മാമലക്കണ്ടത്തിന്റെ സ്വന്തം കാട്ഫിൽ


അജിൻ ജി നാഥ്
Published on Feb 08, 2026, 12:05 AM | 5 min read
മാമലക്കണ്ടം എവിടെയെന്ന് അറിയാമോ? എറണാകുളം ജില്ലയിൽ ഇടുക്കി അതിർത്തിയോട് ചേർന്ന് വനത്താൽ ചുറ്റപ്പെട്ട്, പ്രധാന പാതകളിൽനിന്ന് കിലോമീറ്ററുകൾ മാറി ഒറ്റപ്പെട്ട മലയോരഗ്രാമം. ആ മാമലക്കണ്ടത്ത് ഒരു ബിസിനസ് ബ്രാൻഡ് ഉണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കാനാകുമോ? ‘‘മാമലക്കണ്ടംപോലൊരു കുഗ്രാമത്തിൽ ആരെങ്കിലും ബിസിനസ് തുടങ്ങുമോ’’ എന്നായിരിക്കില്ലേ ആദ്യചോദ്യം. എന്നാൽ ഇതേ ചോദ്യത്തിന് ഉത്തരം തേടിയിറങ്ങിയ രണ്ട് ചെറുപ്പക്കാരും അവരുടെ മാമലക്കണ്ടത്തിന്റെ സ്വന്തം ബ്രാൻഡായ കാട്‌ഫില്ലിന്റെയും കഥ, ആ ചോദ്യം തിരുത്തിപ്പറയിക്കും. മാമലക്കണ്ടത്തും ഒരു വ്യവസായ ബ്രാൻഡ് ഉണ്ട്. കേരളത്തിൽ മാമലക്കണ്ടത്തെന്നല്ല, ഏതൊരിടത്തും വ്യവസായം സാധ്യമാണെന്നതിന്റെ നേർചിത്രമാണ് കാട്‌ഫിൽ. കൊടിപിടിച്ച് സമരം ചെയ്‌ത് പൂട്ടിക്കുന്നിടം, വ്യവസായം സാധ്യമേയല്ലാത്ത നാട് തുടങ്ങി പലരുടെയും മനസ്സിൽ ഉറച്ചുപോയ അല്ലെങ്കിൽ നിരന്തരം ഉറപ്പിക്കാൻ ശ്രമിക്കുന്ന നരേവറ്റീവുകളെയെല്ലാം പൊളിച്ചടുക്കുകയാണ് കേരളം. കറയറ്റ പിന്തുണയും കരുത്തുമായി ഒരു സർക്കാർ മുന്നിൽനിന്നപ്പോൾ കേരളം നടന്നുതീർത്തത് അത്ഭുതാവഹമായ നേട്ടങ്ങളുടെ വഴികൾ. ലോകത്തിന്റെ വ്യവസായ ഭൂപടത്തിലേക്ക് വ്യവസായ സൗഹൃദകേരളമെന്ന ഖ്യാതി മെല്ലെ മെല്ലെ പടരുകയാണ്. അതിന്റെ നേർച്ചിത്രമാകുകയാണ് കാട്‌ഫിൽ എന്ന ബ്രാൻഡും സുഹൃത്തുക്കളായ അമലും വിഷ്‌ണുവും.
സംരംഭകരായ വിഷ്ണുവും അമലും
ശരിയായ വഴി
പിറന്ന നാടിനോട് വേർപിരിക്കാനാകാത്ത ബന്ധമുണ്ടാകുക സ്വാഭാവികം. മാമലക്കണ്ടത്തുകാരുടെയും മാനസികാവസ്ഥയും മറ്റൊന്നല്ല. എന്നാൽ ആ നാടിന്റെ സവിശേഷത, വനത്താൽ ചുറ്റപ്പെട്ട ഒന്നോ രണ്ടോ ബസ് മാത്രമുള്ള ആനകളും വന്യജീവികളും യഥേഷ്‌ടം വിഹരിക്കുന്ന ഒരു മലയോര ഗ്രാമമെന്നതാണ്. പ്രധാന സ്ഥാപനങ്ങളും ഓഫീസുകളുംപോലും കിലോമീറ്ററുകൾ അകലെയാണ്. ഇതിനാൽത്തന്നെ മെച്ചപ്പെട്ട തൊഴിൽസാഹചര്യമോ പുതുമയുള്ള തൊഴിലുകളോ ആ നാടിന് അന്യമാണ്. ഇക്കാരണത്താൽ പുതുതലമുറയിൽ പലരും നാടുവിട്ട് പുറത്തേക്ക് തൊഴിൽ തേടി പോയി. മറ്റുള്ളവരൊക്കെ പരമ്പരാഗത തൊഴിലുകളും കൃഷിയും ഉപജീവനമാർഗമാക്കി ഒതുങ്ങിക്കൂടി. എന്നാൽ ഉപരിപ-ഠനം കഴിഞ്ഞെത്തിയ മാമലക്കണ്ടത്തുകാരായ വിഷ്‌ണു ബാലചന്ദ്രനും കെ കെ അമലിനും പിറന്നുവീണ നാട് വിട്ടുപോകാനേ ആഗ്രഹമുണ്ടായില്ല. പക്ഷേ, പാരമ്പര്യ രീതികളിൽ ഒതുങ്ങിക്കൂടാനും അവർക്ക് മനസ്സുവന്നില്ല. മാമലക്കണ്ടത്തെ ചെറുപ്പക്കാരൊക്കെ തൊഴിലന്വേഷിച്ച് പുറത്തേക്ക് പോകുന്നതും അവർക്ക് വിഷമമുണ്ടാക്കി.
തങ്ങൾക്കും മറ്റൊരു വഴിയില്ലെന്നതും ആശങ്കയായി. എല്ലാവരും പുതുമ തേടി പുറത്തേക്ക് പോയപ്പോൾ ഇവർ രണ്ടും പുതുമ തേടിയത് നാടിനകത്തു തന്നെയാണ്. നാട്ടിൽ തൊഴിൽ സാധ്യതയില്ലാത്തതിനാലല്ലേ പുറത്തേക്ക് പോകേണ്ടി വരുന്നത്, അങ്ങനെയെങ്കിൽ സ്‌ത്രീകൾക്കും ചെറുപ്പക്കാർക്കും ഉൾപ്പെടെ തൊഴിൽ കൊടുക്കാൻ സാധിക്കുന്ന ഒരു സംരംഭം നാട്ടിലുണ്ടാക്കിയാലെന്താ എന്നായി ബിബിഎക്കാരനായ അമലിന്റെയും ബിടെക്കുകാരനായ വിഷ്‌ണുവിന്റെയും ചിന്ത. വെറുതെയൊരു ചിന്തയല്ല. അതിന്റെ സാധ്യതകൾ, പ്രശ്‌നങ്ങൾ തുടങ്ങി എല്ലാം പഠിച്ചും അന്വേഷിച്ചും ഗവേഷണം നടത്തിയും നാലുവർഷമെടുത്തു, സംരംഭത്തിലേക്ക് ചുവടുവയ്ക്കാൻ. കേവലമൊരു സംരംഭവുമല്ല ലക്ഷ്യം. അത് സ്വന്തമായി ഒരു ബ്രാൻഡ് തന്നെയായിരുന്നു. വീട്ടുകാരോടും പ്രദേശത്തെ രാഷ്‌ട്രീയ സാമൂഹ്യപ്രവർത്തകരോടും ആശയം പങ്കുവച്ചപ്പോൾ അവർക്കും സന്തോഷം. സകല പിന്തുണയുമായി അവരും കൂടെ നിന്നു. സാമ്പത്തിക സഹായം ഉൾപ്പെടെ നൽകി സുഹൃത്തുക്കളും ഒപ്പം ചേർന്നു. അങ്ങനെയാണ് മാമലക്കണ്ടത്തെ കാർഷികോൽപ്പന്നങ്ങളും വനവിഭവങ്ങളും വിപണിയിലെത്തിക്കാനുള്ള ഒരു ബ്രാൻഡ് ഇൗ ചെറുപ്പക്കാർ തുടങ്ങിയത്.

ആനയെ വിട്ടൊരു കളിയില്ല
ബ്രാൻഡിന് ഒരു പേര് വേണമല്ലോ? ചെറുപ്പം മുതലേ പുറംനാട്ടുകാരിൽനിന്ന് ഇൗ ചെറുപ്പക്കാർ നേരിടുന്ന അവഹേളനമാണ് ആനക്കാട്ടിൽനിന്ന് വരുന്നവർ, വള്ളിയിൽ തൂങ്ങി സഞ്ചരിക്കുന്നവർ എന്നൊക്കെ. എപ്പോൾ പോയാലും ആനക്കൂട്ടങ്ങളുള്ള നാടാണ് മാമലക്കണ്ടം. അതിനെക്കുറിച്ചുള്ള കളിയാക്കലുകളാണതെല്ലാം. അങ്ങനെ ഒരു ബ്രാൻഡ് പിടിച്ചപ്പോൾ ആ അവഹേളനം തന്നെയങ്ങ് ഇൻവെസ്‌റ്റ്‌മെന്റാക്കാമെന്ന് കരുതി. മാമലക്കണ്ടത്തെ ബ്രാൻഡാകുമ്പോൾ നാടുമായി ബന്ധമുള്ള പേര് വേണമെന്നതും നിർബന്ധമായിരുന്നു. മാത്രമല്ല മാമലക്കണ്ടത്തുകാർക്ക് ആനയെ വിട്ടൊരു കളിയുമില്ല. എന്നാൽ പിന്നെ ആ ആനക്കാട് തന്നെ അങ്ങെടുത്താലോ എന്നായി ചിന്ത. അങ്ങനെ പേരിൽ ആനയും കാടും വേണമെന്നുറപ്പിച്ചു. എന്നാൽ ബ്രാൻഡ് ആകുമ്പോ ഒരു ഗ്ലോബൽ ടച്ചും വേണം. ലോകത്ത് എല്ലായിടത്തും എത്തപ്പെടണമെന്നുമാണ് ആഗ്രഹം. അപ്പോൾ അത്തരത്തിലുള്ള ഒരു പേരാകണം. അങ്ങനെ കാട്ടാനയ്‌ക്ക് വിവിധ ലോക ഭാഷകളിലുള്ള പേരുകൾ തപ്പി.
ഒടുവിൽ ആന എന്നർഥമുള്ള ‘ഫിൽ’ എന്ന ടർക്കിഷ് വാക്കിലെത്തി. അപ്പോഴും ആന മാത്രമേ കിട്ടിയുള്ളൂ. കാടായില്ല. പിന്നെ കാട് എന്നർഥമുള്ള പല വാക്കുകൾ തെരഞ്ഞ് ബ്രാൻഡ് രജിസ്‌ട്രേഷന് കൊടുത്തെങ്കിലും ആ പേരുകളിലെല്ലാം ബ്രാൻഡുകളുള്ളതിനാൽ അംഗീകാരം കിട്ടിയില്ല. കാട് എന്നർഥമുള്ള -ഫിന്നിഷ് വാക്കായ മെറ്റ്‌സയും ചേർത്ത് മെറ്റ്‌സാഫിൽ എന്നാക്കി. പക്ഷേ അതേ പേരിൽ പോർച്ചുഗലിൽ ഒരു കാർ പാർട്‌സ് കമ്പനിയുണ്ട്. അങ്ങനെ അതും ഉപേക്ഷിച്ചു. ഒന്നും ശരിയാകാതെ വന്നപ്പോൾ ഒടുവിൽ രണ്ടും കൽപ്പിച്ച് മലയാളത്തിൽനിന്ന് കാട് അങ്ങെടുത്തു. അങ്ങനെ കാടും -ഫില്ലും ചേർന്ന് ‘കാട്‌ഫിൽ’ എന്ന് ബ്രാൻഡ് ട്രേഡ്‌മാർക്ക് ചെയ്‌തു. kadfill.com എന്ന ഡൊമൈനും രജിസ്‌റ്റർ ചെയ്‌തു. ഏറ്റവും നല്ലതും, ഫ്രഷായതും മാത്രം ഭക്ഷണത്തിനായി തെരഞ്ഞെടുക്കുന്ന ജീവിയാണ് ആന. അങ്ങനെ ആനയുടെ ആ സ്വഭാവത്തിൽ നിന്ന് കാട്‌ഫില്ലിന് ഒരു ടാഗ്‌ലൈനും കിട്ടി, ‘‘be picky like a fill’’. ആനയെ പോലെ തെരഞ്ഞെടുത്ത് നല്ലത് മാത്രം എത്തിക്കുന്ന ഒരു ഭക്ഷ്യോൽപ്പന്ന ബ്രാൻഡ്.
കാട് കാത്ത വിളകൾ
മാമലക്കണ്ടമാകണം ബിസിനസിന്റെ കേന്ദ്രമെന്ന് നിശ്ചയിച്ചപ്പോൾ എന്താണ് വിൽക്കേണ്ടത് എന്നതു സംബന്ധിച്ച് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ആ മണ്ണിൽ വിളയുന്നതൊക്കെ തന്നെയാണ് ആ നാടിന്റെ സാധ്യതയും. ആ സാധ്യത തിരിച്ചറിഞ്ഞാണ് മാമലക്കണ്ടത്തെ കാർഷികവിളകളെ ബ്രാൻഡ് ചെയ്യാമെന്ന് തീരുമാനിച്ചത്. നാട്ടുകാരെ സഹായിക്കാൻകൂടി തുടങ്ങിയ ഒരു സംരംഭം കൃഷിമേഖലയിലല്ലാതെ മറ്റെവിടെ ശ്രദ്ധ കേന്ദ്രീകരിക്കാൻ. ഏലയ്‌ക്ക, കാപ്പി, മഞ്ഞൾ, കുരുമുളക്, കൊക്കോ, ഇഞ്ചി, പുളി, കൂവക്കിഴങ്ങ്, തേൻ തുടങ്ങിയവ കാട്‌ഫില്ലിന്റെ ഉൽപ്പന്നങ്ങളായി. ആനയെ പോലെ തെരഞ്ഞെടുക്കും എന്ന് ഉറപ്പ് നൽകുന്നതിനാൽ നല്ലതും ഗുണമേന്മയേറിയതും വേണമെന്നും നിർബന്ധമായിരുന്നു. അങ്ങനെ ഇൗ ഉൽപ്പന്നങ്ങളെല്ലാം പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കി. സ്‌പൈസസ് ബോർഡിലുൾപ്പെടെ നടത്തിയ ആ പരിശോധനയിലാണ് മാമലക്കണ്ടത്തെ കാട് ഒളിപ്പിച്ചുവച്ച ആ അത്ഭുതവും വെളിവായത്. ഇടുക്കി ഉൾപ്പെടെയുള്ള മറ്റ് ഹൈറേഞ്ചുകളിൽ വിളയുന്ന ഏലം, കുരുമുളക്, പുളി എന്നിവയേക്കാൾ ഗുണമേന്മ മാമലക്കണ്ടത്തെ വിളകൾക്കുണ്ട്. അതിന് കാരണം വനത്താൽ ചുറ്റപ്പെട്ട ആ നാടിന്റെ കാലാവസ്ഥയാണ്. കേരളത്തിലെ മറ്റ് മലയോര മേഖലകളിലെ സുഗന്ധവ്യഞ്ജനങ്ങളേക്കാൾ ഗുണമേന്മയുള്ളതും ശുദ്ധവുമായ മാമലക്കണ്ടത്തെ ഉൽപ്പന്നങ്ങൾ കാട്‌ഫില്ലിന്റെ വലിയ സാധ്യതയും സമ്പത്തുമായി.
സംരംഭകരായ വിഷ്ണുവും അമലും കർഷകരിൽ നിന്ന് ഉൽപ്പന്നങ്ങൾ ശേഖരിക്കുന്നു
ഇങ്ങനെയൊരു സർക്കാരോ?
ബിസിനസ് തുടങ്ങാമെന്ന ആശയവുമായി അമലും വിഷ്‌ണുവും വ്യവസായ വകുപ്പിനെ സമീപിക്കുമ്പോൾ ആശങ്കകൾ ഏറെയായിരുന്നു. കേരളം വ്യവസായത്തിന് പറ്റിയ ഇടമല്ലെന്ന പ്രചാരണം, നിരവധി നൂലാമാലകൾ, മാമലക്കണ്ടം പോലൊരു മലയോരഗ്രാമം. അങ്ങനെ ഒട്ടേറെ ആശങ്കകളുമായാണ് കോതമംഗലത്തെ വ്യവസായ ഓഫീസിനെ സമീപിച്ചത്. എന്നാൽ പ്രതികരണം ശരിക്കും അത്‌ഭുതപ്പെടുത്തുന്നതായിരുന്നു. മാമലക്കണ്ടത്തുനിന്ന് സംരംഭം തുടങ്ങാനെത്തിയ ആ ചെറുപ്പക്കാരെ ഉദ്യോഗസ്ഥർ വലിയ ആവേശത്തോടെ ചേർത്തുനിർത്തി. എങ്ങനെ വ്യവസായം തുടങ്ങാം, എന്തെല്ലാമാണ് മാനദണ്ഡങ്ങൾ, എന്തെല്ലാം രേഖകളും അനുമതികളും വേണം എന്നു തുടങ്ങി സർവകാര്യങ്ങളും വ്യവസായ വകുപ്പ് തന്നെ പറഞ്ഞു പഠിപ്പിച്ചു. അതിന്റെ വിശദാംശങ്ങളുള്ള കൈപ്പുസ്‌തകവും നൽകി. ആദ്യം വേണ്ടത് വിശദമായ പ്രോജക്‌ട് ആയിരുന്നു. ആ പ്രോജക്‌ട് എങ്ങനെ തയ്യാറാക്കണമെന്ന് പറയുക മാത്രമല്ല കൂടെനിന്ന് ചെയ്യാനും തയ്യാറായി. വിശദമായ പ്രോജക്‌ട് നൽകിയപ്പോൾ അവരെ സഹായിക്കാനായി ഒരു ഉദ്യോഗസ്ഥനെത്തന്നെ നിയമിച്ചു.
തുടർന്നുള്ള നടപടിക്രമങ്ങളെല്ലാം ആ ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ കൃത്യമായി മുന്നേറി. അവർ രാപകലില്ലാതെ ഇൗ ചെറുപ്പക്കാരുടെ കൂടെനിന്നു. രാത്രി 12 ന് പോലും വിളിച്ച് വിവരങ്ങൾ അന്വേഷിച്ചു, സംശയങ്ങളും ആവലാതികളും പരിഹരിച്ചു. ബാങ്ക് വായ്‌പയ്‌ക്കുപോലും ശുപാർശ ചെയ്‌തു. മറ്റിടങ്ങളിൽ വ്യവസായ വകുപ്പ് സംഘടിപ്പിച്ചതും മറ്റ് ഏജൻസികൾ സംഘടിപ്പിച്ചതുമായ വിദഗ്‌ധ പരിശീലനങ്ങൾക്കും അയച്ചു. മറ്റ് വ്യവസായ മാതൃകകൾ സന്ദർശിക്കാനും പഠിക്കാനും അവസരമൊരുക്കി. പലതവണ കോതമംഗലത്തുനിന്ന് 50 കിലോമീറ്റർ അകലെയുള്ള മാമലക്കണ്ടത്ത് ഉദ്യോഗസ്ഥർ വന്നുപോയി. ഇടയ്‌ക്ക് ഇൗ ചെറുപ്പക്കാർ മടിച്ചുനിന്ന അപൂർവ സന്ദർഭങ്ങളിൽപ്പോലും ജീവനക്കാർ അങ്ങോട്ടുചെന്ന് കാര്യങ്ങൾ ഉഷാറാക്കി. അങ്ങനെ എല്ലാ ഘട്ടത്തിലും സർക്കാർ കൈപിടിച്ച് കൂടെ നടത്തി. മാമലക്കണ്ടത്തെ പിള്ളേർക്ക് മുൻഗണന നൽകി എപ്പോഴും വിളിപ്പുറത്തെത്തിയും മുന്നിൽ വഴികാട്ടിയും സർക്കാർ സംവിധാനം ഒന്നാകെ അവരെ ചേർത്തു നിർത്തി.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ആരംഭിച്ച കെ സ്വിഫ്‌റ്റും കാര്യങ്ങൾ ലളിതമാക്കി. ഓ-ഫീസുകൾ കയറിയിറങ്ങാതെ വേണ്ടതെല്ലാം വിരൽത്തുമ്പിലെത്തിച്ചു. പേപ്പർവർക്കുകളും അനുമതികളും റിപ്പോർട്ട് സമർപ്പിക്കലും എല്ലാം ഞൊടിയിടയിൽ നടന്നു. ഓരോ ഘട്ടവും അവർക്ക് തന്നെ പരിശോധിക്കാനും ഫയൽ കടന്നുപോകുന്ന ഒരോ വഴികളും വ്യക്തമായി അറിയാനും സാധിച്ചു. ഇത്തരത്തിൽ അന്നോളം സർക്കാരിനെപ്പറ്റിയു-ം സർക്കാർ ഓഫ-ീസിനെപ്പറ്റിയുമുള്ള സങ്കൽപ്പവും പ്രതീക്ഷകളും അപ്പാടെ വ്യവസായ വകുപ്പും സർക്കാരും മാറ്റിമറിച്ചുവെന്ന് അമലും വിഷ്‌ണുവും തങ്ങളുടെ അനുഭവംകൊണ്ട് സാക്ഷ്യപ്പെടുത്തുന്നു. ഒരു ബ്രാൻഡ് എന്ന സ്വപ്‌നം യാഥാർഥ്യത്തിലേക്ക് എത്തിച്ചതിൽ സർക്കാരിന്റെ പിന്തുണ വിലമതിക്കാനാകാത്തതാണ് ഇൗ ചെറുപ്പക്കാർക്ക്. സഹായിക്കാനല്ല സർക്കാരുണ്ടായിരുന്നത്, മറിച്ച് ഒന്നിച്ച് മുന്നേറാനാണെന്ന് അവർക്കും ബോധ്യമായി.
ലോകമറിയണം, ഈ നന്മ
മാമലക്കണ്ടത്തെ ലോകത്തിന് പരിചയപ്പെടുത്തണമെന്ന ആഗ്രഹമാണ് ബ്രാൻഡിന് പിന്നിലുള്ളത്. ഒപ്പം നാടിനെയും നാട്ടുകാരെയും ചേർത്തുപിടിക്കണം എന്ന സ്‌നേഹവും. അങ്ങനെയാണ് തീവ്രമായ ആഗ്രഹത്തോടെ മാമലക്കണ്ടത്തിന്റെ കാട്‌ഫിൽ ആരംഭിച്ചത്. നിലവിൽ ഓൺലൈൻ വിപണനം മാത്രമാണുള്ളതെങ്കിലും ഭാവിയിൽ ഫുഡ് പ്രോസസ്സിങ് യൂണിറ്റ് അടക്കം തുടങ്ങി മൂല്യവർധിത ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാനാണ് ലക്ഷ്യം. അതുവഴി മാമലക്കണ്ടത്തെ വീട്ടമ്മമാർക്കുൾപ്പെടെ തൊഴിൽ നൽകുവാനും നാടിന് കരുത്തേകാനുമാണ് അമലും വിഷ്‌ണുവും ആഗ്രഹിക്കുന്നത്. ഗുണമേന്മയുമുള്ള ഉൽപ്പന്നങ്ങൾക്ക് നല്ല വിപണിസാധ്യതയുണ്ടെന്നതും ഇവരുടെ പ്രതീക്ഷയാണ്. കാട്‌ഫിൽ ഫുഡ് പ്രോസസ്സിങ് ഇൻഡസ്‌ട്രീസ് നാളെ മാമലക്കണ്ടത്തിന്റെ സ്വന്തം കമ്പനിയാക്കണമെന്നുറച്ച് മുന്നേറുകയാണിവർ. സാമ്പത്തിക പ്രതിസന്ധികളും ബാങ്ക് വായ്‌പകൾക്ക് തടസ്സങ്ങളും നേരിടുന്നെങ്കിലും അതെല്ലാം മറികടന്ന് ആഗോള ബ്രാൻഡായി മാമലക്കണ്ടത്തിന്റെ സ്വന്തം കാട്‌ഫില്ലിനെ മാറ്റാൻ ഒരുങ്ങുകയാണീ ചെറുപ്പക്കാർ.










0 comments