വിലക്കുകൾ തകർത്ത് മൈതാനത്തേക്ക്; അഫ്ഗാൻ വനിതാ അഭയാർത്ഥി ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനം ജൂണിൽ

2025-ൽ ക്രിക്കറ്റ് വിത്തൗട്ട് ബോർഡേഴ്സ് ഇലവനെതിരായ മത്സരത്തിന് മുന്നോടിയായി അഫ്ഗാനിസ്ഥാൻ വനിതാ അഭയാർത്ഥി ഇലവൻ താരങ്ങൾ ടീം ഫോട്ടോയ്ക്കായി പോസ് ചെയ്യുന്നു | Photo Credit: AFP
ലണ്ടൻ: അന്താരാഷ്ട്ര ക്രിക്കറ്റ് വേദിയിൽ തങ്ങളുടെ ഔദ്യോഗിക പദവി വീണ്ടെടുക്കാനുള്ള പോരാട്ടങ്ങളുടെ ഭാഗമായി അഫ്ഗാനിസ്ഥാൻ വനിതാ അഭയാർത്ഥി ക്രിക്കറ്റ് ടീം ഈ വേനൽക്കാലത്ത് ഇംഗ്ലണ്ട് പര്യടനം നടത്തും. ജൂൺ 22 മുതൽ ആരംഭിക്കുന്ന പര്യടനത്തിൽ വിവിധ ട്വന്റി-20 മത്സരങ്ങളിലും പ്രത്യേക പരിശീലന ക്യാമ്പുകളിലും ടീം പങ്കെടുക്കും.
2021-ൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുക്കുകയും സ്ത്രീകൾ കായികരംഗത്ത് ഇറങ്ങുന്നത് പൂർണ്ണമായി നിരോധിക്കുകയും ചെയ്തതോടെയാണ് മുൻ ദേശീയ ടീമിലെ 20-ലധികം താരങ്ങൾക്ക് രാജ്യം വിടേണ്ടി വന്നത്. നിലവിൽ ഓസ്‌ട്രേലിയയിൽ അഭയാർത്ഥികളായി കഴിയുന്ന ഇവർ കനത്ത പ്രതിസന്ധികളെ അതിജീവിച്ചാണ് കളി തുടരുന്നത്.
താലിബാൻ വിലക്കിന് ശേഷവും കളിയിൽ സജീവമായ അഫ്ഗാൻ വനിതാ ഇലവൻ 2025 ജനുവരിയിൽ മെൽബണിൽ തങ്ങളുടെ ആദ്യ ക്രിക്കറ്റ് പോരാട്ടം കളിച്ചിരുന്നു. കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിന്റെ സമയത്തും ടീം ഇന്ത്യ സന്ദർശിച്ചിരുന്നു. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന്റെ പ്രത്യേക താല്പര്യപ്രകാരമാണ് പുതിയ പര്യടനം നിശ്ചയിച്ചിരിക്കുന്നത്.
ഈ സന്ദർശനത്തിന് കായികപരമായും സാംസ്കാരികമായും വലിയ പ്രാധാന്യമുണ്ടെന്ന് വ്യക്തമാക്കിയ ഇസിബി, ഇംഗ്ലണ്ടിൽ വെച്ച് നടക്കുന്ന വനിതാ ട്വന്റി 20 ലോകകപ്പിന്റെ ഫൈനൽ മത്സരം നേരിട്ട് കാണാനുള്ള അവസരവും ഈ കളിക്കാർക്കായി ഒരുക്കിയിട്ടുണ്ട്.
അഫ്ഗാൻ വനിതാ താരങ്ങൾക്ക് ഇസിബി വലിയ പിന്തുണ നൽകുന്നുണ്ടെങ്കിലും അഫ്ഗാനിസ്ഥാൻ പുരുഷ ടീമുമായി ഉഭയകക്ഷി ക്രിക്കറ്റ് പരമ്പരകൾ കളിക്കാൻ ഇംഗ്ലണ്ടിന് നിലവിൽ പദ്ധതികളൊന്നുമില്ല. അഫ്ഗാനിലെ നിലവിലെ സാഹചര്യം കടുത്ത 'ലിംഗ വിവേചനം' ആണെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് മുൻപ് വിശേഷിപ്പിച്ചത്.
ഐസിസി നിയമപ്രകാരം എല്ലാ പൂർണ്ണ അംഗരാജ്യങ്ങൾക്കും വനിതാ ടീം നിർബന്ധമാണെങ്കിലും, അഫ്ഗാനിസ്ഥാന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അവരുടെ പുരുഷ ടീമിന്റെ ടെസ്റ്റ് പദവി നിലനിർത്താൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ അനുവാദം നൽകിയിരിക്കുകയാണ്. ഐസിസിയും ബിസിസിഐയും ക്രിക്കറ്റ് ഓസ്‌ട്രേലിയയും ചേർന്ന് രൂപീകരിച്ച പ്രത്യേക ടാസ്‌ക്‌ഫോഴ്‌സ് വഴിയാണ് നിലവിൽ ഈ വനിതാ താരങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നത്.
അന്താരാഷ്ട്ര വനിതാ ഫുട്ബോൾ മത്സരങ്ങളിലേക്ക് അഫ്ഗാൻ വനിതാ ടീമിന്റെ തിരിച്ചുവരവിന് അടുത്തിടെ ഫിഫ പച്ചക്കൊടി കാട്ടിയിരുന്നു. ഫിഫയുടെ ഈ മാതൃക പിന്തുടർന്ന് തങ്ങളെ ഔദ്യോഗികമായി 'അഫ്ഗാനിസ്ഥാൻ ടീം' ആയി മത്സരിക്കാൻ അനുവദിക്കണമെന്ന് അഭയാർത്ഥി ക്രിക്കറ്റ് താരങ്ങൾ ഐസിസിയോട് ആവശ്യപ്പെടുന്നുണ്ട്.
ഫിഫയുടെ തീരുമാനം തങ്ങൾക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ടെന്ന് വ്യക്തമാക്കിയ അഫ്ഗാൻ വനിതാ താരം ഷഫീഖാ ഖാൻ, തങ്ങളുടെ പോരാട്ടം സ്വന്തം നാട്ടിൽ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെട്ട ദശലക്ഷക്കണക്കിന് പെൺകുട്ടികളുടെ ശബ്ദമാകാൻ വേണ്ടിയാണെന്നും കൂട്ടിച്ചേർത്തു.










0 comments