Deshabhimani

അതിർത്തികളിൽ നിരീക്ഷണത്തിന് പുതിയ സംവിധാനം; ഹാപ്സ് വിജയകരമായി പരീക്ഷിച്ച് ഡിആർഡിഒ

DRDO
വെബ് ഡെസ്ക്

Published on Oct 06, 2026, 10:24 PM | 2 min read

ന്യൂഡൽഹി : ഡിആർഡിഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ഹൈ ആൾട്ടിറ്റ്യൂഡ് പ്ലാറ്റ്‌ഫോം' (HAPS) വിജയകരമായി പരീക്ഷിച്ചു. പരീക്ഷണ പറക്കലിൽ 21 കിലോമീറ്റർ വരെ ഉയരത്തിലെത്തിയ പ്ലാറ്റ്‌ഫോം, 20 കിലോമീറ്റർ ഉയരത്തിൽ അരമണിക്കൂറോളം വിജയകരമായി നിലനിർത്തി. തുടർന്ന് പൂർണ നിയന്ത്രണത്തോടെ സുരക്ഷിതമായി താഴെയിറക്കുകയും ചെയ്തു. അതിർത്തിയിലടക്കം വളരെ ദീർഘനേരം തടസങ്ങളില്ലാതെ നിരീക്ഷണം നടത്താൻ ഈ പുതിയ സാങ്കേതികവിദ്യ രാജ്യത്തെ സഹായിക്കും.


വിമാനത്തിൽനിന്ന് തത്സമയ ദൃശ്യങ്ങളും മറ്റ് പ്രവർത്തന വിവരങ്ങളും ഭൂമിയിലെ നിയന്ത്രണകേന്ദ്രത്തിലേക്ക് കൈമാറാൻ കഴിഞ്ഞതായി ഡിആർഡിഒ അറിയിച്ചു. നാവിഗേഷനും നിരീക്ഷണത്തിനും ഉയരം നിയന്ത്രിക്കുന്നതിനുമായി ജിപിഎസ് റിസീവർ, ഓൺബോർഡ് ക്യാമറകൾ, ഇനേർഷ്യൽ മെഷർമെന്റ് യൂണിറ്റ് തുടങ്ങിയ സംവിധാനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പരീക്ഷണത്തിൽ ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്ത് പ്ലാറ്റ്‌ഫോമിന്റെ പ്രവർത്തനക്ഷമത വിലയിരുത്തുമെന്ന് ഡിആർഡിഒ വ്യക്തമാക്കി.


ഹൈ ആൾട്ടിറ്റ്യൂഡ് പ്ലാറ്റ്‌ഫോം സ്റ്റേഷൻ (HAPS) എന്നത് ഭൂമിയിൽനിന്ന് വളരെ ഉയരത്തിൽ പ്രവർത്തിക്കുന്ന, ദീർഘനേരം അന്തരീക്ഷത്തിൽ തുടരാൻ കഴിയുന്ന തരത്തിൽ രൂപകൽപ്പന ചെയ്ത ഒരു സംവിധാനമാണ്. ബലൂൺ, എയർഷിപ്പ് അല്ലെങ്കിൽ ആളില്ലാ വിമാനത്തിന്റെ രൂപത്തിൽ ഈ പ്ലാറ്റ്‌ഫോമുകൾ വികസിപ്പിക്കാം. സ്ട്രാറ്റോസ്ഫിയർ മേഖലയിലാണ് സാധാരണയായി ഇവ പ്രവർത്തിപ്പിക്കുന്നത്.


വിമാനങ്ങൾക്കും ഉപഗ്രഹങ്ങൾക്കും ഇടയിലുള്ള സാങ്കേതിക സംവിധാനമാണിത്. ഹാപ്സ് ഉപഗ്രഹങ്ങളെപ്പോലെ ബഹിരാകാശത്തേക്ക് വിക്ഷേപിക്കേണ്ടതില്ല. അതേസമയം, ഡ്രോണുകളെക്കാൾ ഉയരത്തിൽ ദീർഘനേരം പ്രവർത്തിപ്പിക്കാം.


ഈ പ്ലാറ്റ്ഫോം ഉപയോ​ഗിച്ച് നിർദിഷ്ട മേഖലകളിൽ ദീർഘനേരം ആകാശനിരീക്ഷണം നടത്താം. വിദൂരപ്രദേശങ്ങളിൽ ആശയവിനിമയ സംവിധാനമായും വിവര കൈമാറ്റത്തിനും സഹായിക്കും. പ്രളയം, കാട്ടുതീ തുടങ്ങിയ സാഹചര്യങ്ങളിൽ പ്രദേശങ്ങളുടെ തത്സമയ ദൃശ്യങ്ങൾ ലഭ്യമാക്കും. കാലാവസ്ഥ, പരിസ്ഥിതി, ഭൂമിയിലെ മാറ്റങ്ങൾ എന്നിവ നിരീക്ഷിക്കാൻ ഉപയോഗിക്കാനും സാധിക്കും.


ഉപഗ്രഹങ്ങളേക്കാൾ താഴ്ന്ന ഉയരത്തിൽ പ്രവർത്തിക്കുന്നതിനാൽ നിർദിഷ്ട പ്രദേശത്തിന് മുകളിൽ കൂടുതൽ കേന്ദ്രീകൃതമായി ഉപയോ​ഗിക്കാനും ഹാപ്സിന് കഴിയും. മാത്രമല്ല, തകരാറുകൾ സംഭവിച്ചാൽ അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമായി ഇവയെ തിരിച്ചിറക്കാനും സാധിക്കും.


ഡിആർഡിഒയുടെ ഏരിയൽ ഡെലിവറി റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റാണ് (ADRDE) ഈ പ്ലാറ്റ്‌ഫോം വികസിപ്പിച്ചത്. ഇന്ത്യൻ വ്യോമസേന, സൈനിക വിമാനങ്ങളുടെ സർട്ടിഫിക്കേഷൻ വിഭാഗമായ സെമിലാക്, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA), എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) തുടങ്ങിയവയുടെ ഏകോപനത്തോടെയായിരുന്നു ഹാപ്സിന്റെ പരീക്ഷണം. ദീർഘനേരം സ്ട്രാറ്റോസ്ഫിയറിൽ പ്രവർത്തിക്കാവുന്ന തദ്ദേശീയ എയർഷിപ്പ് സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലെ പ്രധാന ചുവടുവയ്പാണിതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home