എഐയുടെ ‘കൺകെട്ട്’ കാലം

നുബ്സൺ തോട്ടത്തിൽ
Published on Sep 06, 2026, 01:30 AM | 2 min read
ഒരു കൈ മുന്നിലേക്ക് നീളുന്നു. ഒരു നിമിഷത്തെ മടിക്കുശേഷം മറ്റൊരു കൈ അതിനെ സ്വീകരിക്കുന്നു. ഒരു പുഞ്ചിരി; ഹസ്തദാനം. ഏതാനും സെക്കൻഡുകൾമാത്രം. കൊച്ചിയിലെ മൾട്ടിപ്ലെക്സ് തിയറ്റർ ഉദ്ഘാടനവേദിയിൽനിന്നുള്ള ഒരുദൃശ്യം സോഷ്യൽ മീഡിയയിലെത്തിയപ്പോൾ മലയാളി ആദ്യം ചോദിച്ചത് ‘എന്താണ് സംഭവിച്ചത്’ എന്നായിരുന്നില്ല. ‘ഇത് ശരിക്കും നടന്നതാണോ’ എന്നാണ്.
വർഷങ്ങൾക്കുശേഷം ഒരേ ഫ്രെയിമിലെത്തിയ ഇരുവരുടെയും ഹസ്തദാനം എഐ ഉപയോഗിച്ച് നിർമിച്ചതാണോ എന്ന സംശയം സോഷ്യൽ മീഡിയയിൽ പടർന്നു. ഇത് നമ്മുടെ കാലത്തിന്റെ വലിയൊരു ചോദ്യമാണ്. സാങ്കേതികവിദ്യ വളരുന്നതിനൊപ്പം കണ്ണുകളെപ്പോലും വിശ്വസിക്കാൻ കഴിയാത്ത കാലത്തേക്കാണോ നാം സഞ്ചരിക്കുന്നത്. കണ്ടാൽ വിശ്വസിക്കാം എന്നതായിരുന്നു മനുഷ്യന്റെ ഏറ്റവും ലളിതമായ സത്യപരിശോധന. ഇന്ന് ആ വിശ്വാസത്തിന്റെ അടിത്തറതന്നെ ഇളകുന്നു. കാരണം, നമ്മൾ കാണുന്ന ഒരു ദൃശ്യം യഥാർഥത്തിൽ സംഭവിച്ചതാണോ നിർമിതബുദ്ധികൊണ്ട് സൃഷ്ടിച്ചതാണോ എന്ന് തിരിച്ചറിയുക എളുപ്പമല്ല. അസാധാരണമായ എന്തെങ്കിലും കൺമുന്നിൽ സംഭവിച്ചാൽ അതിനെ അത്ഭുതത്തോടെ സ്വീകരിക്കുന്നതിന് പകരം എഐ ആയിരിക്കുമോ എന്ന് സംശയിക്കുന്ന മാനസികാവസ്ഥ.
ഒരു നിർദേശം നൽകിയാൽ സംഭവിക്കാത്ത രംഗങ്ങൾ സംഭവിച്ചതുപോലെ അവതരിപ്പിക്കാൻ കഴിയുന്ന സാങ്കേതികവിദ്യ ഇന്നുണ്ട്. ഡീപ്ഫേക്ക് സാങ്കേതികവിദ്യ യാഥാർഥ്യത്തെ നമ്മൾ എങ്ങനെ കാണുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്നതിനെത്തന്നെയാണ് ചോദ്യം ചെയ്യുന്നത്. എഐ വ്യാജമായ ദൃശ്യം യഥാർഥമെന്ന് തോന്നിപ്പിക്കുന്നതിൽ മാത്രമല്ല യഥാർഥമായതുപോലും വ്യാജമാണോ എന്ന് സംശയിപ്പിക്കുന്നതിലും വിജയിച്ചിരിക്കുന്നു. ഫാസിസ്റ്റ് ഭരണകൂടങ്ങൾ സിനിമയെയും ചരിത്രത്തെയും രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി വളച്ചൊടിച്ചിരുന്നെങ്കിൽ, ഇന്ന് ഒരു സ്മാർട്ട്ഫോണും എഐ ഉപകരണവും ഉപയോഗിച്ച് ആർക്കും ചരിത്രത്തെയും യാഥാർഥ്യത്തെയും വ്യാജമായി പുനർനിർമിക്കാം. എഐ ഇതിനകംതന്നെ കുറ്റകൃത്യങ്ങളുടെ ഉപകരണമായിട്ടുണ്ട്. ഡീപ്ഫേക്ക് വീഡിയോകളും വ്യാജ മുഖങ്ങളും കൃത്രിമ ശബ്ദങ്ങളും ഉപയോഗിച്ചുള്ള സാമ്പത്തികത്തട്ടിപ്പുകളും ആൾമാറാട്ടങ്ങളും ധാരാളം റിപ്പോർട്ട് ചെയ്യപ്പെടുന്നു.
ഭാവിയിൽ വാർത്തകളിലും കോടതികളിലും ദൃശ്യതെളിവുകളുടെ ആധികാരികത പരിശോധിക്കുന്നത് കൂടുതൽ സങ്കീർണമാകും. കാമറയിൽ പതിഞ്ഞു എന്നതുമാത്രം ഒരു ദൃശ്യം സത്യമാണെന്നതിന്റെ അവസാന തെളിവല്ലാത്ത കാലത്ത് സത്യം തിരിച്ചറിയാൻ മനുഷ്യന് എന്താണ് ചെയ്യാനുള്ളത്. കണ്ണുകളെ പൂർണമായി അവിശ്വസിക്കുകയല്ല പരിഹാരം; കാഴ്ചയെ പരിശോധിച്ച് വിശ്വസിക്കുക എന്നതാണ്. സംശയം അറിവിലേക്കുള്ള ആദ്യപടിയാണ്. എന്നാൽ തെളിവില്ലാത്ത സംശയം മറ്റൊരുതരത്തിലുള്ള തെറ്റായ വിവരമായി മാറുകയും ഒടുവിൽ ജനാധിപത്യത്തിനുതന്നെ ഭീഷണിയാകുകയും ചെയ്യാം. എഐ കാലത്തെ ഏറ്റവും ആവശ്യമായ കഴിവ് പുതിയൊരു സാങ്കേതികവിദ്യ ഉപയോഗിക്കാൻ അറിയുന്നതല്ല; ഒരു വിവരത്തെ വിശ്വസിക്കുന്നതിനു മുമ്പ് ശരിയായ ചോദ്യങ്ങൾ ചോദിക്കാൻ അറിയുന്നതാണ്.
അന്ന് തിയറ്ററിലെ ഇരുട്ടിലിരുന്ന് സ്ക്രീനിലേക്ക് നോക്കി നമ്മൾ ചോദിച്ചു: ‘ഇത് ജീവിതം തന്നെയല്ലേ’. ഇന്ന്, വെളിച്ചമുള്ള ലോകത്തേക്ക് ഇറങ്ങിനിന്ന് സ്വന്തം കണ്ണുകളെത്തന്നെ നോക്കി സംശയിക്കുന്നു: ഇതൊരു സിനിമയല്ലെന്ന് എന്താണ് ഉറപ്പ്. ഇന്ദ്രിയങ്ങളെപ്പോലും പൂർണമായി വിശ്വസിക്കാൻ കഴിയാത്ത കാലത്തേക്കാണ് നാം നീങ്ങുന്നത്. വരുംകാലത്ത് മനുഷ്യന് ഏറ്റവും ആവശ്യമുള്ളത് കൂടുതൽ വിവേകമാണ്.









0 comments