സ്ത്രീവിമോചനത്തിന്റെ ക്യൂബൻ മാതൃക

വില്‍മ എസ്പിന്‍
പി എസ് പൂഴനാട്
Published on Feb 22, 2026, 10:53 AM | 4 min read
"ക്യൂബൻ വനിതകളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടം വിപ്ലവത്തിനുള്ളിലെ മറ്റൊരു വിപ്ലവമായിരുന്നു. ആ പോരാട്ടത്തിന്റെ പാതയിൽ വിൽമയുടെ മുദ്രകൾ മായാതെ പതിഞ്ഞുകിടക്കുകയാണ്’-– ഫിദൽ കാസ്ട്രോ
ക്യൂബന്‍ വിപ്ലവത്തിന്റെയും സ്ത്രീവിമോചനത്തിന്റെയും ഒരിക്കലും അടങ്ങാത്ത പോരാട്ടവീറായിരുന്നു വില്‍മ എസ്പിന്‍. വിദ്യാര്‍ഥിനിയായിരുന്ന ഘട്ടത്തില്‍ത്തന്നെ ക്യൂബന്‍ പട്ടാള ഏകാധിപത്യത്തിനെതിരെ വില്‍മ പൊട്ടിത്തെറിച്ചുകൊണ്ടിരുന്നു. ക്യൂബയിലെ സമ്പന്നകുടുംബത്തിലായിരുന്നു അവര്‍ പിറന്നുവീണത്. എന്നാല്‍,സാധാരണ മനുഷ്യരുടെ വിമോചനത്തിനുവേണ്ടിയുള്ള വിപ്ലവപോരാട്ടങ്ങള്‍ക്കുവേണ്ടി സ്വന്തം ജീവിതത്തെ അവര്‍ മാറ്റിപ്പണിഞ്ഞു.
വിപ്ലവത്തിന്റെ വിജയത്തിനുശേഷം ക്യൂബന്‍ സമൂഹത്തെ എല്ലാ അര്‍ഥത്തിലും നീതിയുടെയും സമത്വത്തിന്റെയും തലങ്ങളിലേക്ക് അഴിച്ചുപണിയാനുള്ള പുതിയൊരു വിപ്ലവപ്രക്രിയക്ക് നേതൃത്വം വഹിച്ചവരില്‍ വില്‍മ എസ്പിന്റെ സ്ഥാനം നിസ്തുലമായിരുന്നു.
സ്ത്രീവിമോചനത്തിന്റെ പോരാട്ടവേദികളായിരുന്നു വില്‍മയുടെ മുഖ്യമായ പ്രവര്‍ത്തനമണ്ഡലം. സ്ത്രീകളുടെയും അടിച്ചമര്‍ത്തപ്പെട്ട എല്ലാ വിഭാഗം മനുഷ്യരുടെയും സമ്പൂര്‍ണമായ വിമോചനം സാധ്യമാകാതെ ഒരു വിപ്ലവത്തിനും സമഗ്രാര്‍ഥത്തില്‍ മുന്നേറാനാകില്ലെന്ന രാഷ്ട്രീയവും പ്രത്യയശാസ്ത്രപരമായ ബോധ്യങ്ങളുടെ തീച്ചൂളയുമായിരുന്നു അവരില്‍ നിരന്തരം കത്തിജ്വലിച്ചുകൊണ്ടിരുന്നത്. വിപ്ലവമൂല്യങ്ങളുടെയും നീതിയുടെയും സമത്വാദര്‍ശങ്ങളുടെയും കമ്യൂണിസ്റ്റ് കരുത്തായിരുന്നു വില്‍മയെ മുന്നോട്ടുനയിച്ചത്.
ബാറ്റിസ്റ്റയുടെ വിമര്‍ശക
1930 ഏപ്രില്‍ ഏഴിനായിരുന്നു ക്യൂബയിലെ സാന്റിയാഗോ ഡീ ക്യൂബയില്‍ വില്‍മ എസ്പിന്‍ പിറന്നത്. ഹോസെ എസ്പിന്‍ എന്ന സമ്പന്നനായ ക്യൂബന്‍ വക്കീലായിരുന്നു പിതാവ്. ക്യൂബയിലെ പ്രധാനപ്പെട്ട റം കമ്പനികളിലൊന്നായ ബര്‍ക്കാഡി റം കമ്പനിയുടെ വക്കീലായിരുന്നു അദ്ദേഹം. ഈ കമ്പനിയിലൂടെ ഫള്‍ജന്‍ഷിയോ ബാറ്റിസ്റ്റയുമായിട്ടും അദ്ദേഹത്തിന് പരിചയമുണ്ടായിരുന്നു. വില്‍മയുടെ കുട്ടിക്കാലം വിദ്യാഭ്യാസകേന്ദ്രീകൃതമായിരുന്നു. 1950-കളുടെ ആരംഭത്തില്‍ ക്യൂബയിലെ ഓറിയന്റെ യൂണിവേഴ്സിറ്റിയില്‍ കെമിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദപഠനത്തിനായി വില്‍മ എത്തി. ഈ പഠനത്തിനിടയിലാണ് രാഷ്ട്രീയബോധ്യങ്ങളുടെ തീക്കാറ്റുകള്‍ക്കൊപ്പം വില്‍മ സഞ്ചരിക്കാൻ ആരംഭിക്കുന്നത്.
ബാറ്റിസ്റ്റയുടെ അതിശക്തയായ വിമര്‍ശകയായി വില്‍മ മാറി. സോഷ്യലിസത്തിന്റെ ആശയാവലികള്‍ വില്‍മയെ കൂടുതല്‍ കൂടുതല്‍ ജ്വലിപ്പിച്ചുകൊണ്ടിരുന്നു. കെമിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം നേടിയശേഷം അമേരിക്കയിലെ മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളിയിലേക്കായിരുന്നു ബിരുദാനന്തര പഠനം. യഥാര്‍ഥത്തില്‍, കെമിക്കല്‍ എന്‍ജിനിയറിങ്ങില്‍ ആദ്യമായി ബിരുദം നേടുന്ന ക്യൂബന്‍ വനിതയായിരുന്നു വില്‍മ. പിതാവിന്റെ മനസ്സില്‍ മറ്റൊരു ലക്ഷ്യംകൂടി ഉണ്ടായിരുന്നു. വില്‍മയുടെ രാഷ്ട്രീയബോധ്യങ്ങളെയും ആക്ടിവിസത്തെയും അവസാനിപ്പിക്കുക.
ജൂലൈ 26 പ്രസ്ഥാനത്തില്‍
അമേരിക്കയിലെ പഠനത്തിനിടയില്‍ ആക്ടിവിസം കൂടുതല്‍ തീവ്രമാകുകയായിരുന്നു. അമേരിക്കന്‍ സാമ്രാജ്യത്വത്തോടുള്ള വെറുപ്പ് കൂടുതല്‍ തീക്ഷ്ണമായി. അമേരിക്കന്‍ സാമ്രാജ്യത്വവും ക്യൂബയിലെ പട്ടാള ഏകാധിപത്യവും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളുടെ രാഷ്ട്രീയപരിസരം വില്‍മയില്‍ കൂടുതല്‍ തെളിഞ്ഞുവന്നു. അതുകൊണ്ടുതന്നെ ക്യൂബയില്‍ അമേരിക്ക അവരോധിച്ചിരിക്കുന്ന പട്ടാള സ്വേച്ഛാധിപത്യത്തെ എത്രയുംവേഗം തകര്‍ത്തെറിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വില്‍മയ്ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അങ്ങനെ മസാച്ചുസെറ്റ്സിലെ പഠനം അവസാനിപ്പിച്ച് വില്‍മ ക്യൂബയിലേക്ക് യാത്രയായി. ക്യൂബയിലേക്കുള്ള യാത്രാമധ്യേ മെക്സിക്കോയില്‍ വച്ചായിരുന്നു വിപ്ലവപ്പോരാളികളായ ഫിദല്‍ കാസ്ട്രോയെയും ചെ ഗുവേരയെയും റൗള്‍ കാസ്ട്രോയെയും നേരില്‍ കാണുന്നത്. അങ്ങനെ ക്യൂബന്‍ വിപ്ലവത്തിനുവേണ്ടി രൂപീകരിക്കപ്പെട്ട ജൂലൈ 26 പ്രസ്ഥാനത്തില്‍ വില്‍മ എസ്പിനും ഔദ്യോഗികമായി അംഗമായിത്തീർന്നു.
ക്യൂബയില്‍ തിരിച്ചെത്തിയതിനുശേഷം ഓറിയന്റെ പ്രവിശ്യ കേന്ദ്രീകരിച്ച് ജൂലൈ 26 പ്രസ്ഥാനത്തിന്റെ ഏറ്റവും സമരോത്സുകയായ പ്രവര്‍ത്തകയായി വില്‍മ മാറി. ബാറ്റിസ്റ്റയുടെ പട്ടാള അതിക്രമങ്ങള്‍ കാരണം അഭയാര്‍ഥികളായി മാറിക്കൊണ്ടിരുന്ന മനുഷ്യരുടെ അഭയകേന്ദ്രമായും വില്‍മയുടെ വാസസ്ഥലം മാറി. മെക്സിക്കോയില്‍ കഴിയുന്ന ക്യൂബന്‍ വിപ്ലവകാരികളും ക്യൂബയിലെ ജൂലൈ 26 പ്രസ്ഥാനവും തമ്മിലുള്ള ആശയവിനിമയങ്ങളുടെ മുഖ്യവാഹകയായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതും വില്‍മയായിരുന്നു. മെക്സിക്കോയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ജൂലൈ 26 പ്രസ്ഥാനം ക്യൂബയില്‍ എത്തിച്ചേര്‍ന്നതിനുശേഷം സിയേറ മെയ്സ്ട്രയിലെ മലനിരകളിലായിരുന്നു വില്‍മയും തന്റെ പ്രവര്‍ത്തനങ്ങളെ കേന്ദ്രീകരിച്ചത്.
ഫിദല്‍ കാസ്ട്രോയും റൗള്‍ കാസ്ട്രോയും ചെ ഗുവേരയും സീലിയ സാഞ്ചസും ഹെയ്ദീ സാന്താമരിയയും വില്‍മ എസ്പിനും തുടങ്ങി നിരവധി വിപ്ലവപ്പോരാളികളുടെ നേതൃത്വത്തില്‍ സിയേറാ മെയ്സ്ട്രാ മലനിരകളില്‍ വിപ്ലവപോരാട്ടം കടുത്തുകൊണ്ടിരുന്നു. തൊഴിലാളികളും കര്‍ഷകരും വിദ്യാര്‍ഥികളും യുവാക്കളും ബുദ്ധിജീവികളും ആ പോരാട്ടങ്ങളോടൊപ്പം ക്യൂബന്‍ മണ്ണില്‍ അണിനിരന്നു. ബാറ്റിസ്റ്റയുടെ ഏകാധിപത്യവാഴ്ചയ്ക്കെതിരെ ക്യൂബന്‍ പോരാളികള്‍ തൊടുത്തുവിട്ടുകൊണ്ടിരുന്ന സമരാവേശത്തെ തണുപ്പിക്കാന്‍ ക്യൂബന്‍ പട്ടാളത്തിന്റെയും പിന്തിരിപ്പന്‍ ശക്തികളുടെയും ഒരായുധങ്ങള്‍ക്കും കഴിഞ്ഞില്ല. ഒടുവില്‍ ബാറ്റിസ്റ്റയ്ക്ക് ക്യൂബയില്‍നിന്ന് ഓടിപ്പോകേണ്ടിവന്നു. ക്യൂബയില്‍ വിപ്ലവത്തിന്റെ പുതിയൊരു സോഷ്യലിസ്റ്റ് പ്രഭാതം അങ്ങനെയാണ് പിറന്നുവീണത്.

സ്ത്രീവിമോചനവാദി
ബാറ്റിസ്റ്റയ്ക്കെതിരെയുള്ള വിപ്ലവപ്പോരാട്ടങ്ങളിലൂടെ ക്യൂബയുടെ ചരിത്രത്തിലാദ്യമായി സ്ത്രീകള്‍ രാഷ്ട്രീയപ്രക്രിയയുടെ മുന്നണികളിലേക്ക് എത്തപ്പെടുകയായിരുന്നു. സ്ത്രീകളുടെ സര്‍വതലസ്പര്‍ശിയായ സാന്നിധ്യമില്ലാതെ ഒരു വിപ്ലവപ്രക്രിയക്കും അതിന്റെ സമഗ്രാര്‍ഥത്തില്‍ മുന്നോട്ടുനീങ്ങാനാകില്ലെന്ന് വിപ്ലവഘട്ടത്തില്‍ത്തന്നെ എല്ലാവർക്കും ബോധ്യമുണ്ടായിരുന്നു.
വില്‍മ എസ്പിനാകട്ടെ റാഡിക്കലായ ഒരു സ്ത്രീവിമോചനവാദികൂടിയായിരുന്നു. സ്ത്രീകളുടെ തുല്യതയെക്കുറിച്ചും സോഷ്യലിസ്റ്റ് പ്രക്രിയയില്‍ സ്ത്രീപങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വളരെ ആഴത്തിലുള്ള കാഴ്ചപ്പാടുകളും ഉൾക്കാഴ്ചകളും അവര്‍ക്കുണ്ടായിരുന്നു. ഇതിന്റെയൊരു സമഗ്രതയില്‍വച്ചായിരുന്നു 1960-ല്‍ ഫെഡറേഷന്‍ ഓഫ് ക്യൂബന്‍ വിമെന്‍ എന്ന സംഘടന രൂപീകരിക്കപ്പെട്ടത്. ഫിദല്‍ കാസ്ട്രോയുടെ നേതൃത്വത്തിലുള്ള വിപ്ലവസര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ രൂപീകരിക്കപ്പെട്ട ഈ വനിതാപ്രസ്ഥാനത്തിന്റെ ആദ്യത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതാകട്ടെ വില്‍മ എസ്പിനായിരുന്നു. തുടര്‍ന്ന് 2007ല്‍ മരണത്തിനു കീഴടങ്ങുന്നതുവരെ സ്ത്രീവിമോചനത്തിന്റെ ഏറ്റവും ആവേശകരമായ പ്രവര്‍ത്തനപഥങ്ങളിലൂടെയായിരുന്നു വില്‍മ എസ്പിന്‍ കടന്നുപൊയ്ക്കൊണ്ടിരുന്നത്.
സാക്ഷരതാ പ്രവര്‍ത്തനം
വിപ്ലവാനന്തരം ക്യൂബയില്‍ അരങ്ങേറിയ ഏറ്റവും ജനകീയമായ ഇടപെടലുകളിലൊന്നായിരുന്നു സാക്ഷരതാ പ്രവര്‍ത്തനം. ക്യൂബന്‍ മണ്ണില്‍നിന്ന് നിരക്ഷരതയെ ഉന്മൂലനം ചെയ്യലായിരുന്നു ലക്ഷ്യം. ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ ക്യൂബയില്‍നിന്ന് നിരക്ഷരതയെ തുടച്ചുമാറ്റാനുള്ള പ്രവര്‍ത്തനപദ്ധതികള്‍ക്ക് വിപ്ലവവിജയത്തെ തുടര്‍ന്നുള്ള ദിനങ്ങളില്‍ ഫിദല്‍ കാസ്ട്രോയും വിപ്ലവകാരികളും രൂപംനല്‍കി. അതിവിപുലമായ സാക്ഷരതാ പ്രവര്‍ത്തനത്തില്‍ ഫെഡറേഷന്‍ ഓഫ് ക്യൂബന്‍ വിമെന്‍ വഹിച്ച പങ്ക് ആഴത്തിലുള്ളതായിരുന്നു. നിരക്ഷരരായ സ്ത്രീകളെ കണ്ടെത്തലും സാക്ഷരതാ പ്രവര്‍ത്തനങ്ങളില്‍ അവരെ പങ്കാളികളാക്കലും ഫെഡറേഷന്റെ ഉത്തരവാദിത്വമായിരുന്നു. ഒരുലക്ഷത്തോളം നിരക്ഷരരായ വനിതകളെ സാക്ഷരതയുടെ തെളിച്ചത്തിലേക്ക് ഫെഡറേഷന്‍ കൈപിടിച്ചുനടത്തി. പതിനായിരക്കണക്കിന് വനിതകളും പെണ്‍കുട്ടികളും അധ്യാപകരായി അണിനിരന്നു. അങ്ങനെ 1961, ഡിസംബര്‍ 22ന് നിരക്ഷരരില്ലാത്ത രാജ്യമായി ക്യൂബ പ്രഖ്യാപിക്കപ്പെട്ടു. അന്ന് നിരക്ഷരതയില്‍നിന്ന് സാക്ഷരതയുടെ പുതിയ ലോകത്തിലേക്ക് നടന്നുകയറിയ മനുഷ്യരില്‍ 55 ശതമാനംപേരും സ്ത്രീകളായിരുന്നു.
സ്ത്രീകളെ വീടിന്റെ അകത്തളങ്ങളില്‍നിന്ന് പുറത്തുകൊണ്ടുവരുന്നതിലും സമ്പദ്ഘടനയുടെ നിര്‍മാണാത്മകതയില്‍ അവരെ പങ്കാളികളാക്കുന്നതിലും ഫെഡറേഷന്‍ ഓഫ് ക്യൂബന്‍ വിമെന്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചു. അനുസരണയുടെയും അസ്വാതന്ത്ര്യത്തിന്റെയും ഇടങ്ങളായി നിലനിന്നിരുന്ന വീട്ടകങ്ങളെ പുനഃസംഘാടനം ചെയ്യുകയും സ്ത്രീയുടെയും പുരുഷന്റെയും തുല്യമായ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്തു. വീട്ടകങ്ങളിലെ ജോലികളും കുട്ടികളുടെ സംരക്ഷണവും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യപങ്കാളിത്തമുള്ള ഒന്നാക്കി പരിവര്‍ത്തിപ്പിച്ചു. എല്ലാ ഇടങ്ങളിലും സ്ത്രീകളുടെ തുല്യപങ്കാളിത്തം ഉറപ്പുവരുത്തി.
രാഷ്ട്രീയപ്രക്രിയകളിലേക്കും ഭരണനിര്‍വഹണരംഗങ്ങളിലേക്കും സ്ത്രീകളെ കൂടുതല്‍ കൂടുതലായി ഉൾച്ചേർത്തുകൊണ്ടിരുന്നു. സ്ത്രീകളുടെ ശാരീരികവും മാനസികവുമായ താല്‍പ്പര്യങ്ങള്‍ക്ക് ഒത്തുപോകുന്ന നിലകളില്‍ തൊഴിലിടങ്ങളെ പുനക്രമീകരിച്ചു. ഇങ്ങനെ ക്യൂബന്‍ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും അടിസ്ഥാനപരമായ പുനക്രമീകരണം വരുത്തിക്കൊണ്ടാണ് സ്ത്രീജീവിതങ്ങളുടെ തുല്യതയും പങ്കാളിത്തവും നേതൃത്വവും ക്യൂബയില്‍ ഉറപ്പുവരുത്തിക്കൊണ്ടിരിക്കുന്നത്. സ്ത്രീവിമോചനപ്രക്രിയയുടെ എല്ലാ അടരുകളിലും വില്‍മ എസ്പിന്റെ കൈമുദ്രകള്‍ ആഴത്തില്‍ പതിഞ്ഞുകൊണ്ടിരിക്കുകയും ചെയ്തു. 1965-ല്‍ത്തന്നെ ഗര്‍ഭഛിദ്രത്തിനുള്ള അവകാശവും ക്യൂബയില്‍ നിയമവിധേയമായിരുന്നു.
53.2 ശതമാനം സ്ത്രീപ്രാതിനിധ്യം
ക്യൂബന്‍ പാര്‍ലമെന്റില്‍ ഇപ്പോള്‍ ആകെ 605 അംഗങ്ങളാണുള്ളത്. അതില്‍ 322 അംഗങ്ങളും സ്ത്രീകളാണ്. അതായത് 53.2 ശതമാനം സ്ത്രീപ്രാതിനിധ്യം. ആഫ്രോ-ക്യൂബന്‍ വംശജരുടെ പ്രാതിനിധ്യമാകട്ടെ 40 ശതമാനമാണ്. പാര്‍ലമെന്റിൽമാത്രമല്ല വിദ്യാഭ്യാസം, ആരോഗ്യം, സയന്‍സ്, മെഡിസിന്‍ തുടങ്ങി ജീവിതത്തിന്റെ എല്ലാ തുറകളിലും ക്യൂബന്‍ സ്ത്രീകളുടെ പങ്കാളിത്തം അത്ഭുതകരമാംവിധം ഉയരത്തിലാണ്. ക്യൂബന്‍ വിപ്ലവം സമ്മാനിച്ച ഉദാത്തമായ മാതൃകയാണിത്. ഈയൊരു മാതൃക സൃഷ്ടിക്കുന്നതില്‍ വില്‍മ എസ്പിന്‍ എന്ന കമ്യൂണിസ്റ്റ് വഹിച്ച പങ്ക് അതുല്യമായിരുന്നു.
1965 മുതല്‍ 1989 വരെ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേന്ദ്രകമ്മിറ്റി അംഗമെന്ന നിലയിലായിരുന്നു വില്‍മ എസ്പിന്‍ തന്റെ പാര്‍ടി ചുമതലകള്‍ നിര്‍വഹിച്ചുകൊണ്ടിരുന്നത്. അതോടൊപ്പം ക്യൂബന്‍ സര്‍ക്കാരിന്റെ വിവിധതലങ്ങളിലും അവര്‍ പ്രവര്‍ത്തിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയില്‍ ക്യൂബന്‍ പ്രതിനിധിയായും അവര്‍ അണിചേർന്നു. ഇങ്ങനെ എല്ലാ തലങ്ങളിലും അവിരാമമായി നിറഞ്ഞുനിന്ന ആ വിപ്ലവവനിത 2007 ജൂണ്‍ 18ന് മരണത്തിന് കീഴടങ്ങി. വിപ്ലവപോരാളിയും ക്യൂബന്‍ പ്രസിഡന്റുമായിരുന്ന റൗള്‍ കാസ്ട്രോ ആണ് വില്‍മയുടെ ജീവിതപങ്കാളി. ക്യൂബയിലെ എല്‍ജിബിടി പോരാളിയും ക്യൂബന്‍ നാഷണല്‍ സെന്റർ ഫോര്‍ സെക്സ് എഡ്യുക്കേഷന്‍ ഡയറക്ടറുമായ മരീലാ കാസ്ട്രോ എസ്പിന്‍ മകളാണ്.










0 comments