print edition ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന് ഇനി 5 ദിവസം; കന്നിക്കിരീടത്തിന് ഡൽഹി ക്യാപിറ്റൽസ്

അക്സർ പട്ടേൽ
ന്യൂഡൽഹി : ഐപിഎൽ ക്രിക്കറ്റിന്റെ ‘ക്യാപിറ്റലാ’കാൻ ഒരിക്കലും ഡൽഹിക്കായിട്ടില്ല. 2020ൽ റണ്ണറപ്പായതാണ് വലിയ നേട്ടം. ഇക്കുറി അക്‌സർ പട്ടേലിന്റെ നേതൃത്വത്തിൽ കന്നിക്കിരീടമാണ് ഡൽഹി ക്യാപിറ്റൽസ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ സീസണിൽ സ്വപ്‌നതുല്യമായ തുടക്കമായിരുന്നു. ആദ്യ ആറ് കളിയിൽ അഞ്ചും ജയിച്ചു. എന്നാൽ ആ കുതിപ്പ് തുടരാനായില്ല. 14 കളിയിൽ ഏഴ് ജയം മാത്രം. പ്ലേഓഫിന് യോഗ്യത നേടാതെ അഞ്ചാംസ്ഥാനത്ത് അവസാനിപ്പിച്ചു. ആ നിരാശ മാറ്റാനാണ് ഇക്കുറി വരവ്. വിക്കറ്റ്‌കീപ്പർ കെഎൽ രാഹുലാണ് പ്രധാന താരം.
കഴിഞ്ഞ സീസണിൽ ഒരു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയടക്കം 539 റണ്ണടിച്ചുകൂട്ടി. വെടിക്കെട്ട് ഓപ്പണർമാരെ ഇത്തവണ സജ്ജമാക്കിയിട്ടുണ്ട്. ശ്രീലങ്കൻ താരം പതും നിസങ്കയും ഇംഗ്ലണ്ടിന്റെ ബെൻ ഡക്കറ്റും നൽകുന്ന തുടക്കം നിർണായകമാകും. ദക്ഷിണാഫ്രിക്കൻ താരങ്ങളായ ട്രിസ്‌റ്റൺ സ്‌റ്റബ്‌സും ഡേവിഡ് മില്ലറും പിന്നാലെയെത്തുന്നു. ആഭ്യന്തര ക്രിക്കറ്റിലെ മിന്നുംതാരങ്ങളായ പൃഥ്വിഷായും കരുൺ നായരുമുണ്ട്. ഫിനിഷറായ അശുതോഷ് ശർമയും അഭിഷേക് പൊറെലും നിതീഷ് റാണയും കരുത്താണ്. ബൗളർമാരുടെ നിരതന്നെയുണ്ട്.
ഓസ്‌ട്രേലിയൻ പേസർ മിച്ചെൽ സ്‌റ്റാർക് എത്താൻ വൈകും. ജമ്മുകശ്‌മീരിന് പ്രഥമ രഞ്‌ജിട്രോഫി നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച പേസ് ബൗളർ അക്വിബ് നബിയാണ് പ്രധാന ആയുധം. രഞ്‌ജിയിൽ 60 വിക്കറ്റാണ് സമ്പാദ്യം. ടി നടരാജനും മുകേഷ് കുമാറും ഒപ്പമുണ്ട്. വിദേശത്തുനിന്ന് ദുഷ്‌മന്ത ചമീരയും കൈൽ ജാമിസണും ലുങ്കി എൻഗിഡിയും എതിരാളികൾ പേടിക്കേണ്ടവരാണ്. ക്യാപ്‌റ്റൻ അക്‌സർ പട്ടേൽ നേതൃത്വം കൊടുക്കുന്ന സ്‌പിൻനിരയിൽ കുൽദീപ് യാദവും വിപ്രജ് നിഗവും വിക്കറ്റെടുക്കുന്നവരാണ്. പ്രധാന താരങ്ങൾ അക്‌സർ പട്ടേൽ (ക്യാപ്‌റ്റൻ), കെ എൽ രാഹുൽ, നിതീഷ് റാണ, പതും നിസങ്ക, ട്രിസ്‌റ്റൺ സ്‌റ്റബ്‌സ്, ഡേവിഡ് മില്ലർ, പൃഥ്വിഷാ, മിച്ചെൽ സ്‌റ്റാർക്, അക്വിബ് നബി, കുൽദീപ് യാദവ്, ലുങ്കി എൻഗിഡി.










0 comments