Deshabhimani

മിന്നൽ സഞ്ജു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 14, 2024, 12:28 AM | 0 min read

ഹൈദരാബാദ്‌
റൺമഴ ആടിത്തിമർത്ത്‌ പെയ്‌ത രാത്രിയിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം റെക്കോഡ്‌ പുസ്‌തകങ്ങൾ ഒഴുക്കിക്കളഞ്ഞു. സഞ്‌ജു സാംസണും കൂട്ടരും ബാറ്റിൽ വെടിമരുന്ന്‌ നിറച്ചപ്പോൾ ട്വന്റി20യിൽ ഇന്ത്യയുടെ പുതിയ കാലമാണ്‌ പിറന്നത്‌. ഇന്നുവരെ കാണാത്ത പ്രഹരശേഷിയായിരുന്നു. ബൗണ്ടറികളുടെ പ്രവാഹത്തിൽ ക്രിക്കറ്റ്‌ ലോകം ഞെട്ടി. സൂര്യകുമാർ യാദവിനും ഗൗതം ഗംഭീറിനും കീഴിൽ ഇന്ത്യൻ ടീം സംഹാര രൂപികളായി മാറി.

സഞ്‌ജുവിന്റെ ഉയിർപ്പ്‌ കണ്ട കളിയിൽ ബംഗ്ലാദേശിനെ 133 റണ്ണിനാണ്‌ ഇന്ത്യ തകർത്തുകളഞ്ഞത്‌. മൂന്നാം ട്വന്റി20യിൽ ആദ്യം ബാറ്റ്‌ ചെയ്‌ത്‌ നേടിയത്‌ ആറ്‌ വിക്കറ്റ്‌ നഷ്ടത്തിൽ 297 റൺ. ഇതിൽ 232 റണ്ണും ബൗണ്ടറികളിലൂടെയായിരുന്നു. ട്വന്റി20യിലെ എക്കാലത്തെയും മികച്ച രണ്ടാമത്തെ സ്‌കോർ. ടെസ്‌റ്റ്‌ പദവിയുള്ള രാജ്യങ്ങളിലെ ഏറ്റവും മികച്ച സ്‌കോർ. മറുപടിക്കെത്തിയ ബംഗ്ലാദേശ്‌ ഏഴിന്‌ 164നാണ്‌ അവസാനിച്ചത്‌. പരമ്പര ഇന്ത്യ 3–-0ന്‌ തൂത്തുവാരി. 47 പന്തിൽ 111 റണ്ണെടുത്ത സഞ്‌ജുവായിരുന്നു താരം. 40 പന്തിലാണ്‌ മലയാളിതാരം സെഞ്ചുറി പൂർത്തിയാക്കിയത്‌.  പരമ്പരയിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും മിന്നിയ ഹാർദിക്‌ പാണ്ഡ്യ മാൻ ഓഫ്‌ ദി സിരീസും. ഹൈദരാബാദിൽ ബംഗ്ലാദേശിന്‌ ആശ്വസിക്കാൻപോലും ഒന്നുമുണ്ടായില്ല. 22 സിക്‌സറുകളാണ്‌ ഇന്ത്യ പറത്തിയത്‌. അതിൽ 11 എണ്ണം സഞ്‌ജുവിന്റെ ബാറ്റിൽനിന്ന്‌. അതിൽത്തന്നെ അഞ്ച്‌ സിക്‌സറുകൾ ഒറ്റ ഓവറിൽ. 25 ഫോറും ഇന്ത്യൻ ഇന്നിങ്‌സിലുണ്ടായി. ആകെ 47 ബൗണ്ടറികൾ. ഒരു ട്വന്റി20 ഇന്നിങ്‌സിലെ ഏറ്റവും കൂടുതൽ എണ്ണം. 18 ഓവറുകളിൽ പത്തിനുമുകളിൽ റൺപിറന്നു. അതിൽ മൂന്നുപേർ 50ന്‌ മുകളിൽ റൺ വഴങ്ങി. 26 ആയിരുന്നു റണ്ണെടുക്കാത്ത പന്തുകൾ. അതിൽ രണ്ട്‌ നോബോൾ. ഒരു ക്യാച്ച്‌ പാഴാക്കി. ഒരു റണ്ണൗട്ടും. ബംഗ്ലാദേശ്‌ അപമാനത്തിന്റെ പടുകുഴിയിലായിരുന്നു അന്ന്‌.

ഇന്നിങ്‌സിന്റെ മൂന്നാം ഓവറിൽ അഭിഷേക്‌ ശർമയെ നഷ്ടപ്പെടുന്നത്‌ കണ്ടാണ്‌ ഇന്ത്യ തുടങ്ങുന്നത്‌. അതിന്‌ തൊട്ടുമുമ്പുള്ള ഓവറിൽ ടസ്‌കിൻ അഹമ്മദിനെ സഞ്‌ജു തുടർച്ചയായ നാല് ഫോറുകൾക്ക്‌ ശിക്ഷിച്ചിരുന്നു. അഭിഷേകിന്റെ പുറത്താകലിൽ ആശ്വസിക്കാനുള്ളവക ബംഗ്ലാദേശിന്‌ കിട്ടിയില്ല. ക്യാപ്‌റ്റൻ സൂര്യകുമാർ എത്തിയതോടെ സഞ്‌ജുവിന്റെ കരുത്തും ഇരട്ടിയായി. ഇരുവരും മനോഹരമായ ഷോട്ടുകൾകൊണ്ട്‌ റണ്ണൊഴുക്കി. പവർപ്ലേയിൽ 82 റൺ. റെക്കോഡിനൊപ്പം. 7.1 ഓവറിൽ 100. പത്തോവറിൽ 152. 14 ഓവറിൽ 200. ഒരിക്കൽപ്പോലും വേഗം കുറഞ്ഞില്ല.

സൂര്യകുമാർ (35 പന്തിൽ 75), ഹാർദിക്‌ പാണ്ഡ്യ (18 പന്തിൽ 47), റിയാൻ പരാഗ്‌ (13 പന്തിൽ 34) എന്നിങ്ങനെയായിരുന്നു ബാറ്റർമാരുടെ പ്രകടനം. മറുപടിക്കെത്തിയ ബംഗ്ലാദേശിനായി 42 പന്തിൽ 63 റണ്ണുമായി പുറത്താകാതെനിന്ന തൗഹിദ്‌ ഹൃദോയിയും ലിട്ടൺ ദാസും (25 പന്തിൽ 42) മാത്രം പൊരുതി. ഇന്ത്യക്കായി രവി ബിഷ്‌ണോയ്‌ മൂന്ന്‌ വിക്കറ്റെടുത്തു. മായങ്ക്‌ യാദവ്‌ രണ്ടും.



deshabhimani section

Related News

0 comments
Sort by

Home