ആറാടി അയ്യർ: ക്യാപ്റ്റന് സെഞ്ചുറി; വിൻഡീസിനെ തകർത്ത് ഇന്ത്യ

ലക്നൗ: വെസ്‌റ്റിൻഡീസിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് ജയം. ക്യാപ്റ്റൻ ശ്രേയസ് അയ്യർ (102) സെഞ്ചുറിയുമായി ടീമിനെ നയിച്ചപ്പോൾ വിൻഡീസ് ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം ഇന്ത്യ 14.4 ഓവറിൽ മറികടന്നു. 43 പന്തിൽ നിന്ന് പത്ത് ഫോറും ആറ് സിക്സുമായി 102 റൺസാണ് അയ്യർ അടിച്ചു കൂട്ടിയത്. സ്കോർ: വെസ്‌റ്റിൻഡീസ് 171 (19.1). ഇന്ത്യ 172/2 (14.4)
ഓപ്പണർ അഭിഷേക് ശർമയെയും (21) സഞ്ജു സാംസണെയും (11) ഇന്ത്യയ്ക്ക് തുടക്കത്തിലെ നഷ്ടമായി. പിന്നീട് കളത്തിലെത്തിയ ഇഷാൻ കിഷനും (37) അയ്യരും ചേർന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 19.1 ഓവറിൽ 171 റൺസിന് പുറത്തായി. ഏകദിനത്തിലെ ഫോം തുടർന്ന ക്യാപ്റ്റൻ ഷായ് ഹോപ്പിന്റെയും (52) ഷെർഫാനെ റൂതർഫോർഡിന്റെയും (56) അർധസെഞ്ചുറിയാണ് ടീമിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
ഒരറ്റത്ത് തുടർച്ചയായി വിക്കറ്റുകൾ വീണുകൊണ്ടിരിക്കുമ്പോഴും ഹോപ്പ് മികച്ച രീതിയിൽ ടീമിനെ മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു. കാമിൽ പുരനാണ് (12) ആദ്യം പുറത്തായത്. പിന്നാലെ ഷിമ്രോൺ ഹെറ്റ്‌മയറും (5) റോവ്‌മാൻ പവലും (0) വീണതോടെ വിൻഡീസ് പ്രതിരോധത്തിലായി.നാലാം വിക്കറ്റിൽ ഒന്നിച്ച ഹോപ്പ് - റൂതർഫോർഡ് സഖ്യമാണ് ടീമിനെ നൂറ് കടത്തിയത്. ഇരുവരും ചേർന്ന് 63 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. അരങ്ങേറ്റ മത്സരത്തിൽ തിളങ്ങിയ നമൻ ധീർ ഇന്ത്യയ്ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. അക്ഷർ പട്ടേലും കുൽദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.








0 comments