ആഷസിൽ കരകയറാതെ ഇംഗ്ലണ്ട്; ബെൻ സ്‌റ്റോക്‌സ് പൊരുതുന്നു

അഡ്‌ലെയ്‌ഡ്: ഓസ്‌ട്രേലിയ ആഷസ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഇംഗ്ലണ്ട് തകർച്ചയിലേക്ക്. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തിൽ 213 എന്ന നിലയിലാണ്. ക്യാപ്റ്റൻ ബെൻ സ്‌റ്റോക്‌സും (151 പന്തിൽ 45) ജോഫ്ര ആർച്ചറും (48 പന്തിൽ 30) ആണ് ക്രീസില്‍. ഓസീസ് ഒന്നാം ഇന്നിങ്സിൽ 371 റൺസെടുത്ത് പുറത്തായി.
രണ്ടാം ദിനം എട്ട് വിക്കറ്റ് നഷ്ടത്തിൽ 326 റൺസ് എന്ന നിലയിൽ ബാറ്റിങ്ങ് ആരംഭിച്ച ഓസീസിന് 45 റൺസ് കൂട്ടിചേർക്കാൻ മാത്രമെ ആയിള്ളൂ. ആദ്യം തകർച്ചയിലേക്ക് കൂപ്പുകുത്തിയ ഓസ്‌ട്രേലിയയെ അലെക്‌സ് കാരിയാണ് (143 പന്തിൽ 106) താങ്ങിനിർത്തിയത്. ആറാമനായെത്തി സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പർ ബാറ്ററുടെ മികവിലാണ് ഓസ്‌ട്രേലിയക്ക് ഭേദപ്പെട്ട സ്‌കോർ നേടിയത്. ഇംഗ്ലണ്ടിനായി പേസർ ജോഫ്ര ആർച്ചെർ മൂന്ന് വിക്കറ്റ് നേടി.
പരിക്കുമാറി തിരിച്ചെത്തിയ ക്യാപ്‌റ്റൻ പാറ്റ് കമ്മിൻസ് മറുപടി ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ട് ഓപ്പണർ സാക് ക്രോളിയെ (19 പന്തിൽ 9) തുടക്കത്തിൽ തന്നെ വീഴ്ത്തി. പിന്നീട് എത്തിയ ജോ റൂട്ട് (31 പന്തിൽ 19) അടക്കമുള്ളവർ വീണതോടെ ടീം 71/4 എന്ന നിലയിലായി. പിന്നീട് ഹാരി ബ്രൂകും (63 പന്തിൽ 45) ബെൻ സ്‌റ്റോക്‌സും ചേർന്നാണ് മൂന്നോട്ട് നയിച്ചത്.
അഞ്ച് മത്സര പരമ്പരയിൽ ഓസീസ് 2–0ന് മുന്നിലാണ്. മൂന്നാം ടെസ്റ്റിൽ കൂടി വിജയം ആവർത്തിച്ചാൽ ഓസീസിന് പരമ്പര സ്വന്തമാക്കാം.










0 comments