ad
Deshabhimani

print edition ട്വന്റി20 ലോകകപ്പ്: മൂന്ന്‌ കിരീടം നേടുന്ന ആദ്യ ടീമാകാൻ ഇന്ത്യ

ind.jpg
വെബ് ഡെസ്ക്

Published on Mar 07, 2026, 12:15 AM | 2 min read

അഹമ്മദാബാദ്‌: ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിൽ മൂന്ന്‌ കിരീടം നേടുന്ന ആദ്യ ടീമാകാൻ ഇന്ത്യ. നാളെ നടക്കുന്ന ഫൈനലിൽ ന്യൂസിലൻഡിനെ കീഴടക്കിയാൽ സൂര്യകുമാർ യാദവിനും സംഘത്തിനും ചരിത്രംകുറിക്കാം. ഇതിന്‌ മുന്പ്‌ ഒരു ടീമും ട്വന്റി20 ലോകകപ്പിൽ കിരീടം നിലനിർത്തിയിട്ടില്ല.

ബാറ്റിലും പന്തിലും ഫീൽഡിലും ഒരുപോലെ തിളങ്ങിയാണ്‌ ഇന്ത്യ -ഫൈനലിലെത്തിയത്‌. മോശമെന്ന്‌ മുദ്ര കുത്തിയ ഫീൽഡിങ്‌ പ്രകടനം സെമിയിൽ ഇംഗ്ലണ്ടിനെതിരെ ഏറെ മാറി. ഒരു ക്യാച്ച്‌ പോലും പാഴാക്കിയില്ല.


മറുവശത്ത്‌, ആദ്യ കിരീടമാണ്‌ ന്യൂസിലൻഡിന്റെ ലക്ഷ്യം. പതുക്കെ തുടങ്ങി ആളിക്കത്തുകയായിരുന്നു കിവീസ്‌. സെമിയിൽ ദക്ഷിണാഫ്ര-ിക്കയ്‌ക്കെതിരായ ജയം മിച്ചെൽ സാന്റ്‌നെറിനും കൂട്ടർക്കും വലിയ ആത്മവിശ്വാസമാണ്‌ നൽകിയിരിക്കുന്നത്‌. ലോകകപ്പ്‌ തുടങ്ങുന്പോൾ കിരീട സാധ്യതയുള്ള ടീമുകളുടെ പട്ടികയിൽ ഒന്നാമതായിരുന്നു ഇന്ത്യ. പക്ഷേ, ഗ്രൂപ്പ്‌ ഘട്ടത്തിലെ മത്സരങ്ങളെല്ലാം ജയിച്ചെങ്കിലും ആധികാരിക പ്രകടനമായിരുന്നില്ല. സൂപ്പർ എട്ടിലെ ആദ്യ കളിയിൽ ദക്ഷിണാഫ്രിക്കയോട്‌ വലിയ തോൽവി വഴങ്ങിയതോടെ പ്രതീക്ഷകൾ മങ്ങാൻ തുടങ്ങി. ബാറ്റിങ്ങിൽ ഓപ്പണർ അഭിഷേക്‌ ശർമയുടെ മോശം പ്രകടനവും ബ‍ൗളർമാർ സ്ഥിരതയോടെ പന്തെറിയാത്തതും ടീമിന്‌ തിരിച്ചടിയായി. ഫീൽഡിങ്ങിലെ പാളിച്ചകളായിരുന്നു മറ്റൊന്ന്‌. 13 ക്യാച്ചുകളാണ്‌ ഫീൽഡർമാർ ആകെ പാഴാക്കിയത്‌.


ദക്ഷിണാഫ്രിക്കയോടുള്ള തോൽവി ഇന്ത്യൻ ടീമിനെ ഉണർത്തി. അനാവശ്യ പരീക്ഷണങ്ങൾ നിർത്തി. ഓപ്പണറായും വിക്കറ്റ്‌ കീപ്പറായും വലംകൈയൻ ബാറ്റർ സഞ്‌ജു സാംസണെ തിരികെ കൊണ്ടുവന്നു. ലോകകപ്പിലെ ഏറ്റവും നിർണായക നീക്കമായി അതുമാറി. സിംബാബ്‌വെയ്‌ക്കെതിരെ സഞ്‌ജു നൽകിയ തുടക്കം മറ്റ്‌ ബാറ്റർമാർ ഏറ്റുപിടിച്ചപ്പോൾ ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റിങ്‌ പ്രകടനമാണ്‌ കണ്ടത്‌. ആ ജയം ടീമിന്‌ ഉ‍ൗർജം പകർന്നു. ക്വാർട്ടർ ഫൈനലെന്ന്‌ വിശേഷിപ്പിക്കപ്പെട്ട വെസ്‌റ്റിൻഡീസുമായുള്ള കളിയിലും ആ പ്രകടനം തുടർന്നു. സഞ്‌ജു താരമായി. 97 റണ്ണുമായി പുറത്താകാതെനിന്ന മലയാളി ബാറ്റർ ടീമിനെ സെമിയിലേക്ക്‌ നയിച്ചു.


മുംബൈയിൽ നടന്ന സെമിയിൽ ബാറ്റിനും പന്തിനും മുകളിൽ ഫീൽഡിങ്‌ പ്രകടനമാണ്‌ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക്‌ ആവേശകരമായ ജയമൊരുക്കിയത്‌. ബാറ്റിൽ സഞ്‌ജുവിന്റെ പ്രകടനം നിർണായകമായി. തുടർച്ചയായ രണ്ടാം കളിയിലും മുപ്പത്തൊന്നുകാരൻ മാൻ ഓഫ്‌ ദി മാച്ച്‌ പുരസ്‌കാരം സ്വന്തമാക്കി. ബാറ്റിൽ സഞ്‌ജുവാണ്‌ ഒന്നാം നമ്പർ. ഇഷാൻ കിഷൻ, ക്യാപ്‌റ്റൻ സൂര്യകുമാർ, ഹാർദിക്‌ പാണ്ഡ്യ, തിലക്‌ വർമ, ശിവം ദുബെ എന്നിവരൊക്കെ ബാറ്റിൽ മികവുകാട്ടുന്നവരാണ്‌. അഭിഷേകിന്റെ പ്രകടനത്തിൽ മാത്രമാണ്‌ ആശങ്ക.


ബ‍ൗളർമാരിൽ ജസ്‌പ്രീത്‌ ബുമ്രയുടെ സാന്നിധ്യമാണ്‌ മറ്റ്‌ ടീമുകളിൽനിന്ന്‌ ഇന്ത്യയെ വ്യത്യസ്‌തമാക്കുന്നത്‌. ഇംഗ്ലണ്ടിനെതിരെ കളി ജയിപ്പിച്ചതിൽ ബുമ്രയുടെ പന്തുകൾക്ക്‌ നിർണായക പങ്കുണ്ട്‌. മറ്റൊരു പേസർ അർഷ്‌ദീപ്‌ സിങ്‌ ധാരാളം റൺ വഴങ്ങുന്നത്‌ ആശങ്കയാണ്‌. സ്‌പിൻ വകുപ്പിൽ ഒന്നാം റാങ്കുകാരൻ വരുൺ ചക്രവർത്തി കഴിഞ്ഞ രണ്ട്‌ കളിയിലും നിറം മങ്ങിയിരുന്നു. അഹമ്മദാബാദിൽ വരുൺ തിരിച്ചുവരുമെന്നാണ്‌ പ്രതീക്ഷ.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home