ഓർമകൾ മരിക്കുമോ

മാങ്ങാട് രത്‌നാകരൻ
Published on Oct 26, 2025, 12:12 PM | 3 min read
‘‘ഉയരും ഞാൻ നാടാകെ- യുയരും ഞാൻ, വീണ്ടുമ ങ്ങുയരും ഞാൻ, വയലാറലറീടുന്നു!’’ വയലാർ എന്ന ദേശം ഗർജിച്ചപ്പോൾ ആ ഉണർവും വീറും പി ഭാസ്‌കരൻ ഈ വരികളിൽ നിറച്ചുവച്ചു. കാവ്യം അവസാനിക്കുന്നത്, നാട്ടിനു പുത്തൻ ഉയിരേകും എന്നു മുഷ്ടിചുരുട്ടിക്കൊണ്ടാണ്. പി ഭാസ്‌കരൻ ‘വയലാർ ഗർജിക്കുന്നു' എന്ന ദീർഘകാവ്യമെഴുതുമ്പോൾ വയലാർ രാമവർമയ്‌ക്ക് 18 വയസ്സ്. നന്നേ ചെറുപ്പത്തിൽ കവിതകളെഴുതിത്തുടങ്ങിയ വയലാർ ‘പാദമുദ്രകൾ’ എന്ന കവിതാസമാഹാരവുമായി 20–ാംവയസ്സിലെത്തി. അത് രാഷ്ട്രപിതാവിന്റെ വധത്തിൽ മനമുരുകി പാടിയതായിരുന്നു. ആ സമാഹാരത്തിലെ എല്ലാ കവിതകളും ഹിമവൽസദൃശനായ മഹാത്മാവിനുള്ള കണ്ണുനീർത്തുള്ളികളത്രേ.
വയലാറിന്റെയും അമ്മയുടെയും കൂടെ പുനലൂർ രാജൻ
‘കൊന്തയും പൂണലും' എന്ന രണ്ടാമത്തെ സമാഹാരത്തിലെ ‘തൂലികപ്പടയാളി' എന്ന കവിതയിൽ വയലാർ എഴുതി,
‘‘അവനും ഗർജിക്കില്ലേ?
ഗർജിച്ചാൽ... തകർന്നുപോ-
മടിതൊട്ടറ്റംവരെ
നെടുങ്കൻ മതിലുകൾ.’’
പിൽക്കാലത്ത് പി ഭാസ്‌കരൻ വയലാർ രാമവർമയെക്കുറിച്ച് പറഞ്ഞു, ‘‘കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമരരംഗങ്ങളിൽ ഒന്നായിരുന്നു വയലാർ. അതുകൊണ്ട് വയലാർ എന്ന ഗ്രാമത്തിന് അപ്പോൾത്തന്നെ കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ ഒരു നല്ല സ്ഥാനം കിട്ടി. പക്ഷേ, അതിനേക്കാളെല്ലാം വലിയ സ്ഥാനം ആ ഗ്രാമത്തിന് നേടിക്കൊടുത്തത്, വയലാർ രാമവർമ എന്ന മഹാകവി. -അങ്ങനെ വിളിക്കാമോ എന്നു പലരും ശങ്കിക്കുമെങ്കിലും, ഞാൻ പറയും -മഹാകവികളിൽ ഒരാളായ വയലാർ രാമവർമയുടെ കവിതകളും ഗാനങ്ങളും പ്രവർത്തനങ്ങളുമാണ്.’’
വയലാർ രാമവർമ കാലത്തിൽ ലയിച്ച് അരനൂറ്റാണ്ട് തികയുന്നു. ഈ കാലയളവിൽ വയലാറിന്റെ കവിതകളേക്കാളും ഗാനങ്ങൾ മുൻനിരയിലേക്ക് വന്നു. അഥവാ കവിത്വം കൂടുതൽ തിളങ്ങിയത് ഗാനങ്ങളിലാണെന്നും വരാം. അഭിരുചിഭേദമനുസരിച്ച്, തിരിച്ചും മറിച്ചും പറയാവുന്നതാണ്.
വയലാറിന്റെ അവതാരികയോടെ കാവ്യരംഗത്തേക്ക് വന്ന ശ്രീകുമാരൻതമ്പി തന്റെ ആരാധ്യപുരുഷനെപ്പോലെതന്നെ ഗാനരചനയിൽ മുഴുകിയപ്പോൾ, മലയാളികളുടെ ഗാനാസ്വാദന സംസ്‌കാരത്തെ നിരീക്ഷിച്ച്, ഇങ്ങനെ പറഞ്ഞു:
‘‘ഗാനരചനയിൽ അവസാന വാക്കാണ് വയലാർ എന്നു ഭൂരിപക്ഷം മലയാളികളും വിശ്വസിക്കുന്നു. പി ഭാസ്‌കരനുപോലും അവർ ആ സ്ഥാനം കൊടുക്കുന്നില്ല. നല്ല പാട്ടാണോ, അത് വയലാറിന്റേതാണ്. വയലാറിന്റേതല്ലാത്ത പാട്ടുകൾക്കുപോലും അവർ വയലാർമുദ്ര ചാർത്തും. ‘ഹൃദയസരസ്സിലെ പ്രണയപുഷ്പമേ' എന്ന എന്റെ ഗാനം വയലാറിന്റേതായിട്ടാണ് പലരും പറയുക. അത് വയലാറിന്റേതല്ലെന്നു പറഞ്ഞാൽ ഞങ്ങളെ പഠിപ്പിക്കേണ്ട എന്നു പറയും.’’
ഗാനാസ്വാദകരായ മലയാളികൾക്കെല്ലാം അവരവരുടേതായ വയലാർഗാനങ്ങളുണ്ടാകാം. മിക്കവാറും അത് ഒരൊറ്റ ഗാനമായിരിക്കില്ല; ഒരുകുടന്ന ഗാനങ്ങളാകാനാണിട. ഇതെഴുന്നയാൾക്കും പ്രിയപ്പെട്ട വയലാർ ഗാനങ്ങളുണ്ട്. അത് എന്നെത്തന്നെ ഒഴുക്കിക്കൊണ്ടുപോകുമെന്നതിനാൽ, ഈ കുറിപ്പിൽ അതിന് തുനിയുന്നില്ല.
വയലാർ കുടുംബത്തിന്റെ ഇഷ്ട വയലാർഗാനങ്ങൾ ഏതൊക്കെയാണ്? വയലാറിനെക്കുറിച്ച് ഒരു ടെലിവിഷൻ ഡോക്യുമെന്ററി എടുത്തപ്പോൾ അതിന്റെ ഉത്തരം തേടിയിരുന്നു.
വയലാറിന്റെ ഭാര്യ ഭാരതി തമ്പുരാട്ടി, അമ്മ അംബാലിക തമ്പുരാട്ടി, വയലാർ
വയലാറിന് കൺകണ്ട ദൈവമായിരുന്ന അമ്മയെക്കുറിച്ച് എഴുതിയ ‘‘അമ്മേ... അമ്മേ... അവിടുത്തെ മുന്നിൽ ഞാനാര്?’’ (ചായം, 1973) ആയിരുന്നുവത്രേ അംബാലിക തമ്പുരാട്ടിയുടെ ഇഷ്ടഗാനം. ‘‘മുത്തശ്ശിയുടെ കുട്ടൻ പോയശേഷം ‘കാറ്റടിച്ചു... കൊടുങ്കാറ്റടിച്ചു...' (തുലാഭാരം, 1968) മൂളുമായിരുന്നു. വീട്ടിലെ വിളക്ക് കണ്ണടച്ചതുകൊണ്ടാകാം’’– വയലാറിന്റെ മകൾ യമുന മുത്തശ്ശിയെ ഓർക്കുന്നു. ഭാര്യ ഭാരതി തമ്പുരാട്ടിക്ക് തന്നെക്കൊണ്ട് പാടിക്കുമായിരുന്ന ‘വരമരുളുക വനദുർഗേ' (കടലമ്മ 1963) എന്ന ഗാനം. മൂത്തമകൾ ഇന്ദുലേഖയ്ക്ക് ‘ഇന്ദുലേഖേ... ഇന്ദുലേഖേ...' (തിരിച്ചടി, 1968), കുട്ടിക്കാലത്ത് പാടുന്പോൾ അച്ഛൻ ഒപ്പം ഏറ്റുപാടിയ ‘യെരുശലേമിലെ സ്വർഗദൂതാ' (ചുക്ക് 1973), യമുനയ്ക്ക് ‘നദികളിൽ സുന്ദരി യമുന...' (അനാർക്കലി, 1966), ‘കുന്നുമ്പുറത്തൊരു മിന്നലാട്ടം' (തെറ്റ്, 1971),
ഇളയമകൾ സിന്ധു: ‘‘അച്ഛൻ എന്നെക്കുറിച്ച് പാട്ടുകളൊന്നും എഴുതിയിട്ടില്ല. എനിക്ക് പരിഭവമൊന്നുമില്ല. ഞാൻ ഏട്ടനെക്കൊണ്ടെഴുതിക്കും.’’ ‘കല്യാണസൗഗന്ധികപ്പൂങ്കാവനത്തിലൊരു' (വാഴ്‌വേമായം, 1970) എന്ന ഗാനം ഏറെ ഇഷ്‌ടം മകൻ ശരച്ചന്ദ്രന്. ‘‘ഏട്ടനെക്കുറിച്ച് നേരിട്ട് ഗാനമെഴുതിയിട്ടില്ലെങ്കിലും ‘ശാരദേന്ദുകല ചുറ്റിലും' എന്ന വരികളിൽ ഏട്ടനുണ്ട്. ശാരദേന്ദു ശരച്ചന്ദ്രനല്ലേ?’’– -സിന്ധു. അച്ഛൻ 1975 ഒക്‌ടോബർ 21ന്; മരണത്തിന് ആറുനാൾ മുമ്പെഴുതിയ ‘സന്ധ്യാവന്ദനം...' (സന്ധ്യാവന്ദനം, 1975) എന്ന ഗാനത്തോട് പ്രത്യേക ഇഷ്ടം.
വയലാറിന്റെ ഫോട്ടോഗ്രാഫുകൾ വിരളമത്രേ; ഗാനചിത്രീകരണവേളയിലും സുഹൃദ്‌സമാഗമങ്ങളിലുമായി എടുത്ത കുറച്ചധികം ഫോട്ടോകളുണ്ടാകാം. അവയിൽ അധികവും സ്വകാര്യശേഖരങ്ങളിലുമാകാം. കുടുംബസ്ഥനായ വയലാറിനെ ഫോട്ടോഗ്രാഫുകളിൽ കാണാനില്ലായിരുന്നു. ആ കുറവ് നികത്തിയത് വിഖ്യാത ഫോട്ടോഗ്രാഫർ പുനലൂർ രാജനാണ്.
1972 സെപ്തംബർ 24-നാണ് രാജൻ ഈ ഫോട്ടോകൾ പകർത്തിയത്. ഈ തീയതി ഓർത്തിരിക്കാൻ പ്രത്യേക കാരണമുണ്ടെന്ന് രാജൻ ഇതെഴുന്നയാളോട് പറഞ്ഞിട്ടുണ്ട്. സമുന്നതനായ കമ്യൂണിസ്റ്റ് നേതാവ് അഴീക്കോടൻ രാഘവൻ കൊല്ലപ്പെട്ടതിന്റെ പിറ്റേന്നാൾ.
വയലാറും അമ്മയും ഭാര്യയും മക്കളും. (മുകളിൽ നിൽക്കുന്നത് സിന്ധു, യമുന, താഴെ ഇന്ദുലേഖ, ശരച്ചന്ദ്രൻ
കെപിഎസി ഫിലിംസിന്റെ ‘ഏണിപ്പടികൾ’ എന്ന സിനിമയുടെ നിശ്ചലഛായാഗ്രഹണം നിർവഹിക്കാനായി തോപ്പിൽ ഭാസി പറഞ്ഞതനുസരിച്ച് ആലപ്പുഴയിൽ ഉദയാ സ്റ്റുഡിയോയിൽ എത്തിയതായിരുന്നു രാജൻ. അഴീക്കോടന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഐ എം ബന്ദ് പ്രഖ്യാപിച്ചതിനാൽ, കോഴിക്കോട്ടേക്ക് മടങ്ങാനാകാതെ രാജൻ അവിടെത്തന്നെ തങ്ങി. ആ ദിവസമാണ് വയലാർ തേടിയെത്തുന്നതും രാജനെ വീട്ടിലേക്ക് കൂട്ടുന്നതും വിഭവസമൃദ്ധമായ വിരുന്നൊരുക്കുന്നതും. രാഘവപ്പറമ്പിലെ വീട്ടിൽവച്ച് സമൃദ്ധമായി ഫോട്ടോകളും എടുത്തു.
വയലാർ, ഭാര്യ ഭാരതി തമ്പുരാട്ടി, അമ്മ അംബാലിക തമ്പുരാട്ടി, മക്കൾ ഇന്ദുലേഖ, യമുന, സിന്ധു, ശരച്ചന്ദ്രൻ, അവിടെ വന്നെത്തിയ അടുത്ത സുഹൃത്തുക്കൾ. എല്ലാവരെയും രാജൻ പകർത്തി, തനിച്ചും ഒരുമിച്ചും. ആ ഫോട്ടോകൾ ഇന്നും ഓർമയുടെ സുഗന്ധം പൊഴിക്കുന്നു. വയലാറിന്റെ അമ്മയോടൊപ്പം ഒരു ഫോട്ടോ വേണമെന്ന് രാജൻ ആഗ്രഹിച്ചു. കൂടെയുണ്ടായിരുന്ന ‘ഏണിപ്പടികളു’ടെ ഛായാഗ്രാഹകൻ പി രാമസ്വാമിയെ ശട്ടംകെട്ടി. കുസൃതിപ്രിയനായ വയലാർ നടുക്ക് ചാടിവീണു. അങ്ങനെ കൗതുകകരമായ ഒരു ഫോട്ടോകൂടി കിട്ടി.
വയലാർ എന്ന ദേശത്തെയും കവിയെയുംകുറിച്ച് പറഞ്ഞാണ് ഈ കുറിപ്പ് തുടങ്ങിയത്. ആ ദേശകവിയുടെ ഓർമകളിൽ വി ടി കുമാരൻ പാടിയ വരികളാകട്ടെ, അവസാനം:
‘‘വയലാർ ഒരു ദേശം തീമഴ പെയ്തൂ ഹൃത്തിൽ
വയലാർ ഒരു കവി തേൻമഴ പെയ്തൂ പിന്നെ’’










0 comments