ad
Deshabhimani

print edition സഖാവേട്ടനും മറക്കാത്ത കാലവും

shavettan

സഖാവേട്ടൻ

avatar
​ജി സാജൻ

Published on May 24, 2026, 06:33 AM | 3 min read

“രോഗിയെ ആശുപത്രിയിൽ എത്തിച്ച് കോട്ടയം മെഡിക്കൽ കോളേജിൽനിന്ന് തിരിച്ച് പാലായിൽ എത്തിയപ്പോഴേക്കും അവിടെ നിന്നുള്ള അവസാനത്തെ ബസും പോയി. പിന്നീട് അർധരാത്രിയിൽ ഇരുട്ടത്ത് തൊടുപുഴവരെ നടന്നു.” തൊടുപുഴയിലെ ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകരിൽ ഒരാളായ സഖാവേട്ടൻ പറയുന്നു. ​സഖാവിന് ഇപ്പോൾ 90 വയസ്സായി. എന്നാൽ, ഗ്രാഫിക്കൽ മെമ്മറിയാണ്. തൊടുപുഴയുടെയും ഇടുക്കിയുടെയും കമ്യൂണിസ്റ്റ് പാർടിയുടെ അന്പതുകളിലെ ആദ്യകാലചരിത്രം ഇപ്പോഴും ഒരു വാക്കുപോലും തെറ്റാതെ സഖാവ് പറഞ്ഞുതരും. ഒരു കാലഘട്ടത്തിന്റെ കഥകളാണ് അദ്ദേഹം പറഞ്ഞത്.


2ജി സാജനും (വലത്ത്) കുടുംബവും സഖാവേട്ടനും ഭാര്യ സരളയ്ക്കും മകൻ ഡോ. മനോജിനുമൊപ്പം


​“ചാച്ചന്റെ പേര് സഖാവ് എന്നല്ലാതെ നാരായണൻ എന്നാണെന്ന് ചാച്ചനുപോലും ഓർമയില്ല”– ഇപ്പോൾ ഓസ്‌ട്രേലിയയിൽ സൈക്യാട്രിസ്റ്റായി ജോലി ചെയ്യുന്ന മകൻ ഡോ. മനോജ് പറഞ്ഞു. “എന്നെ അന്നുമുതൽ ഇപ്പോഴും കൊച്ചുകുട്ടികൾപോലും സഖാവേ എന്നോ സഖാവേട്ടനെന്നോ ആണ് വിളിക്കുന്നത്. എനിക്കന്ന് പാർടിയിൽ രണ്ടു പഞ്ചായത്തുകളുടെ ചുമതലയാണ്. അന്ന് സാധാരണ മനുഷ്യരുടെ, പ്രത്യേകിച്ച് പട്ടികജാതിക്കാരുടെ എന്ത് ജീവിതാവശ്യങ്ങൾക്കും അവർ സമീപിക്കുന്നത് കമ്യൂണിസ്റ്റ് പാർടിക്കാരെയാണ്. കല്യാണമാണെങ്കിലും രോഗമാണെങ്കിലും പട്ടിണിയാണെങ്കിലും കുടുംബപ്രശ്നങ്ങൾക്കും എല്ലാ കാര്യത്തിനും എന്റെ അടുത്തുവരും. രാത്രിയിൽ ആർക്കെങ്കിലും രോഗം വഷളായാൽ, പിന്നെ അവരേംകൊണ്ട് കോട്ടയത്ത് മെഡിക്കൽ കോളേജിൽ പോണം. ഇതൊരു സ്ഥിരം പരിപാടിയായി. ഒടുവിൽ അവിടത്തെ ഡോക്ടർമാരുമായൊക്കെ വലിയ അടുപ്പമായി. പലപ്പോഴും തിരിച്ചെത്താൻ വൈകും. അങ്ങനെയാണ് ഒരുദിവസം അർധരാത്രിയിൽ പാലായിൽ എത്തിയപ്പോൾ അവിടെനിന്നുള്ള അവസാനത്തെ ബസും പോയി. പിന്നെ ഇരുട്ടത്ത് 30 കിലോമീറ്റർ നടന്നു. ലൈറ്റുപോലും ഇല്ലാത്ത കാലമാണെന്നോർക്കണം’’– സഖാവേട്ടൻ പറയുന്നു.


കിട്ടുന്നതിൽ കൂടുതൽ കൊടുത്തു


​“ഈ വരുന്നവരൊക്കെ പാവങ്ങളാ. അവരെ സഹായിക്കാനായി പലയിടത്തുനിന്നും കടം വാങ്ങി. കടവും പലിശയും പെരുകി ഒടുവിൽ എന്റെ ഭൂമിയൊക്കെ വിറ്റുപോയി. അക്കാലത്ത് കുടുംബത്തിൽനിന്ന് വീതംകിട്ടിയ ആറേക്കറിൽ കൂടുതൽ സ്ഥലമുണ്ട്. അതെല്ലാം വിറ്റു. കൂടുതലും പാവപ്പെട്ട രോഗികളുടെ ചികിത്സയ്‌ക്കാണ്. അവരുടെ പട്ടിണിപ്രശ്നങ്ങൾക്കും.


പല തൊഴിൽമേഖലകളും പരീക്ഷിച്ചു. കച്ചവടവും ഷാപ്പ് കോൺട്രാക്ടറുംമറ്റും. ഒന്നിൽനിന്നും ലാഭമുണ്ടാക്കാൻ കഴിഞ്ഞില്ല. കിട്ടുന്നതിൽ കൂടുതൽ കൊടുത്തുശീലിച്ചതുകൊണ്ടാകാം”– സഖാവേട്ടൻ പറയുന്നു. “ഞങ്ങളൊക്കെ പഠിക്കാറായപ്പോഴേക്കും വീട്ടിൽ വലിയ ദാരിദ്ര്യമായിരുന്നു. വിശപ്പും പട്ടിണിയും ശരിക്കുമറിഞ്ഞ അവസ്ഥ. വസ്ത്രത്തിനും പഠനച്ചെലവുകൾക്കുമൊക്കെ ബന്ധുക്കളെയുംമറ്റും ആശ്രയിക്കേണ്ടിവന്നു”– മനോജ് ചിരിച്ചുകൊണ്ട് പറഞ്ഞു. “സ്കൂളിൽനിന്ന് തിരിച്ചുവന്നാൽ പിന്നീട് ഓലമെടയാനുംമറ്റും അമ്മയെ സഹായിക്കും. അങ്ങനെയൊക്കെ കിട്ടിയ പണംകൊണ്ടാണ് ജീവിച്ചത്. ആ പ്രതിസന്ധിഘട്ടത്തിലൊക്കെ ജീവിതത്തെ ധീരമായി നേരിട്ട് കുടുംബം മുന്നോട്ടുകൊണ്ടുപോയത് അമ്മച്ചിയായിരുന്നു”– സിപിഐ എം നേതാവും ഉടുമ്പൻചോല എംഎൽഎയുമായിരുന്ന അന്തരിച്ച ജിനദേവന്റെ ഇളയസഹോദരിയായ അമ്മ സരളയെ ചേർത്തുനിർത്തി മനോജ് പറഞ്ഞു.


4സഖാവേട്ടനും കുടുംബവും


കുടിയാന്മാർക്ക് ഭൂമി കിട്ടിയോ


മുപ്പതുകളിൽ തുടങ്ങി കേരളരാഷ്ട്രീയത്തിന്റെ ഗതി സ്വാധീനിച്ച ഭൂസമരങ്ങളുടെ കാലഘട്ടം. അന്പതുകളിൽ തുടർന്ന സമരങ്ങൾ, ’57ലെ കമ്യൂണിസ്റ്റ് മന്ത്രിസഭ, തുടർന്നുണ്ടായ ഭൂനിയമം ഇതൊക്കെ താഴെത്തട്ടിൽ എങ്ങനെയാണ് അനുഭവപ്പെട്ടത്? ഈ കഥകളാണ് സഖാവ് ഞങ്ങളോട് പറഞ്ഞത്. ​ഇവിടെയുള്ള ഭൂമി രണ്ടു പ്രധാന കുടുംബങ്ങളുടേതായിരുന്നു. ഒരു ബ്രാഹ്മണകുടുംബവും ഒരു ക്രിസ്ത്യൻ കുടുംബവും. അവരുടെ കുടിയാന്മാർക്ക് ഭൂമി കിട്ടിയോ? സഖാവിന്റെ കഥകൾ കേൾക്കാം.


​“കുന്നംകോടന്‌ ചെല്ലാനത്ത് ഒന്നരയേക്കർ നിലമുണ്ടായിരുന്നു. അത് നോക്കിനടത്തിയിരുന്നത് വട്ടിപ്പാറ ചാക്കോ മാപ്പിളയാണ്. ഭൂപരിഷ്‌കരണം വന്നുകഴിഞ്ഞപ്പോൾ ഭൂമിക്ക്‌ ചാക്കോ അപേക്ഷ കൊടുത്തു. ചാക്കോയ്ക്ക് ഭൂമി കിട്ടി. അതേപോലെ കുന്നംകോടന് പുതുപ്പെരിയാരം ഭാഗത്ത് കൈപ്പള്ളിയിൽ നിലമുണ്ടായിരുന്നു. മുട്ടത്തുകുന്നേൽ കുഞ്ഞാഗസ്തിയാണ് അത് കൃഷി ചെയ്തിരുന്നത്. അത് ഒഴിപ്പിക്കാൻ നോക്കി. എന്നാൽ, ഒഴിപ്പിക്കാൻ കഴിഞ്ഞില്ല. ഞങ്ങളൊക്കെ അന്ന് ഒഴിപ്പിക്കലിനെതിരെ ജാഥ നടത്തി. പുറപ്പുഴയിൽനിന്ന്‌ തൊടുപുഴയിലേക്ക് കമ്യൂണിസ്റ്റ് പാർടിയുടെ ജാഥകൾ വന്നു. അവിടെ യോഗം നടന്നു. വലിയ കല്ലേറും അടിയുമൊക്കെ ഉണ്ടായി. എന്തായാലും ആ ഭൂമി മുട്ടത്തുകുന്നന്‌ കിട്ടി.

​“എന്നാൽ, എല്ലാവർക്കും ഭൂമി കിട്ടിയില്ല. ജന്മിമാർ ഭൂമി കൃഷി ചെയ്യാതെ തരിശിട്ടു. ഇവിടെ ഇനി കൃഷിയില്ലെന്ന് പ്രഖ്യാപിച്ചു. തരിശുഭൂമി ഏറ്റെടുക്കുന്നതിന് നിയമപരമായ പ്രശ്നങ്ങളുണ്ടായിരുന്നു.” എന്നാൽ, പടിഞ്ഞാറൻ പ്രദേശത്ത്, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, വൈക്കം പ്രദേശത്തൊക്കെ അഞ്ചുസെന്റുകാരും 10 സെന്റുകാരുമൊക്കെ ആയിരുന്നു. ആ സ്ഥലമൊക്കെ അവർ വളച്ചുകെട്ടി എടുത്തു. “ഇവിടെ ജന്മിമാർ എന്തുചെയ്തു? അവർക്ക് വിശ്വസ്തനായ ഒരു വില്ലേജ് ഓഫീസറുണ്ടായിരുന്നു– മത്തായി. അയാൾ യഥാർഥത്തിൽ ഒരു വില്ലനായിരുന്നു. അയാൾ രാവിലെ ജന്മിയുടെ വീട്ടിൽ ചെല്ലും. പാലത്തിനാൽ കുഞ്ഞാട്ടൻ ആധാരക്കെട്ടൊക്കെ അയാളുടെ മുന്നിലേക്ക് ഇട്ടുകൊടുക്കും. ജന്മിമാരുടെ ഭൂമിയൊക്കെ വിശ്വസ്തർക്ക് പതിച്ചുകൊടുത്തു. കൊട്ടാരം പറമ്പ് അന്ന് 16 ഏക്കർ സ്ഥലമുണ്ട്. ഇതൊക്കെ പുറപ്പുഴക്കാരുടെ പലരുടേം പേരിൽ എഴുതിവയ്ക്കും. പലപ്പോഴും അവരുപോലും അറിയാതെ. കാരിക്കൊമ്പ് കുളത്തിനടുത്ത് 16 ഏക്കർ തെങ്ങുണ്ട്. ഇപ്പഴും അത് അയാളുടെ വകയായി ഇരിക്കുവാ.”


1ഒരു സ്വീകരണച്ചടങ്ങ്


​അന്നത്തെ ജന്മിമാരുടെ പ്രവൃത്തികൾ


“ആളൊക്കെ നല്ല മനുഷ്യരാ. പക്ഷേ, ആർക്കും ഒരഞ്ചുപൈസ കൊടുക്കൂല. മാത്രമല്ല, റോഡിൽ ഇറങ്ങിനിന്ന് ആരെങ്കിലും വഴിയിൽക്കൂടി വThodupuzha communist historyരുന്നുണ്ടോന്ന് നോക്കും. ആരെയെങ്കിലും കണ്ടാൽ അവരെ വിളിച്ച് ഓരോ പണി എടുപ്പിക്കും. കൂലി ഒന്നും കൊടുക്കുകേമില്ല. പിന്നെ ഞങ്ങളൊക്കെ ആ വഴി നടന്നുപോകുമ്പോ അങ്ങോര്‌ അവിടെ നിൽപ്പുണ്ടോന്ന്‌ നോക്കും. ഇല്ലെങ്കിലേ ആ വഴി പോകൂ”– സഖാവ് ചേട്ടൻ ചിരിച്ചു. ഇങ്ങനെ ജന്മിമാരുമായി നിരന്തരം വഴക്കൊക്കെ ഉണ്ടെങ്കിലും ഒരു കാര്യം സഖാവ് ഇപ്പോഴും ഓർക്കുന്നു.

​“പുറപ്പുഴയിലെ സ്ഥലമൊക്കെ വിറ്റ് ഞാനങ്ങ് തകർന്നുപോയല്ലോ. ഒരിക്കൽ വോട്ട് ചെയ്യാനുള്ള ക്യൂവിൽ ഞാൻ നിൽക്കുന്നതിന്റെ മുന്പിൽ ഒരു പത്തുപതിനാറ്‌ ആളിനപ്പുറം കുഞ്ഞച്ചൻ നിൽക്കുന്നു. എന്നെ കണ്ട് പുള്ളി ഇങ്ങോട്ടുവന്നു, എന്നിട്ട് ചെവിയിൽ പതുക്കെ ചോദിച്ചു. “എടാ നാരായണാ. നീയങ്ങ് തകർന്നുപോയീന്ന് കേട്ടല്ലോ” അത് കളിയാക്കി ചോദിച്ചതൊന്നുമല്ല, സ്നേഹമായിട്ട് ചോദിച്ചതാ. പക്ഷേ, ഇങ്ങനെ ചോദിച്ചതല്ലാതെ ‘എന്തെങ്കിലും സഹായം വേണോ നാരായണാ’ എന്ന് ഒരു ചോദ്യവും ഉണ്ടായില്ല. എന്തായാലും പുള്ളിക്ക് ഒരു ആത്മാർഥതയുണ്ട്. ഇപ്പോൾ വലിയ കുഴപ്പമൊന്നുമില്ലെന്ന് ഞാൻ എന്തായാലും മറുപടീം കൊടുത്തു.”


രാത്രി വളരെ വൈകി. ഞങ്ങൾ സഖാവിനോട് യാത്ര പറഞ്ഞിറങ്ങി. വീടിന് ചുറ്റും പടർന്നുനിൽക്കുന്ന കാടുകൾ നിറയെ വിവിധയിനം പക്ഷികളാണ്. അവയെല്ലാം രാവിലെ സഖാവിനെ തേടിയെത്തും. ഇപ്പോൾ 90–ാംവയസ്സിൽ സഖാവേട്ടൻ വീട്ടിൽ സ്ഥിരമായി വരുന്ന കിളികൾക്കും അണ്ണാനും ഭക്ഷണം നൽകുന്നു. ഓസ്‌ട്രേലിയയിൽനിന്ന് വരുമ്പോൾ മനോജ്, ചാച്ചന് പക്ഷിബിസ്‌കറ്റ് കൊണ്ടുവരും. അതെല്ലാം സഖാവ് കിളികൾക്കായി വിതറും.


​തൊടുപുഴ വൈക്കം റൂട്ടിലെ പാറക്കടവ് കവലയിൽനിന്ന്‌ ഒരുകിലോമീറ്റർ ഉള്ളിലുള്ള മഞ്ഞമാവ് എന്ന മലയോരഗ്രാമത്തിൽനിന്ന്‌ ഇരമ്പിമറയുന്ന ഒരു കാലഘട്ടത്തിന്റെ കഥകൾ കേട്ട് മതിവരാതെയാണ് ഞങ്ങൾ ഇറങ്ങിയത്. മരങ്ങൾ നിറയെ സഖാവിനെ കാത്തിരിക്കുന്ന കിളികൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home