കേരളത്തിന് തിരിച്ചടിയായി തോൽവി; വിദർഭയ്ക്ക് ആറ് വിക്കറ്റ് ജയം

ലഖ്‌നൗ: സയ്യിദ് മുഷ്താഖ് അലി ട്വൻ്റി 20 ക്രിക്കറ്റ് ടൂർണമെൻ്റിൽ കേരളത്തിന് വീണ്ടും തോൽവി. ആറു വിക്കറ്റിനാണ് വിദർഭ കേരളത്തെ പരാജയപ്പെടുത്തിയത്. ആദ്യ ബാറ്റ് ചെയ്ത കേരളം 164 റൺസിന് പുറത്തായി. മാറുപടി ബാറ്റിങ്ങിനിറങ്ങിയ വിദർഭ 18.3 ഓവറിൽ നാലുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് തകർച്ചയോടെയായിരുന്നു തുടക്കം. ക്യാപ്റ്റൻ സഞ്ജു സാംസണും (1) അഹമ്മദ് ഇമ്രാനും (3) പെട്ടെന്ന് കൂടാരം കയറി. പിന്നീട് അർധസെഞ്ചുറി നേടിയ രോഹിൻ കുന്നുമ്മലും (58) വിഷ്ണു വിനോദും (65) ചേർന്നാണ് കേരളത്തെ മുന്നോട്ട് നയിച്ചത്. ഇരുവരും ചേർന്ന് 77 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ടീം സ്കോർ 100 കടന്നതിന് പിന്നാലെ രോഹിൻ കുന്നുമ്മൽ പുറത്തായി. പിന്നാലെ വിഷ്ണു വിനോദും വീണു. പിന്നീട് എത്തിയവർക്ക് നിലയുറപ്പിക്കാൻ കഴിയാതെ വന്നതോടെ കേരളം കൂപ്പുക്കുത്തി. വിദർഭയ്ക്കായി യഷ് ഠാക്കൂർ അഞ്ചുവിക്കറ്റ് നേടി. അധ്യയാൻ ധാഗ മൂന്നും നചികേത് ഭൂട്ടെ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിദർഭയ്ക്ക് മികച്ച തുടക്കം ലഭിച്ചു. അർധ സെഞ്ചുറിയുമായി ഓപ്പണർ അഥർവ ടൈഡെ (54) തിളങ്ങിയപ്പോൾ ടീം സ്കോർ വേഗത്തിൽ ഉയർന്നു. ആധ്യായൻ ഡാഗ (22), ധ്രുവ് ഷോറെ(22), ശിവം ദേശ്മുഖും (29) വരുൺ ബിഷ്തും (22) എന്നിവരും തിളങ്ങി. കേരളത്തിന് വേണ്ടി ഷറഫുദ്ദീൻ, എം ഡി നിധീഷ്, അബ്ദുൾ ബാസിദ്, വിഘ്നേഷ് പുത്തൂർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ റെയിൽവേസിനോട് 32 റൺസിന് കേരളം തോറ്റിരുന്നു. ഗ്രൂപ്പ് എയിൽ നാല് മത്സരത്തിൽ രണ്ട് ജയവും രണ്ട് പരാജയവുമായി എട്ട് പോയന്റോടെ മൂന്നാം സ്ഥാനത്താണ് കേരളം. നാല് മത്സരത്തിലും ജയിച്ച മുംബൈ ആണ് ഒന്നാമത്. വ്യാഴാഴ്ച മുംബൈയുമായാണ് കേരളത്തിന്റെ മത്സരം.








0 comments