ഒരു ഗോൾ നേടി ഞെട്ടിച്ചു, പക്ഷേ രക്ഷയായില്ല; ഇന്ത്യയെ 6–1ന് തകർത്ത് ഉറുഗ്വായ്

കൊൽക്കത്ത: സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ മുൻ ലോക ചാമ്പ്യന്മാരായ ഉറുഗ്വായ്‌യുടെ കരുത്തറിഞ്ഞ് ഇന്ത്യ. കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പ്രഥമ ലോകകപ്പ് ജേതാക്കളായ ഉറുഗ്വായ് ഇന്ത്യയെ 6-1നാണ് തകർത്തത്. ആവേശം നിറഞ്ഞ മത്സരത്തിൽ അനിരുദ്ധ് ഥാപ്പ ഇന്ത്യയ്ക്കായി ഗോൾ നേടി. ഇടിമിന്നലും കനത്ത മഴയും കാരണം മത്സരം മുക്കാൽ മണിക്കൂർ മുടങ്ങി.
ലോകകപ്പിലെ മോശം പ്രകടനത്തിനുശേഷം ദ്യേഗോ ഫോർലാന്റെ കീഴിൽ അണിനിരന്ന ഉറുഗ്വായ് കളിയുടെ തുടക്കത്തിൽ തന്നെ ലീഡ് നേടി. 11-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഡാർവിൻ ന്യൂനെസ് ഗോളാക്കി മാറ്റി. പത്ത് മിനിറ്റിന് ശേഷം ഉറുഗ്വായ്യെ ഞെട്ടിച്ച് ഇന്ത്യ ഗോൾ മടക്കി. 22-ാം മിനിറ്റിലായിരുന്നു സമനില ഗോൾ. റയാൻ വില്യംസ് തൊടുത്ത ശക്തമായ ഷോട്ട് ഉറുഗ്വായ് ഗോൾകീപ്പർ തടഞ്ഞെങ്കിലും റീബൗണ്ടായിവന്ന പന്ത് അനിരുദ്ധ് ഥാപ്പ ഗോളാക്കി മാറ്റുകയായിരുന്നു.
27–ാം മിനിറ്റിൽ ഹൈഡ്രേഷൻ ഇടവേളയ്‌ക്ക് പിരിയുന്ന ഘട്ടത്തിൽ ഇടിമിന്നൽ കാരണം കളിക്കാർ തിരിച്ചുകയറി. പിന്നീട് കളിയാരംഭിച്ച ശേഷം ആക്രമിച്ചു കളിച്ച ഉറുഗ്വായ് അഞ്ചു ഗോളുകൾ കൂടി നേടി. അറൗഹോ (29, 59), സലാസർ (53), സനാബ്രിയ (71), അഗ്വയ്‌റേ (86) എന്നിവരാണ് ഉറുഗ്വായ്‌ക്കായി ലക്ഷ്യം കണ്ടത്.








0 comments