്‌ ഒരോവർ അതിജീവിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home