ഇന്ത്യയുടെ തകർച്ച, തുടർച്ച

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 03, 2024, 11:00 PM | 0 min read

മുംബൈ
ഇന്ത്യൻ ബാറ്റിങ്‌ നിരയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പതനം. കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ അപ്രതീക്ഷിത കാഴ്‌ചകളായിരുന്നു ബംഗളൂരുവിലും പുണെയിലും മുംബൈയിലും കണ്ടത്‌. ആദ്യം പേസിൽ, പിന്നെ സ്‌പിന്നിൽ. സർവം തകർച്ച. 118 ടെസ്‌റ്റ്‌ കളിച്ച വിരാട്‌ കോഹ്‌ലിക്കും 21 ടെസ്‌റ്റിൽ നയിച്ച രോഹിത്‌ ശർമയ്‌ക്കും ഷോട്ടുകളും തീരുമാനങ്ങളും പിഴച്ചു. രവി ശാസ്‌ത്രിക്കും രാഹുൽ ദ്രാവിഡിനും പിൻഗാമിയായി ഇന്ത്യൻ ടീം പരിശീലകനായി എത്തിയ ഗൗതം ഗംഭീറിന്‌ ആഗ്രഹിച്ച തുടക്കമല്ല കിട്ടിയത്‌.


ബംഗളൂരുവിൽ 46 റണ്ണിന്‌ പുറത്തായപ്പോൾത്തന്നെ അപകടസൂചന കിട്ടിയതാണ്‌. ഋഷഭ്‌ പന്ത്‌ മാത്രമാണ്‌ സ്വന്തം പ്രതിഭയോട്‌ നീതി ചെയ്‌തത്‌. പേസിൽ തോറ്റപ്പോൾ അടുത്ത രണ്ട്‌ ടെസ്‌റ്റിലും സ്‌പിൻ കുഴിയൊരുക്കിയ ബിസിസിഐയുടെ തീരുമാനവും തിരിച്ചടിയുടെ ആഴം കൂട്ടി.
ബംഗളൂരു ടെസ്‌റ്റിന്റെ ആദ്യ ഇന്നിങ്‌സിൽ വിക്കറ്റ്‌ നഷ്ടമില്ലാതെ 13 റണ്ണെന്ന നിലയിൽനിന്നാണ്‌ 46ന്‌ പുറത്തായത്‌. 33 റണ്ണിന്‌ 10 വിക്കറ്റും നഷ്ടമായി. രണ്ടാം ഇന്നിങ്‌സിൽ 54 റണ്ണിന്‌ നഷ്ടമായത്‌ ഏഴ്‌ വിക്കറ്റ്‌.

പുണെയിൽ ഒന്നാം ഇന്നിങ്‌സിൽ 50 റണ്ണിനിടെ ആറ്‌ വിക്കറ്റ്‌. രണ്ടാം ഇന്നിങ്‌സിൽ 40 റണ്ണിന്‌ അഞ്ച്‌ വിക്കറ്റ്‌. മുംബൈയിൽ ആദ്യ ഇന്നിങ്‌സിൽ ആറ്‌ റണ്ണിന്‌ മൂന്ന്‌ വിക്കറ്റ്‌. രണ്ടാം ഇന്നിങ്‌സിൽ 16ന്‌ അഞ്ച്‌ വിക്കറ്റ്‌. എന്നിങ്ങനെയാണ്‌ തകർച്ചയുടെ തുടർച്ച.
രോഹിത്‌ ക്യാപ്‌റ്റനായും ബാറ്ററായും മങ്ങി. ആറ്‌ ഇന്നിങ്‌സിൽ 91 റണ്ണാണ്‌ ആകെ നേടിയത്‌. ശരാശരി 15.17. കോഹ്‌ലിയുടെ ആകെ റൺ 93. ശരാശരി 15.50. പന്ത്‌ 261 റണ്ണുമായി ടോപ്‌ സ്‌കോററായി. ഒരുകളിയിൽ 150 റണ്ണടിച്ച സർഫറാസ്‌ ഖാൻ മറ്റൊരു ഇന്നിങ്‌സിലും രണ്ടക്കം കണ്ടില്ല.

ആർ അശ്വിന്റെ പ്രഭാവം മങ്ങി എന്നതാണ് ഈ പരമ്പരയിൽ ഇന്ത്യയെ പിന്നോട്ടടിച്ച പ്രധാന ഘടകം. സ്‌പിന്നർമാർ അരങ്ങുവാണ പരമ്പരയിൽ മൂന്ന്‌ കളിയിൽ ഒമ്പത്‌ വിക്കറ്റാണ്‌ ഇന്ത്യയുടെ പ്രധാന സ്‌പിന്നർക്ക്‌ നേടാനായത്‌. ഓസ്‌ട്രേലിയയുമായുള്ള ടെസ്‌റ്റ്‌ പരമ്പരയാണ്‌ അടുത്ത വെല്ലുവിളി. അഞ്ച്‌ കളിയുണ്ട്‌. രോഹിതിനും കോഹ്‌ലിക്കും അശ്വിനും നിർണായകമാണ്‌ ഈ പര്യടനം.



deshabhimani section

Related News

View More
0 comments
Sort by

Home