കാപ്പ കേസ് പ്രതി സുഗതന്റെ ജാമ്യം; സർക്കാരിന്റെ ഒത്തുകളി: എൽഡിഎഫ്

തിരുവനന്തപുരം: കോർപറേഷൻ കൗൺസിലറും കാപ്പ കേസിലെ പ്രതിയുമായ സുഗതന് ജാമ്യം ലഭിക്കാനുണ്ടായ സാഹചര്യം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥമൂലമെന്ന് കോർപറേഷൻ എൽഡിഎഫ്. യുഡിഎഫ്– ബിജെപി ഡീലിന്റെ ഭാഗമായിട്ട് സർക്കാർ മനഃപൂർവം വീഴ്ചവരുത്തിയതാണ്.
കൗൺസിൽ ഹാളിൽ ബിജെപി കൗൺസിലർമാർ ശബരിനാഥനെ ഉൾപ്പെടെ തടഞ്ഞിട്ടും സർക്കാർ ഒരു നടപടി സ്വീകരിക്കാത്തതും പരസ്‌പര ധാരണയുടെ ഭാഗമാണെന്നും എൽഡിഎഫ് പാർലമെന്ററി പാർടി നേതാവ് എസ് പി ദീപക് അറിയിച്ചു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി കൗൺസിലിൽ പങ്കെടുക്കാത്ത സുഗതന്റെ ഒപ്പ് കൗൺസിലിന്റെ മിനിറ്റ്സ് ബുക്കിൽ രേഖപ്പെടുത്തിയതിനെതിരെ എൽഡിഎഫ് നേരത്തെ രംഗത്ത് വന്നിരുന്നു. സുഗതൻ ജയിലിൽ കിടന്ന സമയത്തെ കൗൺസിൽ മീറ്റിങ്ങിന്റെ മിനിട്സ് ബുക്കിലാണ് സുഗതന്റെ ഒപ്പ് വ്യാജമായി ഇട്ടിരുന്നത്.
ഒരാളെ തലയ്‌ക്കടിച്ചുകൊല്ലാൻ ശ്രമിച്ചെന്ന കേസിലുൾപ്പെടെ ഒളിവിലായിരുന്നപ്പോഴാണ് മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തെന്ന് കാണിച്ച് ഒപ്പിട്ടത്. എൽഡിഎഫ് പാർലമെന്ററി പാർടി ലീഡർ എസ് പി ദീപക് തെളിവുകൾ പുറത്ത് വിട്ടതോടെ ഭരണം നിലനിർത്താൻ മേയറുടെയും സംഘത്തിന്റെയും കള്ളക്കളി പുറത്തായി. ഭരണം അനിശ്ചിതത്വത്തിലാകും എന്ന നിലയിലായിലിരുന്നപ്പോഴാണ് അസാധാരണമായി സുഗതന് ജാമ്യം ലഭിച്ചത്.








0 comments