ad
Deshabhimani

print edition ഓസീസിനെ 
താങ്ങി ‘കാരി’

alex carey
വെബ് ഡെസ്ക്

Published on Dec 18, 2025, 01:30 AM | 1 min read


അഡ്‌ലെയ്‌ഡ്‌

തകർച്ചയിലേക്ക്‌ കൂപ്പുകുത്തിയ ഓസ്‌ട്രേലിയയെ അലെക്‌സ്‌ കാരി താങ്ങിനിർത്തി. ആറാമനായെത്തി സെഞ്ചുറി നേടിയ വിക്കറ്റ്‌ കീപ്പർ ബാറ്ററുടെ മികവിൽ ആഷസ്‌ മൂന്നാം ക്രിക്കറ്റ്‌ ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക്‌ ഭേദപ്പെട്ട സ്‌കോർ. ഇംഗ്ലണ്ടിനെതിരെ ആദ്യ ദിനം കളി നിർത്തുമ്പോൾ എട്ട്‌ വിക്കറ്റ്‌ നഷ്ടത്തിൽ 326 റണ്ണെടുത്തു.


കാരി 106 റണ്ണടിച്ചു. അസുഖ ബാധിതനായി പുറത്തിരുന്ന സ്റ്റീവൻ സ്‌മിത്തിന്‌ പകരമെത്തിയ ഉസ്‌മാൻ ഖവാജ 82 റണ്ണുമായി പിന്തുണ നൽകി. ഇംഗ്ലണ്ടിനായി പേസർ ജോഫ്ര ആർച്ചെർ മൂന്ന്‌ വിക്കറ്റ്‌ നേടി. അഞ്ച്‌ മത്സര പരമ്പരയിൽ ഓസീസ്‌ 2–0ന്‌ മുന്നിലാണ്‌.


പരിക്കുമാറി തിരിച്ചെത്തിയ ക്യാപ്‌റ്റൻ പാറ്റ്‌ കമ്മിൻസിന്‌ കീഴിലെത്തിയ ഓസീസ്‌ അഡ്‌ലെയ്‌ഡിൽ ടോസ്‌ നേടി ബാറ്റിങ്‌ തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ പ്രതീക്ഷിച്ച തുടക്കം കിട്ടിയില്ല. മുൻനിര തകർന്നടിഞ്ഞു. ട്രാവിസ്‌ ഹെഡ്‌ (10), ജെയ്‌ക്‌ വെതറാൾഡ്‌ (18), മാർണസ്‌ ലബുഷെയ്‌ൻ (19), കാമറൂൺ ഗ്രീൻ (0) എന്നിവരെ 94 റണ്ണെടുക്കുന്നതിനിടെ നഷ്ടമായി. ഐപിഎൽ മിനിലേലത്തിലെ വിലപിടിപ്പുള്ള താരമായശേഷമുള്ള ആദ്യ കളിയിൽ ഗ്രീൻ രണ്ടാംപന്തിൽ പുറത്തായി.


അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ഖവാജയും കാരിയുമാണ്‌ രക്ഷാപ്രവർത്തനം നടത്തിയത്‌. ഇരുവരും 91 റൺ ചേർത്തു. പിന്നാലെത്തിയ ജോഷ്‌ ഇൻഗ്ലിസുമായും (32) മിച്ചെൽ സ്‌റ്റാർക്കുമായും (33*) കാരി അർധസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. മൂന്നാം ടെസ്‌റ്റ്‌ സെഞ്ചുറിയാണ്‌ മുപ്പത്തിനാലുകാരൻ കുറിച്ചത്‌. ഒരു സിക്‌സറും എട്ട്‌ ഫോറും പറത്തി. വിൽ ജാക്‌സിന്റെ പന്തിൽ ജാമി സ്‌മിത്തിന്‌ പിടികൊടുത്താണ്‌ മടങ്ങിയത്‌. സ്‌റ്റാർക്കിനൊപ്പം നതാൻ ല്യോണാണ്‌ (0*) ക്രീസിൽ. ബ്രൈഡൻ കാർസും വിൽ ജാക്‌സും ഇംഗ്ലണ്ടിനായി രണ്ട്‌ വീതം വിക്കറ്റും നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home