"ഇവർക്ക് എത്ര അവസരങ്ങൾ നൽകി, എന്നിട്ടും നിരാശ മാത്രം"; രൂക്ഷവിമർശനവുമായി ഷാഹിദ് അഫ്രീദി

ഷാഹിദ് അഫ്രീദി
മുംബൈ: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ കാഴ്ചവെച്ച മോശം പ്രകടനത്തിൽ കടുത്ത വിമർശനവുമായി പാകിസ്ഥാൻ ക്രിക്കറ്റ് ഇതിഹാസം ഷാഹിദ് അഫ്രീദി രംഗത്ത്. ലങ്കൻ മണ്ണിൽ പാകിസ്ഥാനെതിരെ അനായാസജയമാണ് ഇന്ത്യ നേടിയത്. 61 റൺ ജയത്തോടെ ഇന്ത്യ സൂപ്പർ എട്ടിൽ പ്രവേശിക്കുകയും ചെയ്തു. മത്സരത്തിൽ ഇന്ത്യയെ ഒരുഘട്ടത്തിൽപോലും പ്രതിസന്ധിയിലാക്കാൻ സൽമാൻ ആഗയ്ക്കും സംഘത്തിനും സാധിച്ചിരുന്നില്ല.
സൂപ്പർ 8 ഘട്ടത്തിലേക്ക് കടക്കാൻ നമീബിയക്കെതിരെയുള്ള മത്സരത്തിൽ വിജയിക്കുകയോ അല്ലെങ്കിൽ മഴ മൂലം കളി ഉപേക്ഷിക്കപ്പെടുകയോ ചെയ്യേണ്ട അവസ്ഥയിലാണ് പാകിസ്ഥാൻ. ഈ സാഹചര്യത്തിൽ ബാബർ അസം, ഷദാബ് ഖാൻ, ഷഹീൻ ഷാ അഫ്രീദി എന്നിവരെ ടീമിൽ നിന്ന് പുറത്താക്കണമെന്ന് അഫ്രീദി ആവശ്യപ്പെട്ടു.
വർഷങ്ങളായി ബാബർ, ഷദാബ്, ഷഹീൻ തുടങ്ങിയ മുതിർന്ന താരങ്ങൾക്ക് നിരവധി അവസരങ്ങൾ നൽകിയിട്ടുണ്ടെന്നും എന്നാൽ നിരാശ മാത്രമാണ് ഫലമെന്നും പാക് ചാനൽ ചർച്ചയിൽ അഫ്രീദി പറഞ്ഞു. അതിനാൽ നമീബിയക്കെതിരെ പുതിയ താരങ്ങളെ പരീക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഷഹീനെയും ഷദാബിനെയും ബാബറിനെയും ഒഴിവാക്കൂ. നമീബിയക്കെതിരെ പുതിയ മുഖങ്ങളെ പരീക്ഷിക്കുകയും പുതിയ കളിക്കാർക്ക് ആത്മവിശ്വാസം വളർത്താൻ അവസരം നൽകുകയും ചെയ്യുക. ഇവർ ഏറെക്കാലമായി കളിക്കുന്നു. നമ്മൾ പ്രകടനം പ്രതീക്ഷിക്കുമ്പോഴെല്ലാം അവർ പരാജയപ്പെടുന്നു. ഈ സീനിയർ താരങ്ങൾ നമുക്ക് ആവശ്യമുള്ള പ്രകടനം നൽകുന്നില്ലെങ്കിൽ, ബെഞ്ചിലിരിക്കുന്ന ജൂനിയർ താരങ്ങളെ കളിപ്പിക്കൂ. അതിൽ എന്ത് വ്യത്യാസമാണുള്ളത്?" അഫ്രീദി ചോദിച്ചു.
ഷാഹിദ് അഫ്രീദിയുടെ മകൾ അൻഷയെയാണ് ഷഹീൻ വിവാഹം കഴിച്ചിരിക്കുന്നത്.
സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ ഇന്ത്യ 174 റൺസ് നേടിയത് തന്റെ സ്പിന്നർമാരുടെ മോശം പ്രകടനം കാരണമാണെന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ആഗ പ്രതികരിച്ചിരുന്നു. "ഞങ്ങൾ ഞങ്ങളുടെ സ്പിന്നർമാരിൽ വിശ്വസിച്ചിരുന്നു, പക്ഷേ ഇന്ന് അവർക്ക് ഒരു 'ഓഫ് ഡേ' ആയിരുന്നു. കളിയിൽ പലയിടത്തും പ്ലാനിങ് നടപ്പിലാക്കാൻ സാധിച്ചില്ല. ബാറ്റിങിൽ ഞങ്ങൾക്ക് നല്ല തുടക്കം ലഭിച്ചില്ല," - സൽമാൻ ആഗ പറഞ്ഞു.
ഇന്ത്യയ്ക്കെതിരെ ജയിക്കാൻ 176 റൺ ലക്ഷ്യമിട്ട പാകിസ്ഥാന്റെ ക്യാപ്‌റ്റൻ സൽമാൻ ആഗയടക്കം(4) നാല് മുൻനിര ബാറ്റർമാർക്കും രണ്ടക്കം കടക്കാനായിരുന്നില്ല. വിക്കറ്റ്‌കീപ്പർ ഉസ്‌മാൻഖാന്റെ 44 റണ്ണാണ് 100 കടത്തിയത്. ബൗളർ ഷഹീൻ അഫ്രീദി(23*) അവസാനം നടത്തിയ കൂറ്റനടികൾ നാണക്കേട് ഒഴിവാക്കി. ഷദാബ്‌ഖാനും(14) ഷഹിം അഷ്‌റഫും(10) മാത്രമാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റർമാർ. ബാബർ അസം അഞ്ച് റണ്ണിന് മടങ്ങി.










0 comments